വരാനിരിക്കുന്ന ബജറ്റ് : നിർണ്ണായക സൂചനകളുമായി ട്രഷറർ ജിം ചാമേഴ്സ്
ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെയും വരാനിരിക്കുന്ന മെയ് ബജറ്റിനെയും കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകളുമായി ഫെഡറൽ ട്രഷറർ ജിം ചാമേഴ്സ് (Jim Chalmers). കോമൺവെൽത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (CBA) ചീഫ് ഇക്കണോമിസ്റ്റ് ലൂക്ക് യീമനുമായി നടത്തിയ പ്രത്യേക പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.
ഇറാൻ യുദ്ധവും ആഗോള തലത്തിലുണ്ടായ സാമ്പത്തിക അസ്ഥിരതകളും വരാനിരിക്കുന്ന ബജറ്റിനെ സാരമായി സ്വാധീനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ അവസാനിക്കാൻ സമയമെടുക്കുമെങ്കിലും, ഓസ്‌ട്രേലിയയുടെ ഇന്ധന ലഭ്യത ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മറ്റ് വിപണികളിൽ നിന്നും ഇന്ധനമെത്തിച്ച് പ്രതിസന്ധി മറികടക്കാൻ സാധിച്ചുവെന്നും രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.
വരാനിരിക്കുന്ന ബജറ്റ് കേവലം പ്രതിസന്ധികൾ മറികടക്കാൻ മാത്രമല്ല, രാജ്യത്തിന്റെ ഉൽപ്പാദനക്ഷമത (Productivity) വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് ട്രഷറർ പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എൻ.ഡി.ഐ.എസ് (NDIS) പദ്ധതിയുടെ വർദ്ധിച്ചുവരുന്ന ചെലവുകൾ വെട്ടിച്ചുരുക്കും. മുൻപ് 22 ശതമാനമായിരുന്ന ഇതിന്റെ വളർച്ചാ നിരക്ക് 5 ശതമാനത്തിലേക്ക് എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നെഗറ്റീവ് ഗിയറിങ് (Negative Gearing), ക്യാപിറ്റൽ ഗെയിൻസ് ടാക്സ് (CGT) എന്നിവയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം നേരിട്ട് മറുപടി നൽകിയില്ലെങ്കിലും, ഭവന നികുതികളിലും മറ്റും തലമുറകൾക്കിടയിലുള്ള സാമ്പത്തിക സമത്വം (Intergenerational fairness) ഉറപ്പാക്കുന്ന പരിഷ്കാരങ്ങൾ ബജറ്റിലുണ്ടാകുമെന്ന വ്യക്തമായ സൂചന അദ്ദേഹം നൽകി. എന്നാൽ നികുതി പരിഷ്കാരങ്ങളിലൂടെ വലിയൊരു വരുമാന വർദ്ധനവ് സർക്കാർ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലീൻ എനർജി, സാങ്കേതികവിദ്യ എന്നിവയിലൂന്നിയുള്ള രാജ്യത്തിന്റെ ‘നാലാം സമ്പദ്‌വ്യവസ്ഥ’ കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നും ഇത് തൊഴിൽ മേഖലയിൽ വലിയ നഷ്ടങ്ങൾക്ക് കാരണമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പണപ്പെരുപ്പം കുറയ്ക്കുന്നതിനായി റിസർവ് ബാങ്ക് ഗവർണർ മിഷേൽ ബുള്ളക്കുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ട്രഷറർ കൂട്ടിച്ചേർത്തു.
News by
Sajin Thiruvallam
News Editor

News Editor