ഓസ്‌ട്രേലിയയിൽ പുതിയ സൈബർ സുരക്ഷാ പദ്ധതി
നിർമിത ബുദ്ധിയുടെ (AI) കടന്നുകയറ്റവും സങ്കീർണ്ണമായ ഓൺലൈൻ ഭീഷണികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ സൈബർ സുരക്ഷ കൂടുതൽ ശക്തമാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ. ഇതിന്റെ ഭാഗമായി australian cyber security strategy-യുടെ (2023-2030) രണ്ടാം ഘട്ടമായ ഹോറൈസൺ 2 (Horizon 2) സൈബർ സുരക്ഷാ മന്ത്രി ടോണി ബർക്ക് (Tony Burke) പ്രഖ്യാപിച്ചു.
കാൻബെറ: 2030-ഓടെ രാജ്യത്തെ ലോകത്തിലെ ഏറ്റവും മികച്ച സൈബർ സുരക്ഷിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കർമ്മപദ്ധതി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ 89.3 ദശലക്ഷം ഡോളർ അധികമായി നിക്ഷേപിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
ആദ്യ ഘട്ടമായ ഹോറൈസൺ 1-ൽ രാജ്യത്തെ ആദ്യത്തെ സൈബർ സെക്യൂരിറ്റി നിയമം, നാഷണൽ സൈബർ കോർഡിനേറ്ററുടെ നിയമനം തുടങ്ങിയ സുപ്രധാന നടപടികൾ സർക്കാർ കൈക്കൊണ്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹോറൈസൺ 2 നടപ്പിലാക്കുന്നത്.
പ്രധാന ലക്ഷ്യങ്ങളും പദ്ധതികളും (Horizon 2)
പുതിയ കർമ്മപദ്ധതി പ്രധാനമായും മൂന്ന് മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:
അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കും. ഡ്രോണുകൾ (Drones), സബ്സീ കേബിളുകൾ തുടങ്ങിയ അത്യാധുനിക മേഖലകളിലെ സുരക്ഷ ഉറപ്പാക്കും.
സാങ്കേതികവിദ്യകളുടെ സുരക്ഷ: വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന റൂട്ടറുകൾ, സ്മാർട്ട് ഉപകരണങ്ങൾ, കണക്റ്റഡ് വാഹനങ്ങൾ എന്നിവയുടെ സുരക്ഷ വർദ്ധിപ്പിക്കും. സ്മാർട്ട് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി വോളണ്ടറി സ്മാർട്ട് ഡിവൈസ് ലേബലിംഗ് സ്കീം (Voluntary smart device labelling scheme) കൊണ്ടുവരും.
ഹ്യൂമൻ ഫയർവാൾ (Human firewall): സൈബർ സുരക്ഷാ ബോധവൽക്കരണം കൂടുതൽ ശക്തമാക്കും. ചെറുകിട-ഇടത്തരം ബിസിനസുകൾക്കായി സൈബർസ്മാർട്ട് (CyberSmart) പ്രോഗ്രാം നടപ്പിലാക്കും. കൂടാതെ ഓൺലൈൻ ഭീഷണികൾ നേരിടാൻ ടെലികോം, ക്ലൗഡ് സേവനദാതാക്കൾക്ക് കൂടുതൽ അധികാരങ്ങൾ നൽകും.
സർക്കാർ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് സൈബർ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ടോണി ബർക്ക് പറഞ്ഞു. കൃത്രിമ ബുദ്ധി ഉപയോഗിച്ച് ശബ്ദം അനുകരിക്കുന്നതുൾപ്പെടെയുള്ള തട്ടിപ്പുകൾ വർദ്ധിക്കുകയാണ്. മികച്ച ഫയർവാൾ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാലും ജീവനക്കാരുടെ ചെറിയൊരു അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകാം. അതിനാൽ സാങ്കേതികവിദ്യകൾക്കൊപ്പം ആളുകളുടെ സൈബർ അവബോധം വർദ്ധിപ്പിച്ച് ‘ഹ്യൂമൻ ഫയർവാൾ’ നിർമ്മിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
News by
Sajin Thiruvallam
News Editor

News Editor