മെൽബണിൽ റസ്റ്റോറന്റുകൾക്ക് നേരെ വീണ്ടും ബോംബാക്രമണവും തീവെപ്പും : 3 പേർ പിടിയിൽ
മെൽബൺ: നഗരത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയെ ലക്ഷ്യമിട്ടുള്ള അക്രമ പരമ്പരകൾ തുടരുന്നു. മെൽബണിലെ ഡോക്ക്ലാൻഡ്‌സിലുള്ള ലെബനീസ് റസ്റ്റോറന്റിലും സൗത്ത് മെൽബണിലെ ഹോട്ടലിലും ശനിയാഴ്ച പുലർച്ചെ വീണ്ടും അഗ്നിബോംബ് ആക്രമണങ്ങൾ നടന്നു. സംഭവത്തിൽ 16 മുതൽ 22 വയസ്സുവരെ പ്രായമുള്ള മൂന്ന് യുവാക്കളെ വിക്ടോറിയ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഗ്രൂപ്പുകൾ തമ്മിലുള്ള ‘പബ് വാർസിന്റെ’ (Pub Wars) ഭാഗമായാണ് പൊലീസ് ഇതിനെ കാണുന്നത്.
പുലർച്ചെ 3:30-ഓടെ ഡോക്ക്ലാൻഡ്‌സ് ഡ്രൈവിലുള്ള ‘അൽമിന’ റസ്റ്റോറന്റിന്റെ ഗ്ലാസ് വാതിലുകൾ തകർത്ത് അകത്ത് കടന്ന മൂന്നംഗ സംഘം തീവെക്കുകയായിരുന്നു. മോഷ്ടിച്ച വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പട്രോളിങ് പോലീസ് പിടികൂടി. വാഹനത്തിൽ നിന്നും ഒരു ജെറി കാൻ കണ്ടെടുത്തു. കോളിങ്‌വുഡ് (19), ഫിറ്റ്‌സ്‌റോയ് നോർത്ത് (22), ഗ്ലെൻ ഈറ (16) സ്വദേശികളാണ് പിടിയിലായത്.
ഇതിന് തൊട്ടുമുൻപ്, പുലർച്ചെ 2:20-നും 2:30-നും ഇടയിൽ സൗത്ത് മെൽബണിലെ ദി ജോർജ് ഹോട്ടലിന് നേരെയും അക്രമികൾ പെട്രോൾ ബോംബ് എറിഞ്ഞു. ഫയർ ഫോഴ്സ് തീ ഉടൻ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഈ സംഭവത്തിൽ ആരെയും പിടികൂടിയിട്ടില്ല. ഇതിനിടെ, പേക്കൻഹാമിൽ ഒരു ഹോസ്പിറ്റാലിറ്റി വെന്യൂ ഉടമയുടെ വീടിന് നേരെ ആയുധധാരികൾ വെടിയുതിർത്ത സംഭവവും റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 14 മുതൽ നഗരത്തിൽ ലൈസൻസുള്ള ബാറുകൾക്കും നൈറ്റ്‌ക്ലബ്ബുകൾക്കും നേരെ നടന്ന 15-ലധികം സമാന ആക്രമണങ്ങളുടെ തുടർച്ചയാണിത്. പ്രതികളെ കണ്ടെത്താൻ പൊലീസ് ‘ഓപ്പറേഷൻ എക്ലിപ്‌സ്’ എന്ന പേരിൽ പ്രത്യേക ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.
യുവാക്കൾക്ക് പണം നൽകി നടത്തുന്ന ഈ ആക്രമണങ്ങൾക്ക് പിന്നിൽ നിയമവിരുദ്ധ മദ്യ വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ 1800 333 000 എന്ന ക്രൈം സ്റ്റോപ്പേഴ്‌സ് നമ്പറിൽ അറിയിക്കാൻ പൊലീസ് അഭ്യർത്ഥിച്ചു.