വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിൽ സുരക്ഷാ വീഴ്ച: പ്രസിഡന്റ് ട്രംപ് സുരക്ഷിതൻ; ഷൂട്ടർ പിടിയിൽ
വാഷിങ്ടൺ ഡി.സി: വാഷിങ്ടണിൽ നടക്കുന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ (WHCA) അത്താഴവിരുന്നിനിടെയുണ്ടായ വെടിവെപ്പിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വേദിയിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിലെ ബോൾറൂമിൽ നടന്ന പരിപാടിക്കിടെയാണ് നാടകീയമായ സംഭവവികാസങ്ങൾ അരങ്ങേറിയത്. പ്രസിഡന്റ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ മിന്നൽവേഗത്തിൽ കീഴ്പ്പെടുത്തി.
വേദിയിലെ മുൻനിരയിൽ ഇരിക്കുകയായിരുന്ന പ്രസിഡന്റിനെയും കുടുംബത്തെയും സീക്രട്ട് സർവീസ് ഏജന്റുമാർ വളരെ വേഗത്തിലാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. വെടിവെപ്പുണ്ടായ ഉടനെ പരിഭ്രാന്തരായ അതിഥികൾ ഹാളിലെ മേശകൾക്കടിയിൽ അഭയം പ്രാപിച്ചു.
‘പരിപാടി തുടരണമെന്ന് ഞാൻ ആഗ്രഹിച്ചു’
സംഭവത്തിൽ സീക്രട്ട് സർവീസിനെയും പൊലീസിനെയും പ്രശംസിച്ച് പ്രസിഡന്റ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ (Truth Social) പ്രതികരിച്ചു.
“ഡി.സിയിൽ തികച്ചും സംഭവബഹുലമായ ഒരു സായാഹ്നം. സീക്രട്ട് സർവീസും നിയമപാലകരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അവർ വളരെ വേഗത്തിലും ധീരതയോടെയും പ്രവർത്തിച്ചു,” ട്രംപ് കുറിച്ചു. അക്രമിയെ പിടികൂടിയതായും, പരിപാടി തുടരാൻ (‘LET THE SHOW GO ON’) താൻ നിർദ്ദേശിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രോട്ടോക്കോൾ പൂർണ്ണമായി പാലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമപാലകരുടെ നിർദ്ദേശപ്രകാരം പരിപാടി നടക്കുന്ന ഹോട്ടലിൽ നിന്ന് തങ്ങൾ മടങ്ങുകയാണെന്നും, വൈറ്റ് ഹൗസിൽ പ്രത്യേക വാർത്താസമ്മേളനം നടത്തുമെന്നും ട്രംപ് മറ്റൊരു പോസ്റ്റിൽ അറിയിച്ചു. തടസ്സപ്പെട്ട അത്താഴവിരുന്ന് അടുത്ത 30 ദിവസത്തിനുള്ളിൽ വീണ്ടും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദൃക്സാക്ഷി വിവരണം
പരിപാടി ആരംഭിച്ച് അധികനേരം കഴിയുന്നതിന് മുൻപാണ് വെടിയൊച്ചകൾ കേട്ടത്. സൈനിക ഉദ്യോഗസ്ഥയും അത്താഴവിരുന്നിലെ അതിഥിയുമായ എറിൻ തീൽമാൻ എന്ന യുവതി, തന്റെ മകനെ ഫോൺ വിളിക്കാനായി ഹാളിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് വലിയ ശബ്ദങ്ങൾ കേട്ടത്. തോക്കും മാഗസിനുകളുമായി ഒരാൾ തന്റെ മുൻപിൽ താഴേക്ക് വീഴുന്നത് കണ്ടതായും, ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ തോക്കുകളുമായി പാഞ്ഞെത്തിയതായും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
2011-ന് ശേഷം ഇതാദ്യമായാണ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിൽ പങ്കെടുക്കുന്നത്. മാധ്യമങ്ങളും ട്രംപ് ഭരണകൂടവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ വാർഷിക പരിപാടി സംഘടിപ്പിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. സംഭവത്തെക്കുറിച്ച് ഡി.സി പോലീസും എഫ്.ബി.ഐയും (FBI) സീക്രട്ട് സർവീസും സംയുക്തമായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
News by
Sajin Thiruvallam
News Editor

News Editor