ഓസ്‌ട്രേലിയയിൽ വമ്പൻ പ്രഖ്യാപനം; സാംസ്കാരിക പരിപാടികൾക്കായി 1 ദശലക്ഷം ഡോളറിന്റെ NSW Multicultural Grants 2026
NSW-ലെ വിവിധ സാംസ്കാരിക, സാമൂഹിക പരിപാടികൾക്കായി 1 ദശലക്ഷം ഡോളറിന്റെ NSW Multicultural Grants 2026 പ്രഖ്യാപിച്ച് മിൻസ് ലേബർ ഗവൺമെൻ്റ്. സമുദായ സംഘടനകൾക്ക് തങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങൾ ആഘോഷിക്കാനായി സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. ‘സ്ട്രോങ്ങർ ടുഗെദർ ഫെസ്റ്റിവൽ ആൻഡ് ഇവന്റ് ഗ്രാൻ്റ്സ്’ (Stronger Together Festival and Event Grants) വഴി കമ്മ്യൂണിറ്റി സംഘടനകൾക്ക് വലിയൊരു അവസരമാണ് ഇപ്പോൾ ഒരുങ്ങുന്നത്.
സ്ട്രോങ്ങർ ടുഗെദർ ഫെസ്റ്റിവൽ ആൻഡ് ഇവന്റ് ഗ്രാൻ്റുകൾ
വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഒരുമിപ്പിക്കുന്ന സാംസ്കാരിക ആഘോഷങ്ങൾക്കും പരിപാടികൾക്കും ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും. അർഹരായ കമ്മ്യൂണിറ്റി സംഘടനകൾക്ക് അവരുടെ പരിപാടികൾക്കായി $5,000 മുതൽ $20,000 വരെയാണ് ഫണ്ട് അനുവദിക്കുക. ഭക്ഷണമേളകൾ, സംഗീത പരിപാടികൾ, മറ്റ് സാംസ്കാരിക ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കാൻ ഈ ഗ്രാൻ്റ് വലിയൊരു ആശ്വാസമാകും.
അപേക്ഷിക്കേണ്ട തീയതിയും മാനദണ്ഡങ്ങളും
1 ഒക്ടോബർ 2026 നും 30 സെപ്റ്റംബർ 2027 നും ഇടയിൽ നടക്കുന്ന സാംസ്കാരിക ഉത്സവങ്ങൾക്കും ഇവന്റുകൾക്കുമാണ് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുക. മിൻസ് ലേബർ സർക്കാരിന് വേണ്ടി Multicultural NSW ആണ് ഈ ഗ്രാൻ്റുകൾ വിതരണം ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത്.
പദ്ധതിക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 13, 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണി വരെയാണ്. താല്പര്യമുള്ള സംഘടനകൾക്ക് Multicultural NSW വെബ്സൈറ്റ് വഴി കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷ സമർപ്പിക്കാനും സാധിക്കും.
സാംസ്കാരിക ഐക്യം ലക്ഷ്യമിട്ട് സർക്കാർ
വൈവിധ്യമാർന്ന സംസ്കാരങ്ങളെ മനസിലാക്കാനും അവ ആഘോഷിക്കാനും ആളുകൾ നേരിട്ട് ഒത്തുകൂടേണ്ടത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണെന്ന് NSW മൾട്ടി കൾച്ചറലിസം മന്ത്രി സ്റ്റീവ് കാംപർ (Steve Kamper) പറഞ്ഞു.
“ചെറിയ പ്രാദേശിക ഒത്തുചേരലുകൾ മുതൽ വലിയ സാംസ്കാരിക ഉത്സവങ്ങൾ വരെ സംഘടിപ്പിക്കുന്ന നമ്മുടെ സംഘടനകളുടെ ഊർജ്ജവും സർഗ്ഗാത്മകതയും ഓരോ വർഷവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ട്. അവരുടെ ആശയങ്ങൾ മികച്ച പരിപാടികളാക്കി മാറ്റാൻ പിന്തുണ നൽകുന്നതിൽ NSW സർക്കാർ അഭിമാനിക്കുന്നു,” മന്ത്രി കൂട്ടിച്ചേർത്തു. സമൂഹത്തിൽ ഐക്യവും പരസ്പര ധാരണയും വളർത്താൻ ഇത്തരം സാംസ്കാരിക ഒത്തുചേരലുകൾക്ക് കഴിയും.