പൊലീസിന്റെ പുതിയ പരിശോധനാ അധികാരങ്ങൾ: സിഖ് സമൂഹത്തിന് ആശങ്ക
മെൽബൺ: വാറന്റില്ലാതെ പരിശോധന നടത്താൻ വിക്ടോറിയ പോലീസിന് നൽകിയിരിക്കുന്ന പുതിയ അധികാരം സിഖ് സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നു. മതപരമായ ആചാരത്തിന്റെ ഭാഗമായി ‘കിർപ്പാൻ’ (മതപരമായ കഠാര) ധരിക്കുന്നവർക്കെതിരെ ഈ അധികാരം തെറ്റായി ഉപയോഗിക്കപ്പെട്ടേക്കാമെന്നാണ് ഭയം.
2026 മെയ് 29 വരെ മെൽബൺ നഗരത്തിൽ (CBD) ആരെയും തടഞ്ഞുനിർത്തി പരിശോധിക്കാൻ പോലീസിന് അനുമതിയുണ്ട്. നഗരസുരക്ഷ ഉറപ്പാക്കാനും കത്തിക്കുത്ത് പോലുള്ള കുറ്റകൃത്യങ്ങൾ തടയാനുമാണ് ഈ നീക്കമെന്ന് പോലീസ് പറയുന്നു.
എന്നിരുന്നാലും, സിഖ് മതവിശ്വാസികൾക്ക് കിർപ്പാൻ ധരിക്കാൻ നിയമപരമായ അനുമതിയുണ്ടെങ്കിലും, പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് അറിവില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് വിക്ടോറിയയിലെ ഗുരുദ്വാര കൗൺസിൽ അംഗം ഹർകിരത് സിംഗ് പറയുന്നതായി sbs ന്യൂസ് റിപ്പോർട്ട് ചെയുന്നു. “കിർപ്പാൻ ധരിച്ചതിന്റെ പേരിൽ പോലീസിന്റെ ചോദ്യം ചെയ്യലുകൾക്ക് വിധേയരായ നിരവധി പേർ ഞങ്ങളെ വിളിക്കാറുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

പോലീസ് വിശദീകരണം:
മതപരമായ ആവശ്യങ്ങൾക്കായി കിർപ്പാൻ ധരിക്കുന്നത് ‘കൺട്രോൾ ഓഫ് വെപ്പൺസ് ആക്ട്’ പ്രകാരം ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും, ഇത് തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും വിക്ടോറിയ പോലീസ് അറിയിച്ചു. വംശീയമായ വേർതിരിവുകൾ (Racial Profiling) അനുവദിക്കില്ലെന്നും പോലീസ് വക്താവ് കൂട്ടിച്ചേർത്തു.
News source : SBS News