ചൈൽഡ് അബ്യൂസ് കേസ്: NSW ചരിത്രത്തിലെ വലിയ റെയ്ഡ്; ഞെട്ടിക്കുന്ന വിവരങ്ങൾ

admin മെയ്‌ 8, 2026
ചൈൽഡ് അബ്യൂസ് കേസ്:  NSW ചരിത്രത്തിലെ  വലിയ റെയ്ഡ്;  ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂ സൗത്ത് വെയിൽസ് (NSW) ചരിത്രത്തിലെ ഏറ്റവും വലിയ ഓൺലൈൻ ചൈൽഡ് അബ്യൂസ് ശൃംഖലയുടെ അവസാന കണ്ണിയും പൊലീസ് പിടിയിലായി. രണ്ടര വർഷമായി പൊലീസ് നടത്തിവന്ന ‘സ്ട്രൈക്ക് ഫോഴ്‌സ് ഗ്ലാൻഡോർ’ (Strike Force Glandore) എന്ന നിർണ്ണായക ഓപ്പറേഷനിലൂടെയാണ് വോളോങ്കോങ് സ്വദേശിയായ മാത്യു റോബർട്ട്‌സിനെ (37) അറസ്റ്റ് ചെയ്തത്. ഇതോടെ ഈ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായവരുടെ എണ്ണം പൂർണ്ണമായി.

സൗത്ത് നൗറയിലെ ഒരു പ്രോപ്പർട്ടിയിൽ നടത്തിയ റെയ്ഡിൽ, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന അതിദാരുണമായ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഐപാഡുകൾ എന്നിവ പൊലീസ് വൻതോതിൽ പിടിച്ചെടുത്തു. ഇയാൾക്കെതിരെ 21 ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ലോകമെമ്പാടുമായി നിരവധി ആളുകൾക്ക് ആക്‌സസ് ഉണ്ടായിരുന്ന ഒരു അന്താരാഷ്ട്ര ക്ലൗഡ് ഫോൾഡർ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. വിവിധ പ്രായത്തിലുള്ളവരും പല തുറകളിലുള്ളവരുമാണ് ഈ ശൃംഖലയുടെ ഭാഗമായി പിടിയിലായതെന്ന് സെക്സ് ക്രൈംസ് സ്ക്വാഡ് ആക്ടിങ് സൂപ്രണ്ട് ആദം പൗഡർലി വ്യക്തമാക്കി.

അന്താരാഷ്ട്ര ക്ലൗഡ് സ്റ്റോറേജ് കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് അജ്ഞാതരായിരുന്ന പ്രതികളുടെ വിവരങ്ങൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്. പിടിച്ചെടുത്ത ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ ഓസ്ട്രേലിയൻ കുട്ടികൾക്ക് മറ്റ് സർക്കാർ ഏജൻസികളുടെ സഹായത്തോടെ ആവശ്യമായ സംരക്ഷണം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കിയ മാത്യു റോബർട്ട്‌സിന് ജാമ്യം നിഷേധിച്ചു. കേസ് ജൂലൈ ഒന്നിന് വോളോങ്കോങ് ലോക്കൽ കോടതി വീണ്ടും പരിഗണിക്കും. ഇന്റർനെറ്റിന്റെ മറവിൽ ഒളിച്ചിരുന്ന് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഓസ്ട്രേലിയൻ സെന്റർ ടു കൗണ്ടർ ചൈൽഡ് എക്സ്പ്ലോയിറ്റേഷനുമായി ചേർന്ന് രാജ്യവ്യാപകമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW