ഓസ്‌ട്രേലിയയിൽ സ്ത്രീകൾക്കായി പുതിയ പ്രഖ്യാപനം
ഓസ്‌ട്രേലിയയിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി സുപ്രധാന പ്രഖ്യാപനവുമായി സർക്കാർ. വിശ്വസനീയമായ ആരോഗ്യ വിവരങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനായി വമ്പൻ തുകയുടെ ‘Australia womens health funding’ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്ക് തടയിടാനും ശാസ്ത്രീയമായ ചികിത്സാ മാർഗ്ഗങ്ങൾ എല്ലാവരിലേക്കും എത്തിക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, രാജ്യത്തെ ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. പദ്ധതിയുടെ പ്രധാന വിവരങ്ങൾ താഴെ വായിക്കാം.
ജീൻ ഹെയ്ൽസ് ഫോർ വുമൺസ് ഹെൽത്തിന് (Jean Hailes) 8.4 മില്യൺ ഡോളർ
ഓസ്‌ട്രേലിയയിൽ ലിംഗസമത്വവും സ്ത്രീകളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായി, പ്രമുഖ സ്ഥാപനമായ ‘ജീൻ ഹെയ്ൽസ് ഫോർ വുമൺസ് ഹെൽത്തിന്’ (Jean Hailes for Women’s Health) 8.4 മില്യൺ ഡോളർ അനുവദിച്ചു. അടിസ്ഥാനമില്ലാത്ത നിരവധി വ്യാജ വിവരങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്ന ഇക്കാലത്ത്, സ്ത്രീകൾക്ക് ശാസ്ത്രീയവും വിശ്വസനീയവുമായ ആരോഗ്യ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിൽ 2.2 മില്യൺ വെബ്സൈറ്റ് സന്ദർശകരിലേക്കും 6.6 മില്യൺ സോഷ്യൽ മീഡിയ ഉപയോക്താക്കളിലേക്കും ജീൻ ഹെയ്ൽസിന്റെ സേവനങ്ങൾ എത്തുന്നുണ്ട്. പുതിയ സാമ്പത്തിക സഹായത്തിലൂടെ രാജ്യത്തെ ഓരോ മഹിളയ്ക്കും ഈ സേവനം കൃത്യമായി ഉറപ്പാക്കാൻ കഴിയും.
ഗവേഷണത്തിനും ബോധവൽക്കരണത്തിനും ഊന്നൽ
ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമുള്ള ആരോഗ്യ സംബന്ധിയായ വിദ്യാഭ്യാസ പരിപാടികൾക്കും പുതിയ ഗവേഷണങ്ങൾക്കും ഈ തുക വിനിയോഗിക്കും. കൂടാതെ, എല്ലാ വർഷവും സെപ്റ്റംബറിൽ നടക്കുന്ന ‘വുമൺസ് ഹെൽത്ത് വീക്ക്’, ‘നാഷണൽ വുമൺസ് ഹെൽത്ത് സർവേ’ എന്നിവ കൂടുതൽ വിപുലമാക്കും. 2025-ൽ രാജ്യത്തുടനീളം നടന്ന വുമൺസ് ഹെൽത്ത് വീക്കിൽ 3,100-ലധികം പരിപാടികളിലായി 1,44,000 പേർ പങ്കെടുത്തിരുന്നു. ഗർഭാവസ്ഥയിലെ ആദ്യകാല ബുദ്ധിമുട്ടുകൾ, മൈഗ്രേൻ, തലച്ചോറിന്റെ ആരോഗ്യം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ 2025-ലെ സർവേ നിർണായക വിവരങ്ങളാണ് നൽകിയത്. പശ്ചാത്തലമോ താമസസ്ഥലമോ പരിഗണിക്കാതെ, ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സ്ത്രീകൾക്ക് മികച്ച ആരോഗ്യ വിവരങ്ങൾ ലഭ്യമാക്കാൻ പുതിയ പ്രഖ്യാപനം സഹായിക്കുമെന്ന് അസിസ്റ്റന്റ് മിനിസ്റ്റർ ഫോർ വുമൺ റെബേക്ക വൈറ്റ് എംപി വ്യക്തമാക്കി.
800 മില്യൺ ഡോളറിന്റെ ബൃഹത്തായ പാക്കേജിന്റെ ഭാഗം
മുൻപ് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച 800 മില്യൺ ഡോളറിന്റെ സമഗ്ര വനിതാ ആരോഗ്യ പാക്കേജിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ഈ ഫണ്ടിംഗ്. ഈ പദ്ധതിയിലൂടെ മെച്ചപ്പെട്ട പരിചരണം കുറഞ്ഞ ചിലവിൽ സ്ത്രീകൾക്ക് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. “ഓരോ സ്ത്രീക്കും അവരുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിശ്വസനീയമായ ആരോഗ്യ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്, സർക്കാരിന്റെ ഈ പിന്തുണ അതിന് വലിയ രീതിയിൽ സഹായിക്കും,” ജീൻ ഹെയ്ൽസ് സിഇഒ സാറ വൈറ്റ് പറഞ്ഞു.
News by
Sajin Thiruvallam
News Editor

News Editor