ബോണ്ടായ് ബീച്ച് ഭീകരാക്രമണം: റോയൽ കമ്മീഷൻ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; പ്രധാനമന്ത്രിക്ക് കത്തയച്ചു
കാൻബെറ: ബോണ്ടായ് ബീച്ച് ഭീകരാക്രമണത്തെക്കുറിച്ചും രാജ്യത്ത് വർധിച്ചുവരുന്ന ജൂതവിരുദ്ധതയെക്കുറിച്ചും അന്വേഷിക്കാൻ ‘കോമൺവെൽത്ത് റോയൽ കമ്മീഷനെ’ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയൻ പ്രതിപക്ഷം രംഗത്ത്.
പ്രതിപക്ഷ നേതാവ് സൂസൻ ലേ ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ക്രിസ്മസിന് മുമ്പ് തന്നെ കമ്മീഷനെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
- നിലവിലെ സംസ്ഥാനതല അന്വേഷണങ്ങൾക്ക് പരിമിതികളുണ്ട്. ദേശീയ സുരക്ഷ, കുടിയേറ്റം, വിസ നടപടികൾ, ഇന്റലിജൻസ് ഏകോപനം, ഫെഡറൽ സ്ഥാപനങ്ങളുടെ വീഴ്ചകൾ എന്നിവ പരിശോധിക്കാൻ സംസ്ഥാനതല അന്വേഷണത്തിന് അധികാരമില്ല. അതിനാൽ, പൂർണ്ണമായ അധികാങ്ങളുള്ള ഒരു കോമൺവെൽത്ത് റോയൽ കമ്മീഷൻ അനിവാര്യമാണ്.
- ബോണ്ടി ബീച്ച് ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്നും, രാജ്യത്ത് വർധിച്ചുവരുന്ന തീവ്രവാദവും ജൂതവിരുദ്ധതയും തടയുന്നതിൽ ഉണ്ടായ ദേശീയ പരാജയത്തിന്റെ ഫലമാണെന്നും പ്രതിപക്ഷം ആരോപിച്ചു. മുന്നറിയിപ്പുകൾ അവഗണിച്ചതെങ്ങനെയെന്നും, സുരക്ഷാ വീഴ്ചകൾ ഉണ്ടായതെങ്ങനെയെന്നും ഓസ്‌ട്രേലിയൻ ജനതയ്ക്ക് അറിയാൻ അവകാശമുണ്ട്.
റോയൽ കമ്മീഷന്റെ അന്വേഷണ പരിധിയിൽ വരേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ കരട് രേഖയും പ്രതിപക്ഷം പുറത്തുവിട്ടു.
ബോണ്ടി ആക്രമണത്തിന് മുമ്പ് ലഭിച്ച ഇന്റലിജൻസ് മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടോ?
സർവകലാശാലകളിലും കലാരംഗത്തും ജൂതവിരുദ്ധത വളരുന്നുണ്ടോ?
തീവ്രവാദ ആശയങ്ങളുള്ളവർക്ക് വിസയോ പൗരത്വമോ നൽകുന്നതിൽ കുടിയേറ്റ വകുപ്പിന് വീഴ്ച പറ്റിയോ?
വിദേശത്ത് നിന്നുള്ള സാമ്പത്തിക സഹായങ്ങൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ?
“ഇത് സത്യത്തിനും ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള പോരാട്ടമാണ്. ബോണ്ടിയിലെ ഇരകൾക്ക് നീതി ലഭിക്കണമെങ്കിൽ സത്യസന്ധമായ അന്വേഷണം വേണം. വെറുപ്പ് വച്ചുപൊറുപ്പിക്കുകയും മുന്നറിയിപ്പുകൾ അവഗണിക്കുകയും ചെയ്തതിന്റെ ഫലമാണ് ബോണ്ടിയിൽ കണ്ടത്,” സൂസൻ ലേ പറഞ്ഞു.
കമ്മീഷനെ നിയമിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷം അറിയിച്ചു.
Photo credit ABC News