അഡലൈഡിനെ ഭക്തിസാന്ദ്രമാക്കി ‘നന്ദഗോവിന്ദം ഭജൻസ്’; ഓസ്‌ട്രേലിയൻ പര്യടനം ഗംഭീരമായി തുടരുന്നു
അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയിലെ ആത്മീയ-സാംസ്കാരിക വേദികളിൽ ഭക്തിയുടെ പുതുതരംഗം സൃഷ്ടിച്ച് പ്രശസ്ത സംഗീത സംഘമായ ‘നന്ദഗോവിന്ദം ഭജൻസി’ന്റെ ‘ഗ്ലോബൽ ഭജൻ യാൻ 2026’ (Global Bhajan Yaan 2026) പര്യടനം ആവേശകരമായി പുരോഗമിക്കുന്നു. സംഗീതവും ഭക്തിയും ഇഴചേർന്ന ഈ ആത്മീയ യാത്രയുടെ ഭാഗമായി വെള്ളിയാഴ്ച അഡ്ലെയ്ഡിൽ നടന്ന സംഗീതവിരുന്ന് അക്ഷരാർത്ഥത്തിൽ പ്രവാസി മലയാളികൾക്ക് ഒരു അവിസ്മരണീയ അനുഭവമായി മാറി.

കേരള ഹിന്ദു സൊസൈറ്റി മെൽബണിന്റെ (KHSM Community & Culture) നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അഡ്ലെയ്ഡിലെ നോർവുഡ് കോൺസേർട്ട് ഹാളിൽ വെച്ചായിരുന്നു ഭജന സന്ധ്യ അരങ്ങേറിയത്. വൈകുന്നേരം 7:30 -ന് തുടങ്ങിയ പരിപാടി ഏകദേശം 10.30 ഓടെ അവസാനിച്ചു. ഭഗവാൻ പരമശിവനെയും ഭഗവാൻ ശ്രീകൃഷ്ണനെയും ഭഗവാൻ അയ്യപ്പനനെയും ഭഗവാൻ മുരുഗനെയും വർണ്ണിക്കുന്ന കീർത്തനങ്ങളിലൂടെയും ധ്യാനാത്മകമായ സംഗീതത്തിലൂടെയും അഡ്ലെയ്ഡിലെ ആസ്വാദക ഹൃദയങ്ങളിൽ ഭക്തിയുടെ നിറവസന്തം തീർക്കാൻ സംഘത്തിന് സാധിച്ചു.

മെൽബണിലെയും മറ്റ് നഗരങ്ങളിലെയും വൻ വിജയം. റെക്കോർഡുകൾ ഭേദിച്ച് സിഡ്നി ഷോ; ടിക്കറ്റുകൾ ‘സോൾഡ് ഔട്ട്’ അഡ്ലെയ്ഡ്, സിഡ്നി നഗരങ്ങൾക്ക് പുറമെ മറ്റ് പ്രധാന നഗരങ്ങളിലും നന്ദഗോവിന്ദം ഭജൻസ് ഇതിനകം വൻ തരംഗമായിക്കഴിഞ്ഞു. ഏപ്രിൽ 24-ന് പെർത്തിലെ വിൽട്ടണിൽ വെച്ചായിരുന്നു ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ ഷോ. തുടർന്ന് മെൽബണിലെ നൂനവാഡിങ്ങിലുള്ള റൗണ്ട് തിയേറ്ററിലും (ഏപ്രിൽ 25), സ്പ്രിംഗ്‌വെയ്‌ലിലും (ഏപ്രിൽ 26) നടന്ന പരിപാടികൾ വൻ വിജയമായിരുന്നു.

ഓസ്‌ട്രേലിയയിൽ പര്യടനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സിഡ്നിയിൽ നടക്കാൻ പോകുന്ന വമ്പൻ പ്രോഗ്രാമിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഞായറാഴ്ച (മെയ് 3, 2026) വൈകുന്നേരം 5:00 മണിക്ക് കെൻസിംഗ്ടണിലെ യു.എൻ.എസ്.ഡബ്ല്യു ക്യാമ്പസിലുള്ള സർ ജോൺ ക്ലാൻസി ഓഡിറ്റോറിയത്തിലാണ് പരിപാടി. കാസാമിയ എന്റർടൈൻമെന്റ്സ് സംഘടിപ്പിക്കുന്ന ഈ ഷോയുടെ ടിക്കറ്റുകൾ ദിവസങ്ങൾക്ക് മുൻപേ തന്നെ പൂർണ്ണമായും വിറ്റുതീർന്നു എന്നത് ഈ സംഗീത സംഘത്തിന് ഓസ്‌ട്രേലിയയിലുള്ള വലിയ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.

നന്ദഗോവിന്ദം ഭജൻസ് :- 2000-ൽ രാജേന്ദ്ര പണിക്കരുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ച പ്രശസ്തമായ ഭക്തിഗാന സംഘമാണ് നന്ദഗോവിന്ദം. ശ്രീകൃഷ്ണ ഭജനകളിലൂടെ ജനഹൃദയങ്ങളിൽ അതിവേഗം ഇടംനേടിയ ഇവർ, ലോകമെമ്പാടുമുള്ള കേൾവിക്കാർക്ക് ശാന്തവും ധ്യാനാത്മകവുമായ ഒരു സംഗീതാനുഭവമാണ് എക്കാലവും സമ്മാനിക്കുന്നത്. ഹൃദയത്തെ സ്പർശിക്കുന്ന സംഗീതത്തിലൂടെ ആബാലവൃദ്ധം ജനങ്ങൾക്കും ആത്മീയതയുടെയും സമാധാനത്തിന്റെയും സന്ദേശം പകരാൻ ഈ സംഘത്തിന് കഴിയുന്നുണ്ട്.



News by
Sajin Thiruvallam
News Editor

News Editor