മെൽബണിലെ 4 പൊലീസ് സ്റ്റേഷൻ കൗണ്ടറുകൾ അടയ്ക്കുന്നു: മാറ്റങ്ങൾ അറിയുക
മെൽബണിലെ നാല് പ്രധാന വിക്ടോറിയ പോലീസ് കൗണ്ടറുകൾ (Victoria Police counters) ഒക്ടോബർ മുതൽ പൊതുജനങ്ങൾക്കായി പ്രവർത്തിക്കില്ല. എന്നാൽ ഈ പോലീസ് സ്റ്റേഷനുകൾ പൂർണ്ണമായി അടച്ചുപൂട്ടുകയാണെന്ന പ്രചാരണം തെറ്റാണെന്നും, ഇവ പോലീസിന്റെ 24 മണിക്കൂർ ഓപ്പറേഷണൽ ബേസുകളായി (Operational bases) തുടർന്നും പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തരമല്ലാത്ത കാര്യങ്ങൾക്കായി പൊതുജനങ്ങൾക്ക് സമീപിക്കാവുന്ന ബദൽ മാർഗ്ഗങ്ങൾ പോലീസ് പുറത്തിറക്കിയിട്ടുണ്ട്.
ഏതെല്ലാം കൗണ്ടറുകളാണ് അടയ്ക്കുന്നത്? എന്താണ് ലക്ഷ്യം?
2026 ഒക്ടോബർ 4 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നത്. കോളിംഗ്വുഡ് (Collingwood), ഫിറ്റ്സ്റോയ് (Fitzroy), സൗത്ത്ബാങ്ക് (Southbank), നോർത്ത് മെൽബൺ (North Melbourne) എന്നീ സ്റ്റേഷനുകളിലെ പബ്ലിക് കൗണ്ടറുകളാണ് അടയ്ക്കുന്നത്. ശനിയാഴ്ച എബിസി ന്യൂസിന് നൽകിയ പ്രസ്താവനയിലാണ് വിക്ടോറിയ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പോലീസ് സ്റ്റേഷനുകൾ ഓപ്പറേഷണൽ ബേസുകളായി തുറന്നു പ്രവർത്തിക്കുമെന്നും, ഉദ്യോഗസ്ഥർ അവിടെനിന്നും രാപ്പകൽ ഭേദമന്യേ സേവനത്തിനായി പുറപ്പെടുമെന്നും അസിസ്റ്റന്റ് കമ്മീഷണർ ജോ സ്റ്റാഫോർഡ് (Jo Stafford) വ്യക്തമാക്കി. സിബിഡിയിലെ ‘ഓപ്പറേഷൻ ഹാർമണി’ (Operation Harmony), വിക്ടോറിയ സ്ട്രീറ്റിലെ ‘ഓപ്പറേഷൻ അഷ്വറൻസ്’ (Operation Assurance) എന്നിവയ്ക്ക് കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാൻ ഈ മാറ്റം സഹായിക്കുമെന്നാണ് പോലീസ് വിലയിരുത്തുന്നത്.
പൊതുജനങ്ങൾ ഇനി എവിടേക്ക് പോകണം?
പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തൊട്ടടുത്തായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മറ്റ് കൗണ്ടറുകൾ ലഭ്യമാണെന്നും അസിസ്റ്റന്റ് കമ്മീഷണർ കൂട്ടിച്ചേർത്തു. മെൽബൺ വെസ്റ്റ് (Melbourne West), മെൽബൺ ഈസ്റ്റ് (Melbourne East), റിച്ച്മണ്ട് (Richmond) എന്നീ സ്റ്റേഷനുകളിൽ എല്ലാ സമയത്തും പബ്ലിക് കൗണ്ടർ സേവനം ലഭിക്കും.
മാത്രമല്ല, അടിയന്തര സാഹചര്യങ്ങളിൽ എപ്പോഴും 000 എന്ന നമ്പറിലും, അടിയന്തരമല്ലാത്ത പോലീസ് സഹായങ്ങൾക്ക് 131 444 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
തിരഞ്ഞെടുപ്പ് അടുത്ത വേളയിലെ രാഷ്ട്രീയ പോര്
2026 നവംബർ 28-ന് വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കൗണ്ടറുകൾ അടച്ചുപൂട്ടാനുള്ള പോലീസിന്റെ ഓപ്പറേഷണൽ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ലംഘനമാണിതെന്നും, പോലീസ് സ്റ്റേഷനുകളുടെ വാതിലുകൾ അടച്ചുപൂട്ടുകയാണെന്നുമാണ് പ്രതിപക്ഷ പോലീസ് വക്താവായ ബ്രാഡ് ബാറ്റിൻ (Brad Battin) ആരോപിച്ചത്.
എന്നാൽ, ഇത് സർക്കാരിന്റെ തീരുമാനമല്ലെന്നും വിക്ടോറിയ പോലീസിന്റെ സ്വതന്ത്രമായ ഓപ്പറേഷണൽ തീരുമാനമാണെന്നും സർക്കാർ വക്താവ് പ്രതികരിച്ചു. കൂടുതൽ റിസർവ്വിസ്റ്റുകളെ സേനയിലേക്ക് കൊണ്ടുവരുന്നതിനായി, 400 ഉദ്യോഗസ്ഥർക്ക് ധനസഹായം നൽകുന്ന പദ്ധതി കഴിഞ്ഞ ഓഗസ്റ്റിൽ പ്രീമിയർ ബെൻ കരോൾ (Ben Carroll) പ്രഖ്യാപിച്ച കാര്യവും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
News by
Sajin Thiruvallam
News Editor

News Editor