ഓസ്‌ട്രേലിയയിൽ 2 ദശലക്ഷം ഡോളറിന്റെ നിരോധിത – ഉത്തേജക മരുന്നുകൾ കടത്തി ; 3 പേർ അറസ്റ്റിൽ

admin ഏപ്രിൽ 17, 2026
ഓസ്‌ട്രേലിയയിൽ 2 ദശലക്ഷം ഡോളറിന്റെ നിരോധിത – ഉത്തേജക മരുന്നുകൾ കടത്തി ; 3 പേർ അറസ്റ്റിൽ

മെൽബൺ: ഓസ്‌ട്രേലിയയിലേക്ക് അനധികൃതമായി നിരോധിത സ്പോർട്സ് മരുന്നുകളും മറ്റ് ഉത്തേജക മരുന്നുകളും (Performance and Image Enhancing Drugs – PIEDs) കടത്തുന്ന സംഘത്തെ പിടികൂടി. ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സും (ABF) തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷനും (TGA), വിക്ടോറിയ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2 ദശലക്ഷം ഡോളറിലധികം (ഏകദേശം 11 കോടി രൂപ) വിലമതിക്കുന്ന അനധികൃത സ്റ്റിറോയിഡുകളും പെപ്റ്റൈഡുകളും പിടിച്ചെടുത്തത്. സംഭവത്തിൽ വിക്ടോറിയയിൽ നിന്നുള്ള രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്.

എട്ട് മാസം നീണ്ടുനിന്ന രഹസ്യാന്വേഷണത്തിനൊടുവിലാണ് വലിയൊരു മരുന്ന് മാഫിയയെ അന്വേഷണ ഏജൻസികൾ കുടുക്കിയത്. എയർ കാർഗോ വഴി എത്തിയ 640 കുപ്പി (vials) PIEDs കഴിഞ്ഞ ഓഗസ്റ്റിൽ അധികൃതർ പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. 2025 ഏപ്രിൽ മുതൽ ഇതേ വിലാസത്തിലേക്ക് സമാനമായ രീതിയിൽ 76 തവണ മരുന്നുകൾ എത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

ടി.ജി.എ (TGA) നടത്തിയ സമാന്തര അന്വേഷണത്തിൽ രജിസ്റ്റർ ചെയ്യാത്തതും നിയമവിരുദ്ധവുമായ മരുന്നുകൾ, പ്രത്യേകിച്ച് കുത്തിവെക്കാൻ ഉപയോഗിക്കുന്ന പെപ്റ്റൈഡ് ഉൽപ്പന്നങ്ങൾ, അനധികൃതമായി നിർമ്മിച്ച് വിതരണം ചെയ്യുന്നതായും പരസ്യം നൽകുന്നതായും തെളിഞ്ഞു.


Photo : ABF

റെയ്ഡും അറസ്റ്റും മാർച്ച് 26-ന് മെൽബണിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള ഒരു സ്ഥാപനത്തിലും വീട്ടിലും എ.ബി.എഫും ടി.ജി.എയും സംയുക്തമായി പരിശോധന നടത്തി. ഇവിടെ നിന്നും 10,000 കുപ്പി മരുന്നുകളും 600 ഗുളികകളും കഞ്ചാവ് വിത്തുകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. തുടർന്ന് 47 കാരനായ ഒരു വിക്ടോറിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാർച്ച് 30-ന് മെൽബൺ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഓഗസ്റ്റ് മൂന്നിന് ഇയാൾ വീണ്ടും കോടതിയിൽ ഹാജരാകണം.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാർച്ച് 31-ന് വീണ്ടും പരിശോധനകൾ നടന്നു. ഇവിടെ നിന്ന് നിരോധിത മരുന്നുകൾ, കഞ്ചാവ്, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ആറ് പെപ്പർ സ്പ്രേകൾ, ഒരു ടേസർ എന്നിവ കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ 46 വയസ്സുള്ള പുരുഷനെയും 42 വയസ്സുള്ള സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്. ഇവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ രാജ്യാന്തര തലത്തിലുള്ള മരുന്ന് മാഫിയകളെ തകർക്കാൻ വിവിധ ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനത്തിലൂടെ സാധിച്ചുവെന്ന് എ.ബി.എഫ് കമാൻഡർ ഗ്രെയിം കാംബെൽ പറഞ്ഞു. അംഗീകാരമില്ലാത്ത ഇത്തരം മരുന്നുകൾ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇവ സമൂഹത്തിൽ എത്താതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അംഗീകാരമില്ലാത്ത സ്റ്റിറോയിഡുകളും പെപ്റ്റൈഡുകളും, പ്രത്യേകിച്ച് കുത്തിവെപ്പിലൂടെ എടുക്കുന്നവ, ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ടി.ജി.എ മേധാവി പ്രൊഫസർ ആന്റണി ലോലർ വ്യക്തമാക്കി. അണുബാധ, ശരീരകലകൾക്ക് കേടുപാടുകൾ സംഭവിക്കൽ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാം.

അതിർത്തി സുരക്ഷയെ ബാധിക്കുന്ന സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘ബോർഡർ വാച്ച്’ (Border Watch) വെബ്സൈറ്റിലൂടെയോ, വ്യാജ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ ടി.ജി.എയുടെ ഓൺലൈൻ പോർട്ടൽ വഴിയോ അറിയിക്കാൻ അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW