ഓസ്ട്രേലിയൻ വിസ: ഡയറക്ഷൻ 119 പ്രകാരം വിസ ലഭിക്കാൻ ഇനി ആർക്കൊക്കെ മുൻഗണന?
ഓസ്ട്രേലിയൻ കുടിയേറ്റ നിയമങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിക്കൊണ്ട് Australia Skilled Visa Direction 119 പുതിയ മുൻഗണനാ പട്ടിക നിലവിൽ വന്നു. ജൂലൈ 25 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം നിലവിലുള്ളതും പുതിയതുമായ സ്കിൽഡ് വിസ അപേക്ഷകളെ (Subclass 482 ഉൾപ്പെടെ) നേരിട്ട് ബാധിക്കുന്നതാണ്. എന്നാൽ ഇതിന് പിന്നിലെ യഥാർത്ഥ കാരണം മറ്റൊന്നായിരുന്നു, ഇത് ഏതൊക്കെ രീതിയിൽ ഓസ്ട്രേലിയൻ മലയാളികളെ എങ്ങനെ ബാധിക്കുമെന്ന് താഴെ വായിക്കാം.
എന്താണ് പുതിയ ഡയറക്ഷൻ 119?
മുൻപുണ്ടായിരുന്ന ഡയറക്ഷൻ 105 റദ്ദാക്കിക്കൊണ്ടാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേഴ്സ് (Department of Home Affairs) പുതിയ വിസ പ്രോസസിങ് ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം അപേക്ഷകന്റെ തൊഴിൽ മേഖലയും, അപേക്ഷിക്കുന്ന സമയത്ത് അവർ ഓസ്ട്രേലിയക്ക് ഉള്ളിലാണോ (Onshore) അതോ പുറത്താണോ (Offshore) എന്നതുമാണ് വിസ ലഭിക്കാനുള്ള പ്രധാന മാനദണ്ഡങ്ങൾ എന്ന് ഹോം അഫയേഴ്സ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കി.
പ്രതിരോധം, നിയമപാലനം എന്നീ മേഖലകൾക്ക് ശേഷം ഏറ്റവും ഉയർന്ന പരിഗണന (Priority 3) ലഭിക്കുന്നത് ആരോഗ്യം, അധ്യാപനം, നിർമ്മാണം എന്നീ മേഖലകളിലെ അപേക്ഷകർക്കാണ്.
പുതിയ മുൻഗണനാ പട്ടികയിലെ മാറ്റങ്ങൾ
പുതിയ നിയമപ്രകാരം സബ്ക്ലാസ്സ് 186, 187, 482, 494 തുടങ്ങിയ സ്കിൽഡ് വിസകൾക്കായിരിക്കും മുൻഗണനാ ക്രമീകരണം ബാധകമാവുക. ഇതിൽ ആദ്യമായിട്ടാണ് സബ്ക്ലാസ്സ് 482 വിസകളെ ഈ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നത് എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ മാറ്റങ്ങൾ നിലവിൽ പെൻഡിങ്ങിൽ കിടക്കുന്നതും, പുതുതായി സമർപ്പിക്കുന്നതുമായ എല്ലാ അപേക്ഷകൾക്കും ഒരുപോലെ ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാർ അറിയേണ്ട കാര്യങ്ങൾ
ഓസ്ട്രേലിയയിൽ ഇതിനകം താത്കാലിക വിസയിലോ സ്റ്റുഡന്റ് വിസയിലോ തുടരുന്ന നേഴ്സുമാർക്കും, അധ്യാപകർക്കും പുതിയ നിയമം വലിയൊരു അനുഗ്രഹമാണ്. കാരണം ആരോഗ്യരംഗത്തും മറ്റും ജോലി ചെയ്യുന്ന ‘ഓൺഷോർ’ (Onshore) അപേക്ഷകർക്ക് വിസ വേഗത്തിൽ ലഭിക്കാൻ പുതിയ നിയമം സഹായിക്കും.
എന്നാൽ, ഓസ്ട്രേലിയക്ക് പുറത്തുനിന്ന് (Offshore) ഇതേ ജോലികൾക്കായി അപേക്ഷിക്കുന്നവർ മുൻഗണനാ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും, ഇത് വിസ ലഭിക്കാനുള്ള കാലതാമസം വലിയ തോതിൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. നാട്ടിൽ നിന്നും വിസക്ക് ശ്രമിക്കുന്ന ഉദ്യോഗാർത്ഥികളെ സംബന്ധിച്ചിടത്തോളം ഈ മാറ്റം കടുത്ത നിരാശയുണ്ടാക്കുന്നതാണ്.
Community : പുതിയ ഡയറക്ഷൻ 119 നിയമം നിങ്ങളുടെ വിസ പ്രോസസിങ്ങിനെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ? നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും താഴെ കമന്റ് ചെയ്യുക.
News by
Sajin Thiruvallam
News Editor

News Editor