ഓസ്‌ട്രേലിയൻ ടൂറിസം തിരിച്ചുവരുന്നു
സിഡ്‌നി: കോവിഡ് മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഓസ്‌ട്രേലിയൻ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവ് നടത്തുന്നതായി റിപ്പോർട്ട്. രാജ്യത്തേക്കുള്ള അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ന്യൂസിലാൻഡ്, ബ്രിട്ടൻ (UK), ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കോവിഡിന് മുമ്പുള്ള കാലഘട്ടത്തെക്കാൾ (Pre-pandemic levels) ഉയർന്നു. ഓസ്‌ട്രേലിയയുടെ ടൂറിസം വരുമാനത്തിൽ ഇത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
എന്നാൽ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ ടൂറിസം വിപണികളായിരുന്ന ചൈന, അമേരിക്ക, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഇനിയും പഴയ നിലയിലേക്ക് എത്തിയിട്ടില്ല. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ രാജ്യങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞുതന്നെ നിൽക്കുകയാണ്.
അതെസമയം, വിമാന സർവീസുകളുടെ എണ്ണത്തിലുണ്ടായ കുറവും ടിക്കറ്റ് നിരക്കിലെ വർദ്ധനവുമാണ് ചൈനയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള സഞ്ചാരികളെ അകറ്റി നിർത്തുന്ന പ്രധാന ഘടകങ്ങളെന്ന റിപ്പോർട്ടുകളുമുണ്ട്. ചൈനയിലെ സാമ്പത്തിക മാന്ദ്യവും ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് ഓസ്‌ട്രേലിയ ഇപ്പോൾ രേഖപ്പെടുത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ടൂറിസം ഓസ്‌ട്രേലിയയുടെ ‘കം ആൻഡ് സേ ഹലോ’ (Come and Say G’day) തുടങ്ങിയ ക്യാമ്പയിനുകൾ ആഗോളതലത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുന്നുണ്ടെന്നും അധികൃതർ വിലയിരുത്തുന്നു.