വെനസ്വേലയിൽ ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റ്
കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് കമാൻഡോകൾ പിടികൂടിയതിനെത്തുടർന്ന് രാജ്യത്ത് അനിശ്ചിതത്വം തുടരുന്നു.
മദുറോയുടെ അഭാവത്തിൽ, അദ്ദേഹത്തിന്റെ വിശ്വസ്തയും വൈസ് പ്രസിഡന്റുമായ ഡെൽസി റോഡ്രിഗസ് തിങ്കളാഴ്ച രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. മദുറോ പുറത്തായെങ്കിലും അധികാരം വിട്ടുകൊടുക്കാൻ ഭരണകൂടം തയ്യാറല്ലെന്ന ശക്തമായ സൂചനയാണ് ഇത് നൽകുന്നത്.
രാജ്യത്ത് “എക്സ്റ്റേണൽ കമ്മോഷൻ” പ്രഖ്യാപിച്ച ഡെൽസി റോഡ്രിഗസ്, യുഎസ് നടപടിയെ ശക്തമായി അപലപിക്കുകയും മദുറോ അനുകൂലികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയുമാണ്.
മദുറോയുടെ മകൻ നിക്കോളാസിറ്റോ ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച നടന്ന നാഷണൽ അസംബ്ലി ചടങ്ങിൽ പങ്കെടുത്തു. “ഭരണകൂടത്തിൽ മാറ്റമൊന്നുമില്ലന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
തലസ്ഥാനമായ കാരക്കാസിൽ “കൊളക്ടിവോസ്” എന്നറിയപ്പെടുന്ന സായുധ സംഘങ്ങൾ ബൈക്കുകളിൽ റോന്തുചുറ്റുകയാണ്. മുൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ശവകുടീരത്തിനും പ്രസിഡൻഷ്യൽ കൊട്ടാരത്തിനും ഇവർ കാവൽ നിൽക്കുന്നു.
യുഎസ് നടപടിയെ അനുകൂലിക്കുന്നവരെ കണ്ടെത്താൻ പോലീസ് പരിശോധന കർശനമാക്കി. വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരുടെ ഫോണുകൾ പരിശോധിക്കുന്നതായും, സംശയാസ്പദമായ സന്ദേശങ്ങൾ കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.
രാജ്യത്തെ പ്രധാന പ്രസ് യൂണിയന്റെ കണക്കുകൾ പ്രകാരം, തിങ്കളാഴ്ച മാത്രം ഏഴ് മാധ്യമപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച പുലർച്ചെ നടന്ന അപ്രതീക്ഷിത നീക്കത്തിലാണ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സ്പെഷ്യൽ ഫോഴ്സ് പിടികൂടി ന്യൂയോർക്കിലേക്ക് മാറ്റിയത്. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.