ജൂലൈ 27-ന് ഓസ്‌ട്രേലിയയിലെ മൊബൈലുകളിൽ സൈറൺ മുഴങ്ങും
ഓസ്‌ട്രേലിയയുടെ പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ AusAlert National Test 2026 ജൂലൈ 27 തിങ്കളാഴ്ച നടക്കും. ഈ സമയത്ത് രാജ്യത്തെ മുഴുവൻ മൊബൈൽ ഫോണുകളിലും വലിയ സൈറൺ ശബ്ദത്തോടെ സന്ദേശമെത്തും. നിങ്ങളുടെ ഫോൺ സൈലൻ്റ് മോഡിലാണെങ്കിലും ഈ ശബ്ദം മുഴങ്ങും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിലുള്ളവർ ഈ സമയത്ത് നിർബന്ധമായും ഫോൺ ഓഫ് ചെയ്യണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകുന്നുണ്ട്; അതെന്തുകൊണ്ടാണെന്ന് താഴെ വായിക്കാം.
എന്താണ് AusAlert National Test 2026?
പ്രകൃതി ദുരന്തങ്ങൾ, ആരോഗ്യ അടിയന്തരാവസ്ഥകൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് ഉടനടി മുന്നറിയിപ്പ് നൽകാനുള്ള പുതിയ സംവിധാനമാണ് AusAlert. ഇതിന്റെ രാജ്യവ്യാപകമായ ആദ്യ പരിശോധനയാണ് ജൂലൈ 27 തിങ്കളാഴ്ച നടക്കുന്നത്.
ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ സമയത്തിൽ മാറ്റമുണ്ടാകും. NSW, VIC, QLD, ACT, TAS എന്നീ സംസ്ഥാനങ്ങളിൽ ഉച്ചയ്ക്ക് 2:00 മണിക്കും (AEST), SA, NT എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1:30 നും (ACST), WA-ൽ ഉച്ചയ്ക്ക് 12:00 നും (AWST) ആയിരിക്കും ടെസ്റ്റ് നടക്കുക.
ഫോണുകളിൽ എന്ത് സംഭവിക്കും?
ഈ സമയത്ത് നിങ്ങളുടെ മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ടാബ്‌ലെറ്റ് എന്നിവയിൽ ഏകദേശം 10 സെക്കൻഡ് നീളുന്ന വലിയ സൈറൺ ശബ്ദം കേൾക്കാൻ സാധിക്കും. ഇത് കേവലം ഒരു പരിശോധന മാത്രമാണെന്നും, ആരും പരിഭ്രാന്തരാകുകയോ ട്രിപ്പിൾ സീറോയിൽ (000) വിളിക്കുകയോ ചെയ്യേണ്ടതില്ലെന്നും നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി (NEMA) വ്യക്തമാക്കിയിട്ടുണ്ട്.
മൊബൈൽ നെറ്റ്‌വർക്കുകളുടെ സെൽ ബ്രോഡ്‌കാസ്റ്റ് സാങ്കേതികവിദ്യ വഴിയാണ് ഈ സന്ദേശം എത്തുക എന്നതിനാൽ പ്രത്യേക ആപ്പുകൾ ആവശ്യമില്ല. 2026 ഒക്ടോബർ 1 മുതലാണ് ഈ സംവിധാനം ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കുന്നത്.
ശ്രദ്ധിക്കുക: ഈ വിഭാഗക്കാർ ഫോൺ ഓഫ് ചെയ്യണം
ഗാർഹിക പീഡനം പോലുള്ള സാഹചര്യങ്ങൾ നേരിടുന്നവരും, സുരക്ഷാ കാരണങ്ങളാൽ ഫോണുകൾ രഹസ്യമായി സൂക്ഷിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. ഫോൺ സൈലൻ്റ് മോഡിലാണെങ്കിലും ഇത്തരം Critical Alerts ലഭിക്കുമ്പോൾ ഫോൺ ഉച്ചത്തിൽ ശബ്ദമുണ്ടാകും.
രഹസ്യമായി ഫോൺ സൂക്ഷിക്കുന്നവർ ടെസ്റ്റ് നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ ഏറോപ്ലെയിൻ മോഡിലേക്ക് (Aeroplane mode) മാറ്റുകയോ ചെയ്യേണ്ടതാണ്. സ്വന്തം സുരക്ഷയ്ക്കായി കുറഞ്ഞത് 24 മണിക്കൂറെങ്കിലും ഈ രീതിയിൽ തുടരണമെന്നും ഔദ്യോഗിക മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
Community: ഓസ്‌ട്രേലിയയുടെ ഈ പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനം പ്രകൃതി ദുരന്ത സമയങ്ങളിൽ എത്രത്തോളം ഫലപ്രദമാകുമെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
News by
Sajin Thiruvallam
News Editor

News Editor