ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശനം: ഓസ്‌ട്രേലിയയിൽ പ്രതിഷേധം കനത്തു; അക്രമാസക്തമായി
Updates :-
സിഡ്‌നി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സന്ദർശനത്തിനെതിരെ സിഡ്‌നിയിൽ നടന്ന പ്രതിഷേധ റാലിയിൽ സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് 27 പേരെ ന്യൂ സൗത്ത് വെയിൽസ് (NSW) പോലീസ് അറസ്റ്റ് ചെയ്തു.
പോലീസിന് നേരെ ആക്രമണം അറസ്റ്റിലായവരിൽ 10 പേർക്കെതിരെ പോലീസിനെ ആക്രമിച്ചതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്ഥലത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ നഗരത്തിൽ മണിക്കൂറുകളോളം ആശങ്ക സൃഷ്ടിച്ചു.
സിഡ്‌നി/മെൽബൺ:
ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ഓസ്‌ട്രേലിയൻ സന്ദർശനത്തെത്തുടർന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിൽ കനത്ത പ്രതിഷേധം. സിഡ്‌നിയിലും മെൽബണിലും നടന്ന പ്രതിഷേധ റാലികൾ പലയിടത്തും അക്രമാസക്തമായതോടെ പോലീസ് ബലപ്രയോഗത്തിലൂടെയാണ് ജനക്കൂട്ടത്തെ നേരിട്ടത്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായേൽ പ്രസിഡന്റ് ‘യുദ്ധക്കുറ്റവാളി’യാണെന്നും ആരോപിച്ചാണ് ആയിരക്കണക്കിന് പലസ്തീൻ അനുകൂലികൾ തെരുവിലിറങ്ങിയത്. സിഡ്‌നി ടൗൺ ഹാളിൽ നിന്ന് പാർലമെന്റ് ഹൗസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കുരുമുളക് സ്പ്രേ (Pepper spray) പ്രയോഗിച്ചു. പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ മർദ്ദിക്കുന്നതിന്റെയും ബലമായി പിടിച്ചുമാറ്റുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സന്ദർശനത്തെ ‘മേജർ ഇവന്റ്’ ആയി പ്രഖ്യാപിച്ച സർക്കാർ നടപടി സുപ്രീം കോടതി ശരിവെച്ചതോടെ പോലീസിന് ലഭിച്ച വിപുലമായ അധികാരങ്ങൾ ഉപയോഗിച്ചാണ് നടപടി. എന്നാൽ, ഇത് പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.

അതെസമയം, പ്രതിഷേധങ്ങൾക്കിടയിലും ഔദ്യോഗിക പരിപാടികളുമായി ഹെർസോഗ് മുന്നോട്ട് പോയി. ബോണ്ടി ബീച്ചിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. “ദുരന്തമുഖത്ത് ഓസ്‌ട്രേലിയൻ ജനതയുടെ ഐക്യവും മനുഷ്യത്വവുമാണ് താൻ കണ്ടതെന്നാണ്” അദ്ദേഹം പ്രതികരിച്ചത്.

നിരവധി പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. സന്ദർശനം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഓസ്‌ട്രേലിയൻ സമൂഹത്തിൽ ഈ സന്ദർശനം വലിയ ചേരിതിരിവ് സൃഷ്ടിച്ചിരിക്കുകയാണ്.

