ഓസ്ട്രേലിയക്ക് പുതിയ ഇന്ധന സുരക്ഷാ പാക്കേജ്
കാൻബെറ: ഓസ്ട്രേലിയയുടെ ഊർജ്ജ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി 10 ബില്യൺ ഡോളറിന്റെ (ഏകദേശം 1,000 കോടി) ‘ഓസ്ട്രേലിയൻ ഫ്യൂവൽ സെക്യൂരിറ്റി ആൻഡ് റെസിലിയൻസ് പാക്കേജ്’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ സർക്കാർ. അടുത്തയാഴ്ച അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിൽ ഈ സുപ്രധാന പദ്ധതി ഉൾപ്പെടുത്തും. ആഗോളതലത്തിൽ വിതരണ തടസ്സങ്ങൾ ഉണ്ടായാൽ പോലും രാജ്യത്തെ ഇന്ധന, വളം വിതരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ പാക്കേജ് പ്രകാരം, രാജ്യത്തിന്റെ മൊത്തത്തിലുള്ള ഇന്ധന ശേഖരം കുറഞ്ഞത് 50 ദിവസത്തെ ആവശ്യങ്ങൾക്കുള്ളതായി ഉയർത്തും.
ഫ്യൂവൽ ആൻഡ് ഫെർട്ടിലൈസർ സെക്യൂരിറ്റി ഫെസിലിറ്റി: 7.5 ബില്യൺ ഡോളർ ചിലവഴിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ വായ്പകൾ, ഇൻഷുറൻസ് തുടങ്ങിയ സാമ്പത്തിക സഹായങ്ങൾ നൽകി ഇന്ധനത്തിന്റെയും വളത്തിന്റെയും സംഭരണവും വിതരണവും സുഗമമാക്കും.
ഓസ്ട്രേലിയൻ ഫ്യൂവൽ സെക്യൂരിറ്റി റിസർവ്: 3.2 ബില്യൺ ഡോളർ വകയിരുത്തി സർക്കാരിന്റെ ഉടമസ്ഥതയിൽ ഒരു ബില്യൺ ലിറ്റർ ശേഷിയുള്ള കരുതൽ ശേഖരം രൂപീകരിക്കും. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രാദേശിക തലത്തിലുള്ള അവശ്യ ഉപഭോക്താക്കൾക്ക് ഡീസലും വ്യോമയാന ഇന്ധനവും ഉറപ്പാക്കാനാണിത്.
മിനിമം സ്റ്റോക്ക്ഹോൾഡിംഗ് ഒബ്ലിഗേഷൻ (MSO): വ്യവസായ സ്ഥാപനങ്ങൾ സൂക്ഷിക്കേണ്ട കുറഞ്ഞ ഇന്ധന ശേഖരണ പരിധി 10 ദിവസത്തേക്ക് കൂടി വർദ്ധിപ്പിക്കും. ഇതിന്റെ നടത്തിപ്പിനായി നാല് വർഷത്തേക്ക് 34.7 മില്യൺ ഡോളർ അനുവദിച്ചിട്ടുണ്ട്.
റിഫൈനറികളുടെ നവീകരണം: പുതിയ ഇന്ധന ശുദ്ധീകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും നിലവിലുള്ളവയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള സാധ്യതാ പഠനങ്ങൾക്കായി സംസ്ഥാന സർക്കാരുകളുമായി ചേർന്ന് 10 മില്യൺ ഡോളർ ചിലവഴിക്കും.
വിതരണ ശൃംഖലയിലുണ്ടാകുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യത്തെ സജ്ജമാക്കുന്ന ഈ വമ്പൻ പാക്കേജിന്റെ കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്ന ഫെഡറൽ ബജറ്റിൽ വ്യക്തമാക്കും.
News by
Sajin Thiruvallam
News Editor

News Editor