സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്തു; ബ്രിട്ടീഷ് യുവാവിന് ഓസ്ട്രേലിയ നൽകിയത് ‘ഗോൾഡൻ വിസ’
സിഡ്നി: ഓസ്ട്രേലിയൻ വിദേശകാര്യ വകുപ്പിന്റെ (DFAT) വെബ്സൈറ്റിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ ബ്രിട്ടീഷ് ഹാക്കർക്ക് ഓസ്ട്രേലിയ നൽകിയത് രാജ്യത്തെ ഏറ്റവും അപൂർവ്വമായ വിസകളിലൊന്ന്. ലണ്ടൻ സ്വദേശിയായ 36-കാരൻ ജേക്കബ് റിഗ്സ് (Jacob Riggs) എന്ന സൈബർ സെക്യൂരിറ്റി വിദഗ്ദ്ധനാണ് ഈ ഭാഗ്യം ലഭിച്ചത്.
തന്റെ വിസ അപേക്ഷ വേഗത്തിൽ പരിഗണിക്കപ്പെടാൻ വേണ്ടിയാണ് റിഗ്സ് ഈ ‘സാഹസത്തിന്’ മുതിർന്നത്. വെറും 1 മണിക്കൂർ 50 മിനിറ്റ് കൊണ്ടാണ് അദ്ദേഹം വെബ്സൈറ്റിലെ ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തിയത്. ഇത് അധികൃതരെ അറിയിച്ചതോടെ, നോബൽ സമ്മാന ജേതാക്കൾക്കും ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്കും മാത്രം സാധാരണയായി നൽകി വരുന്ന ‘858 നാഷണൽ ഇന്നൊവേഷൻ വിസ’ (Global Talent Visa) നൽകി ഓസ്ട്രേലിയ അദ്ദേഹത്തെ ആദരിച്ചു.
പിഎച്ച്ഡിയോ പേറ്റന്റുകളോ ഇല്ലാത്തതിനാൽ തന്റെ കഴിവ് തെളിയിക്കാനാണ് സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് റിഗ്സ് പറഞ്ഞു. ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (GTA) പോലുള്ള ഗെയിമുകൾ ഹാക്ക് ചെയ്താണ് താൻ ഈ രംഗത്തേക്ക് വന്നതെന്നും, ഓസ്ട്രേലിയൻ ജീവിതശൈലി ഇഷ്ടമായതുകൊണ്ടാണ് ഇങ്ങോട്ട് മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷത്തോടെ അദ്ദേഹം സിഡ്നിയിലേക്ക് താമസം മാറും.
Source credit: The Australian