അഡ്‌ലെയ്ഡ് സിബിഡിയിൽ നടുറോഡിൽ വൻ സംഘർഷം; ഭീതിജനകമായ ദൃശ്യങ്ങൾ പുറത്ത്
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സിബിഡിയിലുള്ള (CBD) വെയ്‌മൗത്ത് സ്ട്രീറ്റിൽ (Waymouth Street) ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് വൻ സംഘർഷം. രാത്രിയിൽ ഒരു സംഘം ആളുകൾ തമ്മിലുണ്ടായ കൂട്ടത്തല്ലിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ‘7 ന്യൂസ് അഡ്‌ലെയ്ഡ്’ (7News Adelaide) പുറത്തുവിട്ടു. തിരക്കേറിയ റോഡിൽ വാഹനങ്ങൾ കടന്നുപോകുന്നതിനിടയിലായിരുന്നു ആളുകൾ തമ്മിൽ ക്രൂരമായി ഏറ്റുമുട്ടിയത്. സംഭവത്തിന്റെ പശ്ചാത്തലവും കാരണങ്ങളും കണ്ടെത്താൻ പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ അവ്യക്തമാണെങ്കിലും, വളരെ രൂക്ഷമായ ശാരീരിക ആക്രമണങ്ങളാണ് നടന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. പരസ്പരം തല്ലുകൂടുന്നവരും, ആളുകൾ ചിതറിയോടുന്നതും, അടിയന്തര സേവന വിഭാഗങ്ങൾ (Emergency response) സ്ഥലത്തെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. നഗരമധ്യത്തിലുണ്ടായ ഈ വലിയൊരു ക്രമസമാധാന ലംഘനത്തെ തികച്ചും “ഭീതിജനകം” എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എന്നാൽ ഈ വൻ സംഘർഷത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നോ, സംഭവത്തിൽ ആരെയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
Police are investigating a wild brawl in the heart of the CBD. pic.twitter.com/AniOXsLCIw
— 7NEWS Adelaide (@7NewsAdelaide) March 1, 2026
സമൂഹമാധ്യമങ്ങളിൽ വംശീയ അധിക്ഷേപങ്ങളും സുരക്ഷാ ചർച്ചകളും
അതെസമയം, ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ പലതും വംശീയമായ മുൻവിധികളോടെയുള്ള (racial stereotypes) കമന്റുകളാണ് എന്നത് ശ്രദ്ധേയമാണ്. വീഡിയോയിലെ ആളുകളെ ആഫ്രിക്കൻ വംശജരുമായി താരതമ്യം ചെയ്യുന്ന തരത്തിലും, “ഇതവരുടെ സ്ഥിരം സ്വഭാവമാണ്” (typical type) എന്നുമുള്ള രീതിയിലുള്ള പ്രതികരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഇതോടെ അഡ്‌ലെയ്ഡ് സിറ്റിയിലെ സുരക്ഷയെക്കുറിച്ചും ഇവിടുത്തെ ജനവിഭാഗങ്ങളെക്കുറിച്ചും (demographics) ചൂടേറിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. രാത്രികാലങ്ങളിൽ സിബിഡി മേഖലകളിൽ ഇത്തരം അക്രമസംഭവങ്ങൾ വർദ്ധിക്കുന്നത് തടയാൻ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും പൊതുജനങ്ങൾക്കിടയിൽ നിന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്.