ഗാർഹിക പീഡനം: ദേശീയതലത്തിൽ റോയൽ കമ്മീഷൻ വേണമെന്ന്
സിഡ്‌നി: ഗാർഹിക പീഡനക്കേസുകളിൽ ശിക്ഷാ ഇളവിനായി കുറ്റവാളികൾ ‘സൽസ്വഭാവ’ (Good Character) സാക്ഷ്യപത്രങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ന്യൂ സൗത്ത് വെയിൽസ് (NSW) സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സാലി സ്റ്റെഗ്ഗൽ എംപി. എന്നാൽ, ഇത്തരം നിയമപരിഷ്കാരങ്ങൾക്കപ്പുറം ഗാർഹിക പീഡനമെന്ന സാമൂഹിക വിപത്തിനെതിരെ പോരാടാൻ ഓസ്‌ട്രേലിയയിൽ ദേശീയതലത്തിൽ ഒരു റോയൽ കമ്മീഷൻ (Royal Commission) രൂപീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
NSW സർക്കാരിന്റെ പുതിയ തീരുമാനം ഗാർഹിക പീഡനക്കേസുകളിലെ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായകമായ ചുവടുവെപ്പാണെന്ന് സാലി സ്റ്റെഗ്ഗൽ അഭിപ്രായപ്പെട്ടു. “ഗാർഹിക പീഡനക്കേസുകളിൽ പ്രതികൾക്ക് ‘നല്ല സ്വഭാവത്തിൻ്റെ’ പേരിൽ ലഭിക്കുന്ന ഇളവുകൾ അവസാനിപ്പിക്കണമെന്ന് ഞാൻ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. സർക്കാരുകൾക്ക് മനസുണ്ടെങ്കിൽ മാറ്റങ്ങൾ സാധ്യമാണെന്ന് NSW തെളിയിച്ചിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരണം,” അവർ പറഞ്ഞു.
എന്നാൽ, ഓസ്‌ട്രേലിയയിലുടനീളം നിലവിലുള്ള സാഹചര്യം അതീവ ഗുരുതരമാണെന്ന് അവർ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഓരോ ദിവസവും നിരവധി സ്ത്രീകളാണ് പങ്കാളികളിൽ നിന്നോ മുൻ പങ്കാളികളിൽ നിന്നോ ഉള്ള ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത്. രണ്ടാഴ്ച മുൻപ് NSW-ലെ ലേക്ക് കാർഗെല്ലിഗോയിൽ (Lake Cargelligo) ജാമ്യത്തിലിറങ്ങിയ പ്രതി ഗർഭിണിയായ മുൻ പങ്കാളി ഉൾപ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവം ഇതിന്റെ ഭീകരത വെളിപ്പെടുത്തുന്നു.
ക്വീൻസ്‌ലാൻഡിൽ ഗാർഹിക പീഡനക്കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക പോലീസ് യൂണിറ്റ് നിർത്തലാക്കാൻ നീക്കം നടക്കുന്നു എന്ന വാർത്തയും, രാജ്യത്തുടനീളമുള്ള അഭയകേന്ദ്രങ്ങൾക്ക് (Shelters) സഹായം തേടിയെത്തുന്ന സ്ത്രീകളെയും കുട്ടികളെയും ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഗാർഹിക പീഡനത്തിനെതിരെ ഒരു റോയൽ കമ്മീഷൻ വേണമെന്ന ആവശ്യം സാലി സ്റ്റെഗ്ഗൽ ശക്തമാക്കിയത്. ശിക്ഷാ നിയമങ്ങൾ, ജാമ്യ വ്യവസ്ഥകൾ, പോലീസ് നടപടികൾ, തോക്ക് ഉപയോഗത്തിനുള്ള നിയമങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ സംവിധാനങ്ങളുടെ പരാജയം എന്നിവയെല്ലാം ഈ കമ്മീഷൻ പരിശോധിക്കേണ്ടതുണ്ടെന്ന് അവർ വ്യക്തമാക്കി.
മുതിർന്ന പൗരന്മാരുടെ സംരക്ഷണം, വെറ്ററൻസ് ആത്മഹത്യ തുടങ്ങിയ വിഷയങ്ങളിൽ റോയൽ കമ്മീഷൻ നടത്തിയ അന്വേഷണങ്ങൾ പോലെ, ഗാർഹിക പീഡനവും ദേശീയ പ്രാധാന്യമുള്ള ഒരു വിഷയമായി കണ്ട് നടപടി സ്വീകരിക്കണം. ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും ശബ്ദം കേൾക്കാനും, രാജ്യവ്യാപകമായി അടിയന്തര മാറ്റങ്ങൾ കൊണ്ടുവരാനും ഫെഡറൽ സർക്കാരിന്റെ നേതൃത്വം അനിവാര്യമാണെന്നും സാലി സ്റ്റെഗ്ഗൽ കൂട്ടിച്ചേർത്തു.