ഡേകെയറിൽ നിന്ന് മടങ്ങുകയായിരുന്ന മൂന്നുവയസ്സുകാരി വാഹനം ഇടിച്ച് മരിച്ചു; നടുക്കം മാറാതെ കുടുംബം
Photo Credit : 7 News
കാബൂൾച്ചർ (ക്വീൻസ്ലാൻഡ്): ഡേകെയറിൽ നിന്ന് കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നുവയസ്സുകാരി വാഹനിടിച്ച് മരിച്ചു. ക്വീൻസ്ലാൻഡിലെ കാബൂൾച്ചറിലാണ് കുടുംബത്തെയും പ്രാദേശിക സമൂഹത്തെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ദാരുണമായ അപകടം നടന്നത്. എഷ എന്ന മൂന്നുവയസ്സുകാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം (ചൊവ്വാഴ്ച) വൈകുന്നേരം 6.47-ഓടെയായിരുന്നു സംഭവം.
കൺമുന്നിൽ പൊലിഞ്ഞ ജീവൻ
അമ്മയ്ക്കും മുത്തശ്ശിക്കും രണ്ടുവയസ്സുകാരനായ ഇളയ സഹോദരനുമൊപ്പം റോഡരികിലൂടെ നടന്നുപോവുകയായിരുന്നു എഷ. ലിൻഫീൽഡ് ഡ്രൈവിൽ നിന്ന് ടൂഹി സ്ട്രീറ്റിലേക്ക് തിരിയുകയായിരുന്ന നിസാൻ നവാര യൂട്ട് (Ute) കുട്ടിയെ ഇടിക്കുകയായിരുന്നു. പാരാമെഡിക്കൽ സംഘം ഉടൻ തന്നെ സ്ഥലത്തെത്തി അടിയന്തര ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണം പുരോഗമിക്കുന്നു
49 വയസ്സുള്ള കാബൂൾച്ചർ സ്വദേശിനിയാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിന് ശേഷം ഇവർ പൊലീസുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ട്. വാഹനം തിരിയുന്നതിനിടെ നിർത്തിയിട്ടിരുന്ന ഒരു ബസ്സ് കാരണം ഡ്രൈവറുടെ കാഴ്ച മറഞ്ഞിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടിയതാണോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. ഇതൊരു മനപ്പൂർവ്വമുള്ള കുറ്റകൃത്യമല്ലെന്നും അപ്രതീക്ഷിതമായി സംഭവിച്ച വലിയൊരു ദുരന്തമായാണ് (Tragic accident) കാണുന്നതെന്നും പൊലീസ് വ്യക്തമാക്കി. സമീപത്തെ വീടുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് ബർപെൻഗറി ഫോറൻസിക് ക്രാഷ് യൂണിറ്റിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
തകർന്ന് കുടുംബം; കണ്ണീരോടെ നാട്
അപകടത്തിന്റെ ആഘാതത്തിൽ മാനസികമായി തകർന്ന 29-കാരിയായ അമ്മയെയും 53-കാരിയായ മുത്തശ്ശിയെയും ഇളയ കുട്ടിയെയും ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഷ വളരെ ഊർജ്ജസ്വലയായ, എല്ലാവർക്കും സ്നേഹം നൽകുന്ന ഒരു പ്രത്യേക കുട്ടിയായിരുന്നുവെന്ന് മുത്തശ്ശി അംതുസ് അക്ബർ വിതുമ്പലോടെ പറഞ്ഞു. “അവൾ സ്നേഹം നൽകാനും വാങ്ങാനും ആഗ്രഹിച്ചിരുന്നു; അവൾ കെട്ടിപ്പിടിക്കുന്ന രീതി തന്നെ പ്രത്യേകതയുള്ളതായിരുന്നു,” മുത്തശ്ശി ഓർക്കുന്നു.
അപകടം നടന്നയുടൻ ഹൃദയഭേദകമായ നിലവിളികൾ കേട്ട് പ്രദേശവാസികൾ ഓടിക്കൂടിയെങ്കിലും ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. അപകടം നടന്ന സ്ഥലത്ത് കുട്ടിയുടെ ഓർമ്മയ്ക്കായി പൂക്കളും ടെഡി ബെയറുകളും അർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് പ്രദേശവാസികൾ.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളോ ഡാഷ്കാം/സിസിടിവി ദൃശ്യങ്ങളോ ലഭിക്കുന്നവർ പോലീസിനെ (റഫറൻസ് നമ്പർ: QP2600772013) ബന്ധപ്പെടാൻ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
News by
Sajin Thiruvallam
News Editor

News Editor