ഓസ്‌ട്രേലിയയിൽ ക്യാപിറ്റൽ ഗെയിൻസ് ടാക്‌സ് നിയമം മാറുന്നു; ചെറുകിട ബിസിനസുകൾക്ക് ഇളവ്, വീട് വാങ്ങുന്നവർക്ക് ആശ്വാസം
ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ് മേഖലയിലും ബിസിനസ് രംഗത്തും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന സുപ്രധാന തീരുമാനങ്ങളുമായി ആൽബനീസീ സർക്കാർ. ഏറെ ചർച്ച ചെയ്യപ്പെടുന്ന Australia Capital Gains Tax (ക്യാപിറ്റൽ ഗെയിൻസ് ടാക്‌സ്), നെഗറ്റീവ് ഗിയറിങ് (Negative Gearing) എന്നീ ബില്ലുകൾ പാർലമെന്റിൽ പാസാക്കാനുള്ള തീവ്രശ്രമത്തിലാണ് ലേബർ പാർട്ടി. ഗ്രീൻസ് പാർട്ടിയുടെ (Greens Party) പിന്തുണയോടെ നടപ്പിലാക്കാൻ പോകുന്ന ഈ പുതിയ നികുതി പരിഷ്കാരങ്ങൾ സാധാരണക്കാർക്കും ചെറുകിട ബിസിനസുകാർക്കും ഗുണകരമാകുമോ? പ്രതിപക്ഷം ഉന്നയിക്കുന്ന ആശങ്കകൾ എന്തൊക്കെയാണ്? വിശദാംശങ്ങൾ അറിയാം.
ചെറുകിട ബിസിനസുകൾക്ക് വലിയ ഇളവുകൾ
ക്യാപിറ്റൽ ഗെയിൻസ് ടാക്‌സുമായി (CGT) ബന്ധപ്പെട്ട് ജനങ്ങൾക്കും ചെറുകിട വ്യവസായികൾക്കുമുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അസിസ്റ്റൻ്റ് ഫോറിൻ അഫയേഴ്സ് മന്ത്രി മാറ്റ് തിസിൽവെയ്റ്റ് (Matt Thistlethwaite) വ്യക്തമാക്കി. പുതിയ മാറ്റങ്ങൾ പ്രകാരം, 10 ദശലക്ഷം ഡോളർ വരെ വിറ്റുവരവുള്ള (Turnover) ചെറുകിട ബിസിനസുകൾക്ക് 50 ശതമാനം CGT ഡിസ്കൗണ്ട് തുടർന്നും ലഭിക്കും. ഓസ്‌ട്രേലിയയിലെ ഏകദേശം 2.7 ദശലക്ഷം വരുന്ന ബിസിനസ് സ്ഥാപനങ്ങളെ ഈ നികുതി മാറ്റങ്ങൾ പ്രതികൂലമായി ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.
റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരെക്കാൾ (Investors), സ്വന്തമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് (First Home Buyers) മുൻഗണന നൽകാനാണ് ഈ നിയമം ലക്ഷ്യമിടുന്നത്. കാലക്രമേണ ഓസ്‌ട്രേലിയയിൽ ഭവന നിർമ്മാണവും വിതരണവും കൂടുതൽ താങ്ങാനാവുന്ന (Affordable housing) നിലയിലേക്ക് എത്തിക്കാൻ ഇത് സഹായിക്കുമെന്ന് ലേബർ സർക്കാർ വിലയിരുത്തുന്നു.
നയങ്ങളെ രൂക്ഷമായി വിമർശിച്ച് ലിബറൽ പാർട്ടി
അതെസമയം, സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. രാജ്യത്തെ വിലക്കയറ്റവും നാണയപ്പെരുപ്പവുമാണ് ജനങ്ങളുടെ പ്രധാന പ്രശ്നമെന്നും, വീടുകൾ വാങ്ങാൻ ആളുകൾക്ക് സാധിക്കാത്തത് പുതിയ നികുതികൾ മൂലമാണെന്നും എൻ.എസ്.ഡബ്ല്യു ലിബറൽ സെനറ്റർ മരിയ കോവാസിക് (Maria Kovacic) ആരോപിച്ചു.
ചെറുപ്പക്കാർ വീട് വാങ്ങാൻ വേണ്ടി നടത്തുന്ന സമ്പാദ്യത്തിന് മേൽ കൂടുതൽ നികുതി ചുമത്തുന്നത് നീതീകരിക്കാനാകില്ല. വളരെ നിർണായകമായ ഈ ബില്ലിൽ ചർച്ചകൾ നടത്താൻ വെറും രണ്ട് ദിവസത്തെ സമയം മാത്രമാണ് സർക്കാർ അനുവദിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ, NDIS (നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് സ്കീം) ഫണ്ടുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മെഡിക്കൽ വിദഗ്ധരെക്കാൾ കൂടുതൽ അധികാരം മന്ത്രിമാർക്ക് നൽകാനുള്ള നീക്കത്തെയും പ്രതിപക്ഷം ചോദ്യം ചെയ്തു.
മാധ്യമങ്ങൾക്ക് പ്രതിഫലം: നിയമം വൈകുന്നു
വാർത്താ മാധ്യമങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കൃത്യമായ പ്രതിഫലം നൽകണം എന്ന് നിഷ്കർഷിക്കുന്ന News Media Bargaining Code നിയമം നടപ്പിലാക്കുന്നത് സർക്കാർ താൽക്കാലികമായി നീട്ടിവെച്ചു. മെറ്റാ (Meta) പോലുള്ള വൻകിട കമ്പനികൾ ഈ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പിന്മാറിയ സാഹചര്യത്തിലാണിത്.
ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകരുടെ കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മാറ്റ് തിസിൽവെയ്റ്റ് പറഞ്ഞു. നിലവിൽ ലഭിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷം, ശൈത്യകാല അവധിക്ക് (Winter recess) ശേഷം മാത്രമേ ബിൽ അവതരിപ്പിക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
News by
Sajin Thiruvallam
News Editor

News Editor