ഓസ്ട്രേലിയയിൽ വൻ വിദ്യാഭ്യാസ മാറ്റങ്ങൾ; Australian University Reforms ബില്ല് പാർലമെന്റിൽ
ഓസ്ട്രേലിയയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കി Australian University Reforms പാർലമെന്റിൽ അവതരിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഗ്രാമീണ മേഖലയിലുള്ളവർക്കും യൂണിവേഴ്സിറ്റി പഠനം കൂടുതൽ എളുപ്പമാക്കുകയാണ് ഈ പുതിയ നിയമത്തിന്റെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് കൂടുതൽ സീറ്റുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്ന ഈ ബിൽ ഓസ്ട്രേലിയൻ വിദ്യാഭ്യാസ മേഖലയുടെ തലവര മാറ്റുമോ?
യൂണിവേഴ്സിറ്റി പ്രവേശനം എളുപ്പമാക്കാൻ പുതിയ നിയമം
വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനായി ആൽബനീസീ സർക്കാർ (Albanese Government) പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ (Jason Clare) അവതരിപ്പിച്ച Universities Accord (Opening the Doors of Opportunity) Bill ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി സിസ്റ്റത്തിൽ രണ്ട് പ്രധാന പരിഷ്കാരങ്ങളാണ് കൊണ്ടുവരുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ യൂണിവേഴ്സിറ്റികൾക്കായി 3.6 ബില്യൺ ഡോളറിന്റെ അധിക ഫണ്ടിംഗ് ആണ് ഇതിലൂടെ സർക്കാർ ഉറപ്പാക്കുന്നത്.
കൂടുതൽ സീറ്റുകളും മികച്ച ഫണ്ടിംഗും (Managed Growth Funding)
ഓസ്ട്രേലിയയിൽ ഉന്നത പഠനം ആഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കൂടുതൽ സീറ്റുകൾ ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് വർഷത്തേക്ക് പ്രതിവർഷം 16,000 അധിക വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും.
2030 ആകുമ്പോഴേക്കും ഇത് പ്രതിവർഷം 19,000 അധിക സീറ്റുകളായി ഉയർത്തും.
അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ പുതുതായി 2,30,000 വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി പഠനം ആരംഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഈ മാറ്റങ്ങൾ സുഗമമായി നടപ്പിലാക്കാൻ ഓസ്ട്രേലിയൻ ടെർഷ്യറി എഡ്യൂക്കേഷൻ കമ്മീഷന് (ATEC) പൂർണ്ണ അധികാരം നൽകും. ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമുള്ളത്ര സീറ്റുകൾ അനുവദിക്കാൻ കമ്മീഷന് കഴിയും. ഇതിനർത്ഥം ഇത്തരം വിദ്യാർത്ഥികൾക്ക് ഇനി സീറ്റ് പരിമിതികൾ ഉണ്ടാകില്ല എന്നാണ്.
ആവശ്യങ്ങൾക്കനുസരിച്ചുള്ള സാമ്പത്തിക സഹായം (Needs-based Funding)
സ്കൂൾ വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ ‘ഗോൺസ്കി മോഡൽ’ (Gonski model) യൂണിവേഴ്സിറ്റി തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് ഈ ബില്ലിലൂടെ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ, ഫസ്റ്റ് നേഷൻസ് (First Nations) വിദ്യാർത്ഥികൾ, പ്രാദേശിക കാമ്പസുകളിൽ പഠിക്കുന്നവർ എന്നിവർക്ക് ഇനി കൂടുതൽ സഹായം ലഭിക്കും.
ട്യൂട്ടോറിംഗ്, മെന്ററിംഗ്, സ്കോളർഷിപ്പുകൾ, അടിയന്തര സാമ്പത്തിക സഹായം എന്നിവയ്ക്കായി യൂണിവേഴ്സിറ്റികൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കും. ബിൽ പ്രകാരം അടിസ്ഥാന ഇക്വിറ്റി തുകയായി $1,535 ഉം, പ്രാദേശിക വിദ്യാർത്ഥികൾക്ക് അടിസ്ഥാന തുകയായി $1,398 ഉം ലഭിക്കും. മുൻകാല പദ്ധതികളേക്കാൾ ഇരട്ടിയിലധികമാണ് ഈ തുക. 2050 ഓടെ ഓസ്ട്രേലിയയിലെ തൊഴിലാളികളിൽ 80 ശതമാനം പേർക്കും യൂണിവേഴ്സിറ്റി അല്ലെങ്കിൽ ടാഫ് (TAFE) യോഗ്യത ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ അന്തിമ ലക്ഷ്യമെന്ന് മന്ത്രി ജേസൺ ക്ലെയർ വ്യക്തമാക്കി.
News by
Sajin Thiruvallam
News Editor

News Editor