ക്വീൻസ്ലാൻഡ് യാത്രികർക്ക് ആശ്വാസം; സുരക്ഷിത യാത്രയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു
ബ്രിസ്ബെയ്ൻ: ക്വീൻസ്ലാൻഡിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി 30.2 ദശലക്ഷം ഡോളറിന്റെ നിർണ്ണായക പ്രഖ്യാപനവുമായി ആൽബനീസീ സർക്കാർ. 2026-27 വർഷത്തെ ‘ബ്ലാക്ക് സ്പോട്ട് പ്രോഗ്രാം’ (Black Spot Program) ഫണ്ടിംഗിലൂടെ സംസ്ഥാനത്തെ 44 പ്രധാന കേന്ദ്രങ്ങളിലാണ് സുരക്ഷാ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇതിനുപുറമെ, രണ്ട് പദ്ധതികൾക്കായി പ്രാദേശിക കൗൺസിലുകൾ 3.1 ദശലക്ഷം ഡോളർ സ്വന്തം നിലയ്ക്കും വകയിരുത്തും.
എന്താണ് ബ്ലാക്ക് സ്പോട്ട് പദ്ധതി?
നിരന്തരമായി റോഡപകടങ്ങൾ നടക്കുന്നതോ, വലിയ അപകടസാധ്യതയുള്ളതോ ആയ സ്ഥലങ്ങളെ കണ്ടെത്തി അവിടെ അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്ന ഫെഡറൽ സർക്കാരിന്റെ പദ്ധതിയാണ് ബ്ലാക്ക് സ്പോട്ട്. ഈ ഫണ്ട് ഉപയോഗിച്ച് അപകടമേഖലകളിൽ ട്രാഫിക് ലൈറ്റുകൾ, സുരക്ഷാ ബാരിയറുകൾ, റൗണ്ട് എബൗട്ടുകൾ, സുരക്ഷിതമായ കാൽനട ക്രോസിംഗുകൾ എന്നിവ നിർമ്മിക്കും. കൂടാതെ റോഡുകളുടെ വീതി കൂട്ടുന്നതിനും ദിശാബോർഡുകളും വഴിവിളക്കുകളും സ്ഥാപിക്കുന്നതിനും ഈ തുക വിനിയോഗിക്കും.
ക്വീൻസ്ലാൻഡ് ബ്ലാക്ക് സ്പോട്ട് കൺസൾട്ടേറ്റീവ് പാനലാണ് നവീകരണം വേണ്ട ഈ 44 സ്ഥലങ്ങൾ സർക്കാരിന് മുന്നിൽ ശുപാർശ ചെയ്തത്. പൊതുജനങ്ങൾക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കും ലോക്കൽ കൗൺസിലുകൾക്കും അപകടസാധ്യതയുള്ള സ്ഥലങ്ങൾ ഈ പദ്ധതിയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ അവസരമുണ്ട്.
ദേശീയ റോഡ് സുരക്ഷാ തന്ത്രത്തിന്റെ ഭാഗം ഓസ്ട്രേലിയയിലുടനീളം റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി എല്ലാ വർഷവും 150 ദശലക്ഷം ഡോളറാണ് ഈ പദ്ധതിക്കായി ഫെഡറൽ സർക്കാർ നീക്കിവെക്കുന്നത്. രാജ്യത്തെ റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 2021-2030 ദേശീയ റോഡ് സുരക്ഷാ തന്ത്രത്തിന്റെ (National Road Safety Strategy) സുപ്രധാന ഭാഗമാണിത്.
മന്ത്രിമാരുടെ പ്രതികരണം:
കുറഞ്ഞ ചെലവിൽ നടപ്പിലാക്കുന്ന ഈ അടിസ്ഥാന സൗകര്യ വികസനങ്ങൾ റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കാൻ ഏറെ സഹായിക്കുമെന്ന് പ്രാദേശിക വികസന-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ക്രിസ്റ്റി മക്ബെയ്ൻ വ്യക്തമാക്കി. ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും കൂടുതൽ സുരക്ഷിതമായ യാത്ര ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, ഇതിലൂടെ രാജ്യത്തെ റോഡപകടങ്ങൾ വലിയ തോതിൽ കുറയ്ക്കാൻ കഴിയുമെന്നും അസിസ്റ്റന്റ് മന്ത്രി സെനറ്റർ ആന്റണി ചിസോം പറഞ്ഞു.
പ്രാദേശിക റോഡുകളെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്ന പൊതുജനങ്ങളും കൗൺസിലുകളുമാണ് ഈ പദ്ധതികൾ നിർദ്ദേശിച്ചതെന്നും, അവരുടെ സഹകരണത്തിന് നന്ദി പറയുന്നതായും ക്വീൻസ്ലാൻഡ് ബ്ലാക്ക് സ്പോട്ട് പാനൽ ചെയർമാനായ ഷെയ്ൻ ന്യൂമാൻ എംപി അറിയിച്ചു.
News by
Sajin Thiruvallam
News Editor

News Editor