ഓസ്ട്രേലിയൻ ആരോഗ്യമേഖലയിൽ ചരിത്രപരമായ മാറ്റങ്ങൾ വരുന്നു
സിഡ്നി: ഓസ്ട്രേലിയയിലെ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനും NDIS സുസ്ഥിരമാക്കുന്നതിനുമായി ചരിത്രപരമായ തീരുമാനങ്ങളുമായി നാഷണൽ ക്യാബിനറ്റ് (National Cabinet). സിഡ്നിയിൽ ചേർന്ന യോഗത്തിൽ ഫെഡറൽ-സംസ്ഥാന സർക്കാരുകൾ ഇതുസംബന്ധിച്ച സുപ്രധാന കരാറിൽ ഒപ്പുവെച്ചു.
ആശുപത്രികൾക്ക് റെക്കോർഡ് ധനസഹായം: പുതിയ കരാർ പ്രകാരം പൊതു ആശുപത്രികൾക്കായി ഫെഡറൽ സർക്കാർ 25 ബില്യൺ ഡോളറിന്റെ അധിക ധനസഹായം നൽകും. കഴിഞ്ഞ പഞ്ചവത്സര കരാറിനേക്കാൾ മൂന്നിരട്ടി അധിക തുകയാണിത്. ഇതോടെ 2026-27 മുതൽ 2030-31 വരെയുള്ള കാലയളവിൽ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികൾക്കായി ആകെ 219.6 ബില്യൺ ഡോളർ ഫെഡറൽ ഫണ്ടിംഗ് ലഭ്യമാകും.
കൂടാതെ, ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനായി മെഡിക്കെയർ അർജന്റ് കെയർ ക്ലിനിക്കുകൾ, മെന്റൽ ഹെൽത്ത് ക്ലിനിക്കുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും തീരുമാനമായി.
എൻ.ഡി.ഐ.എസ്: കുട്ടികൾക്കായി ‘ത്രൈവിംഗ് കിഡ്സ്’ NDIS-ന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി സുപ്രധാന മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കുട്ടികൾക്കായുള്ള ‘ത്രൈവിംഗ് കിഡ്സ്’ (Thriving Kids) പദ്ധതിയാണ്. 2 ബില്യൺ ഡോളർ ചെലവിൽ സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ 1.4 ബില്യൺ ഡോളർ ഫെഡറൽ സർക്കാർ നൽകും.
മാറ്റങ്ങൾ ആരെല്ലാം ബാധിക്കും?
എൻ.ഡി.ഐ.എസ് (NDIS): സ്ഥിരവും കാര്യമായതുമായ വൈകല്യമുള്ള കുട്ടികൾക്കും (Permanent and significant disability), ഉയർന്ന സഹായം ആവശ്യമുള്ള ഓട്ടിസം/വികാസ കാലതാമസം (Developmental delay) ഉള്ള കുട്ടികൾക്കും തുടർന്നും എൻ.ഡി.ഐ.എസ് വഴി തന്നെ സഹായം ലഭിക്കും.
ത്രൈവിംഗ് കിഡ്സ് (Thriving Kids): കുറഞ്ഞതോ ഇടത്തരമോ ആയ സഹായം (Low to moderate support needs) ആവശ്യമുള്ള ഓട്ടിസം അല്ലെങ്കിൽ വികാസ കാലതാമസം നേരിടുന്ന കുട്ടികൾക്ക് 2026 ഒക്ടോബർ 1 മുതൽ ‘ത്രൈവിംഗ് കിഡ്സ്’ വഴിയാകും സേവനങ്ങൾ ലഭിക്കുക.
നിലവിലുള്ളവർക്ക് സംരക്ഷണം : നിലവിൽ പദ്ധതിയിലുള്ളവരെ ബാധിക്കാത്ത രീതിയിലാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്. 2028 ജനുവരി 1-ന് മുൻപ് എൻ.ഡി.ഐ.എസിൽ പേര് ചേർത്തിട്ടുള്ള 8 വയസ്സിൽ താഴെയുള്ള കുട്ടികളെ ഈ മാറ്റം ബാധിക്കില്ല. അവർക്ക് നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം തുടർന്നും സേവനം ലഭിക്കും.
2026 ഒക്ടോബർ 1-ന് ആരംഭിക്കുന്ന ‘ത്രൈവിംഗ് കിഡ്സ്’ പദ്ധതി 2028 ജനുവരി 1-ഓടെ പൂർണ്ണമായി നടപ്പിലാക്കും. കൂടാതെ, എൻ.ഡി.ഐ.എസ് ചെലവുകളിലെ വാർഷിക വർദ്ധനവ് 2028 മുതൽ 8 ശതമാനമായി നിജപ്പെടുത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.