മെൽബണിൽ ഗാന്ധി പ്രതിമ വെട്ടിമാറ്റി കടത്തിയ സംഭവം; ശക്തമായ പ്രതിഷേധവുമായി ഇന്ത്യ
Photo : Social Media
മെൽബൺ/ന്യൂഡൽഹി: ഓസ്ട്രേലിയയിലെ മെൽബണിൽ മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ തകർത്ത സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. റോവില്ലിലെ (Rowville) ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് മുന്നിൽ സ്ഥാപിച്ചിരുന്ന 426 കിലോ ഭാരമുള്ള പ്രതിമയാണ് സാമൂഹ്യവിരുദ്ധർ വെട്ടിമാറ്റി കടത്തിക്കൊണ്ടുപോയത്.
സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം (MEA) കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രതിമ വീണ്ടെടുക്കാനും കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാനും ഓസ്ട്രേലിയൻ അധികൃതരോട് ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
സംഭവം ഇങ്ങനെ: ജനുവരി 12-ന് പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ആംഗിൾ ഗ്രൈൻഡർ (Angle Grinder) ഉപയോഗിച്ച് പ്രതിമയുടെ കാൽപ്പാദത്തിന് മുകളിൽ വെച്ച് മുറിച്ചുമാറ്റുകയായിരുന്നു. കാൽപ്പാദം മാത്രം ബാക്കിയാക്കി പ്രതിമയുടെ ബാക്കി ഭാഗം ഇവർ ഒരു വെള്ള വാനിൽ കയറ്റി കൊണ്ടുപോയതായാണ് വിവരം.

വിക്ടോറിയ പോലീസിലെ നോക്സ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതിമ ഉരുക്കി വിൽക്കാനുള്ള സാധ്യത മുൻനിർത്തി, വെങ്കലമോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ വിൽക്കാൻ ആരെങ്കിലും സമീപിച്ചാൽ വിവരം അറിയിക്കണമെന്ന് സ്ക്രാപ്പ് മെറ്റൽ ഡീലർമാർക്ക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

2021-ൽ അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഉദ്ഘാടനം ചെയ്ത ഈ പ്രതിമ, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) ആണ് ഇത് സമ്മാനിച്ചത്. പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ 2021-ലും ഇതിനു നേരെ ആക്രമണമുണ്ടായിരുന്നു. സമാധാനത്തിന്റെ പ്രതീകമായ ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങളിൽ ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹം കടുത്ത ആശങ്ക രേഖപ്പെടുത്തി.