ACCC ആരോപണങ്ങൾ തള്ളി Woolworths
സിഡ്നി : ഓസ്‌ട്രേലിയൻ കൺസ്യൂമർ വാച്ച്ഡോഗായ എഎസിസി (ACCC) ഉന്നയിച്ച ‘വ്യാജ ഡിസ്‌കൗണ്ട്’ (Fake Discount) ആരോപണങ്ങൾ ഫെഡറൽ കോടതിയിൽ ശക്തമായി നിഷേധിച്ച് സൂപ്പർമാർക്കറ്റ് ഭീമനായ വൂൾവർത്ത്‌സ്. ഉപഭോക്താക്കളെ ഒരു ഘട്ടത്തിലും തെറ്റിദ്ധരിപ്പിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി ഇന്ന് കോടതിയിൽ വ്യക്തമാക്കി. കോവിഡിനു ശേഷമുണ്ടായ കടുത്ത പണപ്പെരുപ്പവും വിതരണക്കാരുടെ (suppliers) ഭാഗത്തുനിന്നുണ്ടായ അമിതമായ വില വർധനവുമാണ് സാധനങ്ങളുടെ വില ഉയർത്താൻ കാരണമായതെന്നാണ് വൂൾവർത്ത്‌സിന്റെ വാദം. ഈ പ്രതിസന്ധിക്കിടയിലും ഉപഭോക്താക്കൾക്ക് പരമാവധി വിലക്കിഴിവ് നൽകാനാണ് കമ്പനി ശ്രമിച്ചതെന്നും അവരുടെ ലീഗൽ ടീം കോടതിയെ അറിയിച്ചു.
എഎസിസിയുടെ പ്രധാന ആരോപണങ്ങൾ
വൂൾവർത്ത്‌സിന്റെ ജനപ്രിയ പ്രമോഷനായ “Prices Dropped” (വിലകൾ കുറച്ചു) എന്നത് വെറുമൊരു “മാർക്കറ്റിങ് മാജിക്” ആണെന്നും ഇതിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുകയാണ് ചെയ്തതെന്നുമാണ് എഎസിസി ആരോപിക്കുന്നത്.
2021 സെപ്റ്റംബർ മുതൽ 2023 മെയ് വരെയുള്ള കാലയളവിൽ 266-ലധികം ഉൽപ്പന്നങ്ങളുടെ വില കമ്പനി മനപ്പൂർവ്വം കുത്തനെ ഉയർത്തി. (15 ശതമാനത്തിലധികം വർധനവ്, 22 മുതൽ 45 ദിവസം വരെ ഈ ഉയർന്ന വില നിലനിർത്തി).
ഇതിന് ശേഷം “Prices Dropped” പ്രമോഷന്റെ ഭാഗമായി ഈ സാധനങ്ങൾക്ക് വില കുറച്ചതായി പരസ്യം ചെയ്തു.
എന്നാൽ, ഈ പുതിയ “കുറഞ്ഞ വില”, സാധനങ്ങൾക്ക് ആദ്യം ഉണ്ടായിരുന്ന സ്ഥിര വിലയേക്കാൾ ഉയർന്നതോ അതിന് തുല്യമോ ആയിരുന്നു എന്നതാണ് വാസ്തവം.
ചുവപ്പും വെള്ളയും നിറത്തിലുള്ള ഷെൽഫ് ടിക്കറ്റുകളിൽ “was $X, now $Y” (പഴയ വില $X, പുതിയ വില $Y) എന്ന് കാണിച്ച് യഥാർത്ഥത്തിൽ ഇല്ലാത്ത ഡിസ്‌കൗണ്ട് നൽകുന്നതായി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എഎസിസി കോടതിയിൽ വാദിച്ചു.
തെളിവായി ചൂണ്ടിക്കാണിച്ച ഉൽപ്പന്നങ്ങൾ
കോടതിയിൽ എഎസിസി ഹാജരാക്കിയ 12 പ്രതിനിധി ഉൽപ്പന്നങ്ങളിൽ ഓറിയോ ഫാമിലി പാക്ക്, ലക്കി ഡോഗ് ബോൺസ്, സ്റ്റേ ഫ്രീ പാഡുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ഓറിയോ ഫാമിലി പാക്ക്: 696 ദിവസത്തോളം $3.50-ന് വിറ്റിരുന്ന ഉൽപ്പന്നം വെറും 22 ദിവസത്തേക്ക് $5 ആയി ഉയർത്തി. പിന്നീട് “Prices Dropped” കാണിച്ച് $4.50 ആക്കി മാറ്റി. ഇത് യഥാർത്ഥ വിലയേക്കാൾ 29 ശതമാനം കൂടുതലാണ്.
