ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഓസ്ട്രേലിയ ദിനം; 49.5 ഡിഗ്രി; ഉരുകിയൊലിച്ച് സൗത്ത് ഓസ്ട്രേലിയ
അഡലെയ്ഡ്: സൗത്ത് ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ഓസ്ട്രേലിയ ദിനമാണ് (Australia Day) കടന്നുപോകുന്നത്. അഡലെയ്ഡ് നഗരം റെക്കോർഡ് ചൂടിൽ വെന്തുരുകിയപ്പോൾ, സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശമായ സെഡ്യൂണയിൽ (Ceduna) താപനില 49.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
ഇന്ന് വൈകുന്നേരം 4:30-ഓടെയാണ് സെഡ്യൂണയിൽ 49.5 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. 2019-ൽ രേഖപ്പെടുത്തിയ 48.9 ഡിഗ്രിയെന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഈ പ്രദേശത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന താപനിലയാണിത്.
അതെസമയം, അഡലെയ്ഡിലെ വെസ്റ്റ് ടെറസിൽ താപനില 44 ഡിഗ്രിക്ക് മുകളിലെത്തി. 2006-ൽ രേഖപ്പെടുത്തിയ 41.1 ഡിഗ്രിയായിരുന്നു ഇതിനു മുൻപുള്ള ഓസ്ട്രേലിയ ദിനത്തിലെ ഉയർന്ന താപനില.
പോർട്ട് അഗസ്റ്റ, പോർട്ട് പിരി, ടാർക്കൂല എന്നിവിടങ്ങളിൽ 48 ഡിഗ്രിക്ക് മുകളിലും, കൂബർ പെഡി, വൂമറ എന്നിവിടങ്ങളിൽ 47 ഡിഗ്രിക്ക് മുകളിലും ചൂട് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ഉഷ്ണതരംഗം (Heatwave) നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയിലെ കുറഞ്ഞ താപനില പോലും 31 ഡിഗ്രി ആയിരിക്കുമെന്നാണ് പ്രവചനം. ഇത് 2019 ഡിസംബറിന് ശേഷമുള്ള ഏറ്റവും ചൂടേറിയ രാത്രിയായിരിക്കും.
ചൊവ്വാഴ്ച ഉച്ചയോടെ മാത്രമേ ചൂടിന് അല്പമെങ്കിലും ശമനമുണ്ടാകൂ. എന്നാൽ ശക്തമായ വടക്ക്-പടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച ‘അതീവ അഗ്നിബാധ ഭീഷണി’ (Extreme Fire Danger) നിലനിൽക്കുന്നുണ്ട്. മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ എസ്.ഇ.എസ് (SES) ജാഗ്രതാ നിർദ്ദേശം നൽകിയിടുണ്ട്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ടോട്ടൽ ഫയർ ബാൻ (Total Fire Ban) പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയുടെ പകുതിയോടെ ചൂട് കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (BOM) അറിയിക്കുന്നത്.