ഫെയർ വർക്ക് കമ്മീഷനിൽ വൻ അഴിച്ചുപണി: തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ പുതിയ മാറ്റങ്ങളുമായി സർക്കാർ
ഓസ്‌ട്രേലിയയിൽ തൊഴിൽ തർക്ക പരാതികൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ, നിർണ്ണായക മാറ്റങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് തൊഴിൽ വകുപ്പ്. പ്രവർത്തന ചെലവ് കുറയ്ക്കാനും പരാതികൾ വേഗത്തിൽ പരിഹരിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ തീരുമാനിച്ചു. ഫെയർ വർക്ക് കമ്മീഷൻ ജനറൽ മാനേജർ മുറെ ഫർലോംഗ് ഇന്ന് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പുതിയ പരിഷ്കാരങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണുള്ളത്.
റെക്കോർഡ് ഭേദിച്ച് തൊഴിൽ തർക്ക പരാതികൾ
ഫെയർ വർക്ക് കമ്മീഷന്റെ നിലവിലെ പ്രവർത്തന രീതികൾ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ജനറൽ മാനേജർ മുറെ ഫർലോംഗ് വ്യക്തമാക്കി. ഈ സാമ്പത്തിക വർഷം ഏപ്രിൽ അവസാനം വരെ മാത്രം 44,039 പരാതികളാണ് കമ്മീഷന് ലഭിച്ചത്. മുൻ വർഷത്തെ ആകെ കണക്കായ 44,075-ന് തൊട്ടുപിന്നിലാണിത്. തൊഴിൽ നിയമങ്ങളെക്കുറിച്ച് കാര്യമായ ധാരണയില്ലാത്തവർ പോലും നിർമ്മിത ബുദ്ധിയുടെ (AI) സഹായത്തോടെ നിരന്തരം പരാതികൾ നൽകുന്നതാണ് കേസുകൾ കൂടാൻ കാരണം.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കമ്മീഷന്റെ ജോലിഭാരം 70% ആയി വർദ്ധിച്ചുവെന്ന് ഫെബ്രുവരിയിൽ പ്രസിഡന്റ് ജസ്റ്റിസ് ആദം ഹാച്ചർ മുന്നറിയിപ്പ് നൽകിയിരുന്നു. അന്യായമായി ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതുമായി (Unfair dismissal) ബന്ധപ്പെട്ട പരാതികളിൽ മാത്രം 41% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രധാന മാറ്റങ്ങൾ എന്തെല്ലാം?
കമ്മീഷന്റെ സുഗമമായ നടത്തിപ്പിനായി താഴെ പറയുന്ന പ്രധാന മാറ്റങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്:
ഓഫീസുകൾ വെട്ടിച്ചുരുക്കുന്നു: മെൽബൺ, കാൻബറ തുടങ്ങിയ നഗരങ്ങളിലെ ഫിസിക്കൽ ഓഫീസുകളുടെ പ്രവർത്തനം കുറയ്ക്കാൻ ആലോചിക്കുന്നു. പകരം ഓൺലൈൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.
AI സംവിധാനങ്ങളുടെ ഉപയോഗം: എന്റർപ്രൈസ് എഗ്രിമെന്റുകൾ (EA) വേഗത്തിൽ അംഗീകരിക്കുന്നതിനും അടിസ്ഥാനപരമായ സംശയങ്ങൾക്ക് മറുപടി നൽകാനും കമ്മീഷൻ ഇനിമുതൽ AI സംവിധാനങ്ങളെ ഉപയോഗപ്പെടുത്തും.
ഓസ്‌ട്രേലിയൻ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, കെയർ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി മലയാളികളുണ്ട്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ അപ്പീൽ നൽകാൻ വെറും 21 ദിവസത്തെ സമയപരിധി മാത്രമാണുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകുന്ന സൗജന്യ AI ടൂളുകളെ മാത്രം ആശ്രയിക്കാതെ, കൃത്യമായ നിയമോപദേശം തേടാൻ ജീവനക്കാർ ശ്രദ്ധിക്കണം. പുതിയ ഡിജിറ്റൽ മാറ്റങ്ങൾ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ സഹായിക്കുമെങ്കിലും, വ്യാജമോ അടിസ്ഥാനരഹിതമോ ആയ പരാതികൾ നൽകുന്നത് തിരിച്ചടിയാകാനും സാധ്യതയുണ്ട്.
News by
Sajin Thiruvallam
News Editor

News Editor