മെൽബണിൽ  ‘ലീജിയോണയേഴ്സ്’ രോഗബാധ: ജാഗ്രതാ നിർദ്ദേശം

admin മാർച്ച്‌ 19, 2026
മെൽബണിൽ  ‘ലീജിയോണയേഴ്സ്’ രോഗബാധ: ജാഗ്രതാ നിർദ്ദേശം

വിക്ടോറിയയിലെ മെൽബൺ നഗരത്തിന്റെ വടക്കൻ ഉപനഗരങ്ങളായ ക്രെയ്ഗിബേൺ, മിക്കിൾഹാം, ഗ്രീൻവെയൽ, റോക്സ്ബറി പാർക്ക് എന്നിവിടങ്ങളിൽ ലീജിയോണയേഴ്സ് (Legionnaires’ disease) ഔട്ട്ബ്രേക്ക് സ്ഥിരീകരിച്ചു. പ്രദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

വിക്ടോറിയ ചീഫ് ഹെൽത്ത് ഓഫീസർ ഡോ. കരോലിൻ മക്എൽനെയുടെ (Dr. Caroline McElnay) ഏറ്റവും പുതിയ ഔദ്യോഗിക അറിയിപ്പിൽ ചില പ്രധാന കാര്യങ്ങൾ വ്യക്തമായിടുണ്ട്.

രോഗബാധിതർ: ഇതുവരെ 6 കേസുകൾ സ്ഥിരീകരിച്ചു. എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രോഗബാധയുണ്ടായ സമയം: ഫെബ്രുവരി അവസാന വാരം മുതൽ ഈ പ്രദേശങ്ങളിൽ സമയം ചെലവഴിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മാർച്ച് ആദ്യത്തോടെയാണ് ഇവരിലെല്ലാം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

അന്വേഷണം പുരോഗമിക്കുന്നു: പ്രദേശത്തെ കൂളിംഗ് ടവറുകളും മറ്റ് ജലസ്രോതസ്സുകളും കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ പരിശോധനകൾ ഊർജ്ജിതമായി നടക്കുകയാണ്. രോഗത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.

എന്താണ് ലീജിയോണയേഴ്സ് ഡിസീസ്?

ലീജിയോണെല്ല (Legionella) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ ശ്വാസകോശ അണുബാധയാണ് (ന്യുമോണിയ) ലീജിയോണയേഴ്സ് ഡിസീസ്.

പകരുന്നത് എങ്ങനെ? വലിയ കൂളിംഗ് ടവറുകൾ, എയർ കണ്ടീഷനിംഗ് സിസ്റ്റങ്ങൾ, ഫൗണ്ടനുകൾ തുടങ്ങിയവയിലെ വെള്ളത്തിലാണ് ഈ ബാക്ടീരിയ വളരുന്നത്. ഈ വെള്ളം ബാക്ടീരിയ അടങ്ങിയ നേരിയ നീരാവിയായി (aerosol) മാറുമ്പോൾ അത് ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ആശ്വാസകരമായ വസ്തുത: ഇത് കോവിഡ് പോലെയോ ഫ്ലൂ പോലെയോ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല.

ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ

ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. സാധാരണ ഫ്ലൂവിന് സമാനമായ ലക്ഷണങ്ങളായതിനാൽ പലപ്പോഴും ഇത് അവഗണിക്കപ്പെടാൻ സാധ്യതയുണ്ട്:

  • കടുത്ത പനി, തണുപ്പും വിറയലും
  • ശ്വാസതടസ്സം, കടുത്ത ക്ഷീണം
  • വരണ്ട ചുമ (ചിലപ്പോൾ രക്തം കലർന്നത് കണ്ടേക്കാം)
  • തലവേദന, പേശിവേദന
  • ഓക്കാനം, വയറുവേദന, പ്രായമായവരിൽ ആശയക്കുഴപ്പം

ഓസ്‌ട്രേലിയൻ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രത്യേകിച്ച് ഐടി, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ തുടങ്ങിയ മേഖലകളിൽ ഈ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികളുണ്ട്. അവർ ഈ മുന്നറിയിപ്പുകൾ  കർശനമായി പാലിക്കുക:

ഉടൻ വൈദ്യസഹായം തേടുക: ഫെബ്രുവരി അവസാനത്തിന് ശേഷം ക്രെയ്ഗിബേൺ, മിക്കിൾഹാം, ഗ്രീൻവെയൽ, റോക്സ്ബറി പാർക്ക് ഭാഗങ്ങളിൽ പോയിട്ടുള്ളവരിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

ഡോക്ടറെ മുൻകൂട്ടി അറിയിക്കുക: പരിശോധനയ്ക്ക് പോകുമ്പോൾ, “Legionnaires’ disease exposure in Craigieburn area” എന്ന കാര്യം ഡോക്ടറോട് പ്രത്യേകം പറയുക. ഇത് കൃത്യമായ ടെസ്റ്റുകൾ (യൂറിൻ അല്ലെങ്കിൽ ബ്ലഡ് ടെസ്റ്റ്) വേഗത്തിൽ ചെയ്യാൻ സഹായിക്കും.

റിസ്ക് ഗ്രൂപ്പിലുള്ളവർ കൂടുതൽ ശ്രദ്ധിക്കുക: 50 വയസ്സിന് മുകളിലുള്ളവർ, പുകവലിക്കുന്നവർ, പ്രമേഹം അല്ലെങ്കിൽ ഹൃദ്രോഗം ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗം പെട്ടെന്ന് ഗുരുതരമാകാൻ സാധ്യതയുണ്ട്. ഇവരിൽ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകരുത്.

പരിഭ്രാന്തി വേണ്ട: കൃത്യസമയത്ത് കണ്ടെത്തി ആന്റിബയോട്ടിക് ചികിത്സ നൽകിയാൽ പൂർണ്ണമായും ഭേദമാക്കാവുന്ന രോഗമാണിത്. സ്വയം ചികിത്സ ഒഴിവാക്കുക.

സാമൂഹ്യമാധ്യമങ്ങളിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഈ വിവരം നമ്മുടെ കമ്മ്യൂണിറ്റിയിലെ എല്ലാവരിലേക്കും, പ്രത്യേകിച്ച് ഈ പ്രദേശങ്ങളിൽ ഉള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക.

രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ജിപിയെയോ (GP) അല്ലെങ്കിൽ അടിയന്തര സാഹചര്യങ്ങളിൽ 000 എന്ന നമ്പറിലോ ബന്ധപ്പെടുക.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW