ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തി മരിച്ചു: എന്ന് ഡൊണാൾഡ് ട്രംപ്;ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ്
വാഷിംഗ്ടൺ/ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ കനത്ത വ്യോമാക്രമണങ്ങൾക്കൊടുവിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ (Truth Social) അദ്ദേഹം ഈ വിവരം ലോകത്തെ അറിയിച്ചത്. “ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായ ഖമേനി മരിച്ചു,” എന്ന് കുറിച്ച ട്രംപ്, മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണായക ചുവടുവെപ്പാണിതെന്നും വ്യക്തമാക്കി.
“ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, അമേരിക്കക്കാർക്കും, ഖമേനിയുടെയും അയാളുടെ രക്തദാഹികളായ കൂട്ടാളികളുടെയും ക്രൂരതകൾക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ട ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണ്,” ട്രംപ് തന്റെ പ്രസ്താവനയിൽ പറഞ്ഞു. പശ്ചിമേഷ്യയിലും ലോകമെമ്പാടും പൂർണ്ണ സമാധാനം കൈവരിക്കുക എന്ന ലക്ഷ്യം നേടുന്നത് വരെ, ഈ വാരം മുഴുവനോ അല്ലെങ്കിൽ എത്രനാൾ വേണ്ടിവരുന്നോ അത്രയും കാലം ഇറാനിലെ ബോംബിങ് ഇടവേളകളില്ലാതെ തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ് ശക്തമായ മുന്നറിയിപ്പ് നൽകി.
ഇറാനിയൻ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരികെ പിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്ന് വിശേഷിപ്പിച്ച ട്രംപ്, ഭരണമാറ്റത്തിനുള്ള ആഹ്വാനവും നടത്തിയിട്ടുണ്ട്. ഇറാന്റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡും പോലീസും സാധാരണ പൗരന്മാർക്കൊപ്പം ചേർന്ന് രാജ്യത്തെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിന്റെ സ്ഥിരീകരണം: ഖമേനിയുടെ വസതി പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും അദ്ദേഹം ഇനി ഇല്ലെന്നുമുള്ളതിൻ്റെ “നിരവധി സൂചനകൾ” ലഭിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അവകാശപ്പെട്ടു. ഖമേനിയുടെ മരണം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ ഇൻ്റലിജൻസിന് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
വാർത്ത നിഷേധിച്ച് ഇറാൻ: എന്നാൽ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ഈ അവകാശവാദങ്ങൾ ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. പ്രസിഡന്റും പരമോന്നത നേതാവും സുരക്ഷിതരാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം നൽകുന്ന വിശദീകരണം. എങ്കിലും ആക്രമണം തുടങ്ങിയതിന് ശേഷം ഖമേനിയെ പൊതുവേദികളിലോ മാധ്യമങ്ങളിലോ കണ്ടിട്ടില്ലെന്നത് അഭ്യൂഹങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്.