ഓസ്‌ട്രേലിയൻ ഗതാഗത മേഖലയിൽ ചരിത്ര നേട്ടം; രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് നിരത്തിലിറങ്ങി!
ഓസ്‌ട്രേലിയൻ ഗതാഗത മേഖലയിൽ പുത്തൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വോൾവോ ഇലക്ട്രിക് ട്രക്ക് (Volvo electric truck) നിരത്തിലിറങ്ങി. പൂർണ്ണമായും Australian made electric trucks എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നത് ബ്രിസ്‌ബേനിലെ വാക്കോൾ (Wacol) പ്ലാന്റിലാണ്. ക്ലീൻ എനർജി ഫിനാൻസ് കോർപ്പറേഷൻ (CEFC) വഴി 70 മില്യൺ ഡോളറിന്റെ ധനസഹായമാണ് ഈ പ്രോജക്ടിനായി ഫെഡറൽ ലേബർ സർക്കാർ നൽകുന്നത്. പ്രധാനമന്ത്രി ആന്റണി ആൽബനീസീ (Anthony Albanese), കാലാവസ്ഥാ വ്യതിയാന-ഊർജ്ജ വകുപ്പ് മന്ത്രി ക്രിസ് ബോവൻ (Chris Bowen) എന്നിവർ ചേർന്ന് ഈ സുപ്രധാന നേട്ടം രാജ്യത്തിന് സമർപ്പിച്ചു.
തൊഴിലവസരങ്ങളും സാമ്പത്തിക ലാഭവും
ബ്രിസ്‌ബേനിലെ പ്ലാന്റിൽ ഇലക്ട്രിക് ട്രക്കുകളുടെ നിർമ്മാണം ആരംഭിച്ചത് ഓസ്‌ട്രേലിയൻ മാനുഫാക്ചറിംഗ് രംഗത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്. വാഹനങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നതിനനുസരിച്ച് ആയിരത്തിലധികം പേർക്ക് ഈ പ്ലാന്റിൽ പുതിയതായി തൊഴിൽ ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഡീസൽ ട്രക്കുകളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രവർത്തന ചിലവും അറ്റകുറ്റപ്പണികളും വളരെ കുറവായതിനാൽ, ഇത് ചരക്കുഗതാഗത രംഗത്ത് വൻ സാമ്പത്തിക ലാഭമുണ്ടാക്കും. തന്മൂലം, രാജ്യത്തെ ബിസിനസുകൾക്കും സാധാരണക്കാർക്കും വിലക്കയറ്റത്തിൽ നിന്നും വലിയ ആശ്വാസം ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭാവി മുന്നിൽകണ്ട് രാജ്യത്ത് നിർമ്മിക്കുന്ന ഇത്തരം ഹരിത ഉൽപ്പന്നങ്ങളെ സർക്കാർ എക്കാലവും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രക്ക് വാങ്ങാൻ കുറഞ്ഞ പലിശയിൽ വായ്പ
പുതിയ ഇലക്ട്രിക് ട്രക്കുകൾ വാങ്ങാൻ താല്പര്യമുള്ള ബിസിനസ്സ് ഉടമകൾക്കും ട്രാൻസ്പോർട്ട് കമ്പനികൾക്കും CEFC വഴി കുറഞ്ഞ പലിശ നിരക്കിൽ (Discounted finance) വായ്പകൾ ലഭ്യമാക്കും. നിലവിൽ ഓസ്‌ട്രേലിയയിലെ ആകെ കാർബൺ പുറന്തള്ളലിന്റെ (Carbon emissions) 22 ശതമാനവും ഗതാഗത മേഖലയിൽ നിന്നാണ്. ഈ സാഹചര്യം തുടർന്നാൽ 2030 ആകുമ്പോഴേക്കും മലിനീകരണം വൻതോതിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് സർക്കാർ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.
ഇതുവരെ ഗതാഗത മേഖലയിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി CEFC 200 മില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെ 600 മില്യൺ ഡോളറിന്റെ വലിയ പദ്ധതികളാണ് ഈ രംഗത്ത് ഭാവിയിൽ ലക്ഷ്യമിടുന്നത്. മുൻ സർക്കാരിന്റെ കാലത്ത് രാജ്യത്ത് നിന്ന് അപ്രത്യക്ഷമായ വാഹന നിർമ്മാണ വ്യവസായം, ക്ലീൻ എനർജി ലക്ഷ്യങ്ങളോടെ ലേബർ സർക്കാരിന്റെ കീഴിൽ വീണ്ടും ഓസ്‌ട്രേലിയയിൽ തിരിച്ചെത്തുകയാണെന്ന് മന്ത്രി ക്രിസ് ബോവൻ പറഞ്ഞു.
News by
Sajin Thiruvallam
News Editor

News Editor