ഡോക്ടർമാർക്ക് സുവർണ്ണാവസരം: 30,000 ഡോളർ സാലറി ബോണസുമായി പുതിയ GP ട്രെയിനിങ് പ്രോഗ്രാം
ക്യാൻബെറ: ഓസ്‌ട്രേലിയയിലുടനീളമുള്ള സമൂഹങ്ങൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി, കൂടുതൽ ജനറൽ പ്രാക്ടീഷണർമാർക്ക് (GPs) പരിശീലനം നൽകാൻ ഒരുങ്ങി അൽബാനീസീ സർക്കാർ. ഇതിനായി ഒരു ബില്യൺ ഡോളറിലധികം തുകയുടെ റെക്കോർഡ് നിക്ഷേപമാണ് സർക്കാർ നടത്തുന്നത്. ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലറാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
2027-ൽ വൻ വർദ്ധനവ്
ഓസ്‌ട്രേലിയൻ ജനറൽ പ്രാക്ടീസ് ട്രെയിനിങ് (AGPT) പ്രോഗ്രാമിലൂടെ 2027-ൽ 2000-ത്തിലധികം ജിപി പരിശീലന അവസരങ്ങളാണ് സർക്കാർ ഒരുക്കുന്നത്. ഗ്രാമീണ മേഖലകളിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി റൂറൽ ജിപി, റൂറൽ ജനറലിസ്റ്റ് ട്രെയിനികൾ എന്നിവർക്കും ഇതിൽ പ്രത്യേക അവസരം ലഭിക്കും. 2026-ൽ അനുവദിച്ച 200 അധിക സീറ്റുകൾക്ക് പുറമെ, 2027-ൽ പുതിയതായി 100 സീറ്റുകൾ കൂടി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ പ്രാഥമിക ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും, വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.
പരിശീലന അവസരങ്ങൾ ഇങ്ങനെ:
ACRRM: ഓസ്‌ട്രേലിയൻ കോളേജ് ഓഫ് റൂറൽ ആൻഡ് റിമോട്ട് മെഡിസിൻ (ACRRM) വഴി 374 റൂറൽ ജനറലിസ്റ്റ് (RG) പരിശീലന സീറ്റുകളാണ് 2027-ൽ ലഭ്യമാക്കുക. ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇൻടേക്ക് ആണിത്.
RACGP: റോയൽ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ് (RACGP) വഴി 1694 ജിപി, ആർജി പരിശീലന അവസരങ്ങളും 2027-ൽ നൽകും.
ഏറ്റവും ശ്രദ്ധേയമായ കാര്യം, പുതിയ ട്രെയിനികളിൽ പകുതിയിലധികം പേരും തങ്ങളുടെ പരിശീലനം പൂർത്തിയാക്കുന്നത് ഗ്രാമീണ മേഖലകളിലായിരിക്കും എന്നതാണ്.
പുതിയ സാമ്പത്തിക ആനുകൂല്യങ്ങൾ (Incentives)
കൂടുതൽ ജൂനിയർ ഡോക്ടർമാരെ ജനറൽ പ്രാക്ടീഷണർമാരാകാൻ ആകർഷിക്കുന്നതിനായി 2026 ഒന്നാം സെമസ്റ്റർ മുതൽ മികച്ച സാമ്പത്തിക ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 30,000 ഡോളർ സാലറി ഇൻസെന്റീവ്, പഠനാവശ്യങ്ങൾക്കും പ്രസവാവധിക്കുമുള്ള സാമ്പത്തിക സഹായങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ ആനുകൂല്യങ്ങൾ ജൂനിയർ ഡോക്ടർമാർക്കിടയിൽ വലിയ താല്പര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും, 2026-ൽ റെക്കോർഡ് സംഖ്യയായ 2,100 ജൂനിയർ ഡോക്ടർമാർ എജിപിടി പരിശീലനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മന്ത്രിയുടെ വാക്കുകൾ:
“അൽബാനീസീ സർക്കാർ ജനറൽ പ്രാക്ടീഷണർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി വലിയ രീതിയിലുള്ള ഇടപെടലുകളാണ് നടത്തുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ജിപിമാരുടെ സേവനം ലഭ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” മന്ത്രി മാർക്ക് ബട്ട്‌ലർ വ്യക്തമാക്കി. “പ്രാഥമിക ആരോഗ്യ മേഖലയിലെ ഈ വലിയ നിക്ഷേപം, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലുള്ളവർക്ക് അവർക്കാവശ്യമുള്ള സമയത്ത് മികച്ച ചികിത്സ ഉറപ്പാക്കാൻ സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
News by
Sajin Thiruvallam
News Editor

News Editor