ഓസ്‌ട്രേലിയയിൽ ഏറ്റവും അപകടം പിടിച്ച റോഡുകളുടെ പുതിയ ലിസ്റ്റ് പുറത്ത്
Photo: AI-Generated
ഓസ്‌ട്രേലിയയിലെ ഏറ്റവും അപകടം പിടിച്ച റോഡുകളുടെ പട്ടികയിൽ മെൽബൺ വീണ്ടും മുന്നിലെത്തി. 2025-ൽ ലഭിച്ച 3.9 ലക്ഷത്തിലധികം ഇൻഷുറൻസ് ക്ലെയിമുകൾ വിശകലനം ചെയ്ത് തയ്യാറാക്കിയ 2026 ആമി ക്രാഷ് ഇൻഡക്സിലാണ് (AAMI Crash Index 2026) ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ എട്ട് വർഷമായി ഒന്നാം സ്ഥാനത്തായിരുന്ന ബുണ്ടൂറയിലെ പ്ലെന്റി റോഡിനെ പിന്തള്ളി ഇത്തവണ ഗ്ലെൻ വേവർലിയിലെ സ്പ്രിംഗ്‌വേൽ റോഡാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന റോഡായി മാറിയത്. ഓസ്‌ട്രേലിയയിലെ ആദ്യ പത്ത് അപകട മേഖലകളിൽ ഒൻപതും മെൽബണിലാണെന്നത് യാത്രാക്കാരുടെ ആശങ്ക വർധിപ്പിക്കുന്നു.

അപകടങ്ങളുടെ പ്രധാന കാരണം അമിതവേഗതയല്ല
അമിതവേഗതയേക്കാൾ ദൈനംദിന ഡ്രൈവിംഗിലെ ചെറിയ അശ്രദ്ധകളാണ് മെൽബണിലെ റോഡുകളെ അപകടക്കെണിയാക്കുന്നത്. തൊട്ടു മുന്നിലുള്ള വാഹനത്തിൽ ഇടിക്കുന്ന ‘നോസ്-ടു-ടെയിൽ’ (nose-to-tail) അപകടങ്ങളാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

തിരക്കേറിയ റോഡുകൾ, ഒന്നിലധികം ലൈനുകൾ, ട്രാഫിക് ലൈറ്റുകൾ എന്നിവയുള്ളയിടങ്ങളിൽ ഡ്രൈവർമാർക്ക് ഉണ്ടാകുന്ന ശ്രദ്ധക്കുറവാണ് ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നത്. ഡോൺകാസ്റ്റർ റോഡൊഴികെ മറ്റ് പ്രധാന പാതകളിലെല്ലാം ഇതേ രീതിയിലുള്ള അപകടങ്ങളാണ് നടക്കുന്നത്.
ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന മേഖലകൾ
മെൽബണിലെ ഏറ്റവും വലിയ അപകട മേഖലയായ ഗ്ലെൻ വേവർലിയിലെ സ്പ്രിംഗ്‌വേൽ റോഡ് നിരവധി ഇന്ത്യക്കാരും മലയാളികളും തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. ഈ പ്രദേശത്തെ ഷോപ്പിംഗ് സെന്ററുകളിലേക്കും സ്കൂളുകളിലേക്കും നിത്യേന യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
നിങ്ങളുടെ ശ്രദ്ധയ്ക്ക്: തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾക്കിടയിൽ കൃത്യമായ അകലം പാലിക്കുകയും, പ്രധാന ജംഗ്ഷനുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യുക.
നിങ്ങളുടെ ദൈനംദിന യാത്രാവഴികൾ ഈ അപകട മേഖലകളിൽ ഉൾപ്പെടുന്നുണ്ടോ? നിങ്ങളുടെ അനുഭവങ്ങൾ താഴെ കമന്റ് ബോക്സിൽ പങ്കുവെക്കുക.
News by
Sajin Thiruvallam
News Editor

News Editor