വീട്ടിലുണ്ടാക്കിയ ഭൂഗർഭ സൗന പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരിക്ക്
ആൽബനി: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ആൽബനിയിൽ വീട്ടിലുണ്ടാക്കിയ ഭൂഗർഭ സൗന (sauna) പൊട്ടിത്തെറിച്ച് 41-കാരിയായ കാത്യ ഗ്രോസ് എന്ന യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ശരീരത്തിന്റെ 50 ശതമാനത്തിലധികം ഭാഗങ്ങളിൽ ഇവർക്ക് പൊള്ളലേറ്റിട്ടുണ്ട്.
ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അടുപ്പ് രീതിയിലുള്ള സൗനയിലായിരുന്നു അപകടം നടന്നത്. തീ അണഞ്ഞുപോയെങ്കിലും ഗ്യാസ് ലീക്ക് ആകുന്നത് ശ്രദ്ധിക്കാതെ വീണ്ടും കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് വൻ സ്ഫോടനമുണ്ടായത്. “മുറിയിൽ നിറയെ ഗ്യാസ് ആയതിനാൽ പെട്ടെന്ന് വലിയ തീപ്പൊരി ഉണ്ടായി, ഞാൻ പൂർണ്ണമായും അതിനുള്ളിൽ അകപ്പെട്ടു,” കാത്യ 7NEWS-നോട് പറഞ്ഞു.
പെർത്തിലെ ഫിയോണ സ്റ്റാൻലി ആശുപത്രിയിൽ മൂന്നാഴ്ചയോളം ചികിത്സയിലായിരുന്ന ഇവർക്ക് സ്കിൻ ഗ്രാഫ്റ്റിംഗ് ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്തി. കൃത്യസമയത്ത് തണുത്ത വെള്ളം ഉപയോഗിച്ച് പ്രഥമശുശ്രൂഷ നൽകിയതാണ് പരിക്കിന്റെ തീവ്രത കുറയ്ക്കാൻ സഹായിച്ചതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
30 വർഷം പഴക്കമുള്ള ഈ സൗന ഇനി ഉപയോഗിക്കില്ലെന്നും, അതൊരു ധ്യാനകേന്ദ്രമാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും കാത്യ പറഞ്ഞു. ചികിത്സാച്ചെലവിനായി ഇവർ ധനസമാഹരണം നടത്തുന്നുണ്ട്.
Source and photo credit : 7 News
