5 കൊലപാതകങ്ങൾ: ഓസ്‌ട്രേലിയൻ മുൻ സൈനികൻ ബെൻ റോബർട്ട്സ്-സ്മിത്ത് സിഡ്‌നിയിൽ അറസ്റ്റിൽ

admin ഏപ്രിൽ 7, 2026
5 കൊലപാതകങ്ങൾ:  ഓസ്‌ട്രേലിയൻ മുൻ സൈനികൻ  ബെൻ റോബർട്ട്സ്-സ്മിത്ത് സിഡ്‌നിയിൽ  അറസ്റ്റിൽ

സിഡ്‌നി: അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിക്കുന്നതിനിടെ നിരായുധരായ അഫ്ഗാൻ പൗരന്മാരെ ക്രൂരമായി കൊലപ്പെടുത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് ഓസ്‌ട്രേലിയൻ മുൻ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. 47 വയസ്സുകാരനായ മുൻ ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്സ് (ADF) ഉദ്യോഗസ്ഥനെയാണ് സിഡ്‌നി ഡൊമെസ്റ്റിക് വിമാനത്താവളത്തിൽ വെച്ച് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. അഞ്ച് കൊലപാതകങ്ങൾ ഉൾപ്പെടുന്ന യുദ്ധക്കുറ്റങ്ങളാണ് (War Crime – Murder) ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസും (AFP) ഓഫീസ് ഓഫ് ദി സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്ററും (OSI) സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ എമറാൾഡ്-ആർഗോൺ’ (Operation Emerald-Argon) എന്ന അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. 2009 നും 2012 നും ഇടയിലാണ് രാജ്യത്തെ നടുക്കിയ ഈ കുറ്റകൃത്യങ്ങൾ നടന്നത്.

നിരായുധരെ വെടിവെച്ചുകൊന്നു

 യുദ്ധത്തിൽ പങ്കെടുക്കാത്ത, നിരായുധരായ അഫ്ഗാൻ പൗരന്മാരെ തടഞ്ഞുവെച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് എ.എഫ്.പി കമ്മീഷണർ വ്യക്തമാക്കി. ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരുന്ന ഇരകളെ, പ്രതി നേരിട്ടും പ്രതിയുടെ നിർദ്ദേശപ്രകാരം കീഴുദ്യോഗസ്ഥരുമാണ് വെടിവെച്ചു കൊന്നത്.

ഓസ്‌ട്രേലിയൻ ക്രിമിനൽ കോഡ് അനുസരിച്ച് അഞ്ച് കുറ്റങ്ങളാണ് ഇയാൾ നേരിടുന്നത്:

ഏപ്രിൽ 12, 2009: ഉറൂസ്ഗാൻ പ്രവിശ്യയിലെ കകരാക്കിൽ വെച്ച് ഒരാളെ ബോധപൂർവ്വം കൊലപ്പെടുത്തി.

ഏപ്രിൽ 12, 2009: കകരാക്കിൽ വെച്ച് മറ്റൊരു കൊലപാതകം നടത്താൻ മറ്റൊരാളെ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തു.

സെപ്റ്റംബർ 11, 2012: ദർവാനിൽ വെച്ച് സമാനമായ രീതിയിൽ കൊലപാതകത്തിന് കൂട്ടുനിന്നു.

ഒക്ടോബർ 20, 2012: സിയാചൗവിൽ വെച്ച് മറ്റൊരാളുമായി ചേർന്ന് ഒരാളെ കൊലപ്പെടുത്തി.

ഒക്ടോബർ 20, 2012: ഇതേ ദിവസം സിയാചൗവിൽ മറ്റൊരു കൊലപാതകം ചെയ്യാൻ കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിത്. പ്രതിയെ ഇന്ന് തന്നെ ന്യൂ സൗത്ത് വെയിൽസ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

തുടരുന്ന അന്വേഷണങ്ങൾ 2005 നും 2016 നും ഇടയിൽ അഫ്ഗാനിസ്ഥാനിൽ ഓസ്‌ട്രേലിയൻ സൈനികർ നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് 2021-ലാണ് ഓസ്‌ട്രേലിയ സംയുക്ത അന്വേഷണം ആരംഭിച്ചത്. ആകെ 53 കേസുകളിലാണ് അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. ഇതിൽ മതിയായ തെളിവുകളില്ലാത്ത 39 കേസുകളിലെ അന്വേഷണം നിലവിൽ അവസാനിപ്പിച്ചിട്ടുണ്ട്. പത്ത് കേസുകളിൽ അന്വേഷണം തുടരുകയാണ്. ഇതിനുമുമ്പ് മറ്റൊരു മുൻ സൈനികനെതിരെയും സമാനമായ യുദ്ധക്കുറ്റങ്ങൾ ചുമത്തിയിരുന്നതായും, ഈ കേസിന്റെ വിചാരണ 2027 ഫെബ്രുവരിയിൽ നടക്കുമെന്നും അധികൃതർ അറിയിച്ചു.

എന്നാൽ, ഓസ്‌ട്രേലിയൻ സേനയിലെ വളരെ ചെറിയൊരു വിഭാഗം മാത്രമാണ് ഇത്തരം നീചമായ പ്രവർത്തികളിൽ ഏർപ്പെട്ടിട്ടുള്ളതെന്നും, രാജ്യത്തിനായി സേവനം ചെയ്യുന്ന ഭൂരിഭാഗം സൈനികരുടെയും ആത്മാർത്ഥതയെ ഈ സംഭവം ചോദ്യം ചെയ്യുന്നില്ലെന്നും എ.എഫ്.പി കമ്മീഷണർ കൂട്ടിച്ചേർത്തു. ഇരകളുടെ കുടുംബങ്ങൾക്കും ഓസ്‌ട്രേലിയൻ ജനതയ്ക്കും നീതി ഉറപ്പാക്കുമെന്നും അവർ  പ്രസ്താവനയിൽ വ്യക്തമാക്കി.

 


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW