കുട്ടികളുടെ 8500-ലധികം അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ചു; യുവാവിന് 8 വർഷം തടവ്
ഡാർവിൻ: കുട്ടികളുടെ 8500-ലധികം അശ്ലീല ദൃശ്യങ്ങൾ കൈവശം വയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പത്തൊമ്പതുകാരനായ ഡാർവിൻ സ്വദേശിക്ക് എട്ട് വർഷവും ഒമ്പത് മാസവും തടവ് ശിക്ഷ. ഡാർവിൻ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്.
മാലാക്ക് സ്വദേശിയായ യുവാവിനെതിരെയാണ് നടപടി. നോർത്തേൺ ടെറിട്ടറി ജോയിന്റ് ആന്റി-ചൈൽഡ് എക്‌സ്‌പ്ലോയിറ്റേഷൻ ടീം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുക, ശേഖരിക്കുക, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം തുടങ്ങി 16 കുറ്റങ്ങൾ ഇയാൾ സമ്മതിച്ചിരുന്നു. 2027 മെയ് മാസത്തിൽ ഇയാൾക്ക് പരോളിന് അപേക്ഷിക്കാൻ അർഹതയുണ്ടാകും.

2022 ഡിസംബറിലാണ് കേസിനാസ്പദമായ അന്വേഷണം ആരംഭിച്ചത്. സോഷ്യൽ മീഡിയ വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ച് അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ (NCMEC) നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ മൊബൈൽ ഫോണുകൾ, യുഎസ്ബി, എസ്ഡി കാർഡുകൾ എന്നിവയിൽ നിന്നായി 8500-ലധികം ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു.
കുട്ടികൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എഎഫ്പി (AFP) അധികൃതർ വ്യക്തമാക്കി.