ലക്കി ഡോഗ് ബോൺസ്: $4.50-ൽ നിന്ന് $6.50 ആക്കി 29 ദിവസം വിറ്റു, പിന്നീട് ഡിസ്‌കൗണ്ട് കാണിച്ച് $6-ന് വിൽപ്പന നടത്തി.
സ്റ്റേ ഫ്രീ പാഡുകൾ: $4.50-ൽ നിന്ന് $5.30 ആക്കി, പിന്നീട് $4.80 ആയി കുറച്ചതായി കാണിച്ചു.
ഇതൊന്നും യഥാർത്ഥ ഡിസ്‌കൗണ്ടുകളല്ലെന്നും, തികച്ചും മിഥ്യാധാരണ (illusory) സൃഷ്ടിക്കുന്നതാണെന്നും എഎസിസി ബാരിസ്റ്റർ മൈക്കൽ ഹോഡ്ജ് വാദിച്ചു. ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ഈ തന്ത്രം അവരുടെ ശരിയായ തീരുമാനമെടുക്കാനുള്ള കഴിവിനെ ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൂൾവർത്ത്‌സിന്റെ മറുപടി വാദം
വൂൾവർത്ത്‌സിന്റെ ലീഗൽ ടീം തലവൻ റോബർട്ട് യെസെർസ്‌കി എസ്‌സി ഈ വാദങ്ങളെ ശക്തമായി എതിർത്തു. “പണപ്പെരുപ്പത്തിന്റെ യാഥാർത്ഥ്യം നാം മറച്ചുവെക്കരുത്. കോവിഡിന് ശേഷം വിതരണക്കാർ 4 മുതൽ 5 മടങ്ങ് വരെ വില വർധനവാണ് ആവശ്യപ്പെട്ടത്. വിലക്കയറ്റം ഉണ്ടാകുമെന്ന് ഉപഭോക്താക്കൾക്കും അറിയാമായിരുന്നു,” അദ്ദേഹം പറഞ്ഞു. പല ഉൽപ്പന്നങ്ങളുടെയും പുതിയ വില മുൻകൂട്ടി തീരുമാനിച്ചതാണെന്നും, വിതരണക്കാരുമായി ചർച്ച നടത്തി ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഡീൽ ലഭ്യമാക്കുകയാണ് ചെയ്തതെന്നും കമ്പനി വ്യക്തമാക്കി. ആരോപണങ്ങളോട് പൂർണ്ണമായും വിയോജിക്കുന്നുവെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
കോടതി നടപടികളും പശ്ചാത്തലവും
വില വർധനവിന്റെ ഹ്രസ്വകാല സ്വഭാവത്തെക്കുറിച്ച് (45 ദിവസത്തിൽ താഴെ) ജസ്റ്റിസ് മൈക്കൽ ഒ’ബ്രയൻ കോടതിയിൽ ചോദ്യങ്ങളുന്നയിച്ചു. ഉപഭോക്താക്കൾ പഴയ വിലയും പുതിയ വിലയും തമ്മിൽ ഇത്ര സൂക്ഷ്മമായി വിശകലനം ചെയ്യുമെന്ന എഎസിസിയുടെ അനുമാനം എത്രത്തോളം പ്രായോഗികമാണെന്നും അദ്ദേഹം ചോദിച്ചു.
2024-ൽ വൂൾവർത്ത്‌സിനും കോൾസിനും എതിരെ എഎസിസി ഫയൽ ചെയ്ത സംയുക്ത കേസിന്റെ ഭാഗമാണിത്. കോൾസിനെതിരായ കേസിൽ (“Down Down” പ്രമോഷൻ) ഫെബ്രുവരിയിൽ വാദം പൂർത്തിയായെങ്കിലും വിധി വന്നിട്ടില്ല. കേസിൽ പരാജയപ്പെട്ടാൽ വൂൾവർത്ത്‌സിന് കോടിക്കണക്കിന് ഡോളർ പിഴയും സൽപ്പേരിന് മങ്ങലും സംഭവിക്കാം. മറിച്ച് വൂൾവർത്ത്‌സ് ജയിച്ചാൽ അത് എഎസിസിയുടെ വിശ്വാസ്യതയ്ക്ക് കനത്ത തിരിച്ചടിയാകും. ഓസ്‌ട്രേലിയൻ ഉപഭോക്തൃ നിയമത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായകമായ ഒരു വിധിയായിരിക്കും ഈ കേസിലേത് എന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്.
News by
Sajin Thiruvallam
News Editor

News Editor