ഓസ്‌ട്രേലിയയിൽ പുതിയ EV ചാർജിങ് പദ്ധതി
സിഡ്നി: ഓസ്ട്രേലിയയിലെ അപ്പാർട്ട്മെന്റുകളിലും സ്ട്രാറ്റ ബിൽഡിങ്ങുകളിലും ഇലക്ട്രിക് വാഹന (EV) ചാർജിങ് സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതിനായി വമ്പൻ പദ്ധതിയുമായി സിഡ്നി ആസ്ഥാനമായ ‘റെഡി സ്റ്റെഡി പ്ലഗ്’ (ReadySteadyPlug). ഓസ്ട്രേലിയൻ റിന്യൂവബിൾ എനർജി ഏജൻസിയുടെ (ARENA) ‘ഡ്രൈവിങ് ദി നേഷൻ’ പ്രോഗ്രാമിന് കീഴിൽ 1.51 മില്യൺ ഡോളറിന്റെ (ഏകദേശം 1.08 മില്യൺ യുഎസ് ഡോളർ) ഫണ്ടിംഗാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെയും ഉപഭോക്താക്കളുടെയും നിക്ഷേപം കൂടിയാകുമ്പോൾ പദ്ധതിയുടെ മൊത്തം മൂല്യം 3.49 മില്യൺ ഡോളറിലെത്തും.
പുതിയ പദ്ധതിയിലൂടെ രാജ്യവ്യാപകമായി 428 ഇവി ചാർജ് പോയിന്റുകളും, ഭാവിയിൽ 2,000 ചാർജ് പോയിന്റുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കും. സ്ട്രാറ്റ കോംപ്ലക്സുകളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലെ പ്രധാന തടസ്സമായ ഉയർന്ന നിർമ്മാണച്ചെലവും സാങ്കേതിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതാണ് റെഡി സ്റ്റെഡി പ്ലഗിന്റെ ‘സ്മാർട്ട് പേ-ആസ്-യൂ-ഗോ’ (CaaS) സൊല്യൂഷൻ.
വലിയ തുക മുടക്കി സ്വിച്ച് ബോർഡുകൾ അപ്ഗ്രേഡ് ചെയ്യുന്നതിന് പകരം, നിലവിലുള്ള സാധാരണ പവർ ഔട്ട്‌ലെറ്റുകൾ ഉപയോഗിച്ചുള്ള ലെവൽ 1 ചാർജിംഗ് സൗകര്യമാണ് ഇവർ നൽകുന്നത്. സ്മാർട്ട് ആപ്പ് വഴി നിയന്ത്രിക്കാവുന്ന ഈ സിസ്റ്റത്തിൽ ഇൻഡിവിജ്വൽ മീറ്ററിങ്, ഓട്ടോമേറ്റഡ് ബില്ലിങ്, ഡൈനാമിക് ലോഡ് മാനേജ്‌മെന്റ് തുടങ്ങിയ വിപുലമായ സൗകര്യങ്ങളുണ്ട്.
അപ്പാർട്ട്മെന്റുകളിൽ ചാർജിങ് സൗകര്യമില്ലാത്തത് ഇവി ഉപയോഗത്തിന് വലിയ തടസ്സമാണെന്നും, 42 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന സ്ട്രാറ്റ കോംപ്ലക്സുകളിലേക്ക് പദ്ധതി എത്തുന്നതോടെ വലിയ മാറ്റമുണ്ടാകുമെന്നും കമ്പനി സിഇഒ ജുക്ക സിന്റോണൻ വ്യക്തമാക്കി. ഓസ്ട്രേലിയയുടെ ഇവി ചാർജിങ് ശൃംഖലയിലെ വലിയൊരു വിടവ് നികത്താൻ ഈ പദ്ധതിക്ക് സാധിക്കുമെന്ന് അരീന ചീഫ് എക്സിക്യൂട്ടീവ് ഡാറൻ മില്ലറും ചൂണ്ടിക്കാട്ടി. 2026 മാർച്ച് മുതൽ ആരംഭിക്കുന്ന പദ്ധതി 2029 ഡിസംബർ വരെ നീളും. ഹരിത ഊർജ ലക്ഷ്യങ്ങളിലേക്കുള്ള ഓസ്ട്രേലിയയുടെ കുതിപ്പിന് ഈ സംരംഭം കരുത്തേകുമെന്നാണ് വിലയിരുത്തൽ.
News by
Sajin Thiruvallam
News Editor

News Editor