ഓസ്ട്രേലിയയിൽ അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കാൻ അൽബനീസീ സർക്കാർ;ആർക്കൊക്കെ ഗുണം ലഭിക്കും? എത്ര രൂപയുടെ വർദ്ധനവ്?
ആർക്കൊക്കെ ഗുണം ലഭിക്കും?
എത്ര രൂപയുടെ വർദ്ധനവ്?
ഓസ്ട്രേലിയയിലെ ജീവിതച്ചെലവ് (Cost of living) കുതിച്ചുയരുന്ന സാഹചര്യത്തിൽ, കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസമായി വീണ്ടും ശമ്പള വർദ്ധനവിന് ശുപാർശ നൽകി ഫെഡറൽ സർക്കാർ. ഫെയർ വർക്ക് കമ്മീഷന്റെ (Fair Work Commission) വാർഷിക വേതന അവലോകനത്തിലാണ് (Annual Wage Review) അടിസ്ഥാന ശമ്പളവും (Minimum wage) അവാർഡ് നിരക്കിലുള്ള ശമ്പളവും വർദ്ധിപ്പിക്കാൻ സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്. കെയർ വർക്കർമാർ, നഴ്സുമാർ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഓസ്ട്രേലിയൻ മലയാളി സമൂഹത്തിനും ഈ നീക്കം വലിയൊരു ആശ്വാസമാകും.
ആർക്കൊക്കെ ഗുണം ലഭിക്കും?: രാജ്യത്തെ തൊഴിൽസേനയുടെ നാലിലൊന്ന് വരുന്ന ഏകദേശം 2.7 ദശലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കെയർ വർക്കർമാർ, ബാരിസ്റ്റകൾ, ക്ലർക്കുമാർ, പാചകക്കാർ തുടങ്ങിയ കുറഞ്ഞ വരുമാനക്കാരായ വിഭാഗങ്ങൾക്കാണ് ഇത് ഏറെ ഗുണം ചെയ്യുക.
എത്ര രൂപയുടെ വർദ്ധനവ്?: ഫെയർ വർക്ക് കമ്മീഷന്റെ സ്വതന്ത്രമായ തീരുമാനത്തെ മാനിക്കുന്നതിനാൽ, ഇത്ര ശതമാനം ശമ്പളം വർദ്ധിപ്പിക്കണം എന്ന് സർക്കാർ കൃത്യമായി നിർദ്ദേശിച്ചിട്ടില്ല. പകരം, സാമ്പത്തികമായി നിലനിൽക്കുന്നതും പണപ്പെരുപ്പത്തെ മറികടക്കാൻ സഹായിക്കുന്നതുമായ ഒരു വർദ്ധനവ് (Economically sustainable real wage increase) നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വർദ്ധനവിന് പിന്നിലെ കാരണങ്ങൾ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ മൂലമുള്ള ആഗോള സാമ്പത്തിക അനിശ്ചിതത്വവും, ഇന്ധന വിലക്കയറ്റവും കുടുംബ ബജറ്റുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ താഴെത്തട്ടിലുള്ള തൊഴിലാളികൾക്ക് സാമ്പത്തിക പരിരക്ഷ നൽകുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സ്ത്രീകൾക്ക് മുൻഗണന: അവാർഡ് നിരക്കിൽ ജോലി ചെയ്യുന്നവരിൽ കൂടുതലും സ്ത്രീകളായതിനാൽ, ഈ ശമ്പള വർദ്ധനവ് ഓസ്ട്രേലിയയിലെ ജെൻഡർ പേ ഗ്യാപ്പ് (Gender pay gap) കുറയ്ക്കുന്നതിനും വലിയൊരു പങ്കുവഹിക്കും.
മന്ത്രിമാരുടെ പ്രതികരണങ്ങൾ
കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസം നൽകാൻ ഈ നീക്കം സഹായിക്കുമെന്ന് തൊഴിൽ-തൊഴിലിട ബന്ധ വകുപ്പ് മന്ത്രി അമാൻഡ റിഷ്വർത്ത് വ്യക്തമാക്കി. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവർ പെട്ടെന്നുള്ള സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടുപോകാൻ സാധ്യത കൂടുതലാണെന്നും, അവരുടെ ജീവിതനിലവാരം ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ധനവില വർദ്ധനവും മറ്റ് സാമ്പത്തിക സമ്മർദ്ദങ്ങളും അനുഭവിക്കുന്ന തൊഴിലാളികൾക്ക് സാമ്പത്തികമായി പിന്തുണ നൽകേണ്ടത് അത്യാവശ്യമാണെന്ന് ട്രഷറർ ജിം ചാൽമേഴ്സ് പറഞ്ഞു. നികുതിയിളവുകൾ, വില കുറഞ്ഞ മരുന്നുകൾ, കൂടുതൽ ബൾക്ക് ബില്ലിംഗ് തുടങ്ങിയ മറ്റ് ആശ്വാസ നടപടികൾക്കൊപ്പം വേതന വർദ്ധനവ് കൂടിയാകുമ്പോൾ ജനങ്ങൾക്ക് ഈ സാമ്പത്തിക പ്രതിസന്ധിയെ എളുപ്പത്തിൽ നേരിടാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കാലങ്ങളിലെ നേട്ടം
2022-ൽ ആൽബനീസ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം, അടിസ്ഥാന ശമ്പളത്തിൽ പ്രതിവാരം 175.40 ഡോളറിന്റെ വർദ്ധനവാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്. കുറഞ്ഞ വേതനം ലഭിക്കുന്ന ഒരു തൊഴിലാളിക്ക് ശരാശരി 9000 ഡോളറിന്റെ അധിക വരുമാനം ഇതുവഴി നേടാനായിട്ടുണ്ട്. ഈ വർഷത്തെ ഫെയർ വർക്ക് കമ്മീഷന്റെ അന്തിമ തീരുമാനം കൂടി വരുന്നതോടെ ഓസ്ട്രേലിയൻ തൊഴിലാളികൾക്ക് വീണ്ടും മികച്ചൊരു വർദ്ധനവ് പ്രതീക്ഷിക്കാം.