പോളിൻ ഹാൻസൻ്റെ പ്രസംഗം: ‘Today Show’യിൽ ഏറ്റുമുട്ടി ലേബർ പാർട്ടിയും കോളിഷനും

admin ജൂൺ 18, 2026
പോളിൻ ഹാൻസൻ്റെ പ്രസംഗം: ‘Today Show’യിൽ ഏറ്റുമുട്ടി ലേബർ പാർട്ടിയും കോളിഷനും

ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ച് വൺ നേഷൻ (One Nation) നേതാവ് Pauline Hanson National Press Club വേദിയിൽ നടത്തിയ വിവാദ പ്രസംഗം. കുടിയേറ്റ നയങ്ങൾ, തൊഴിലാളികളുടെ വേതനം എന്നിവയെക്കുറിച്ചുള്ള ഹാൻസൻ്റെ പരാമർശങ്ങളെച്ചൊല്ലി പ്രമുഖ വാർത്താ പരിപാടിയായ ‘ടുഡേ ഷോ’യിൽ (Today Show) പരിസ്ഥിതി മന്ത്രി മറെ വാട്ടും നാഷണൽസ് സെനറ്റർ ബ്രിഡ്ജറ്റ് മക്കെൻസിയും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് പുതിയ നയങ്ങളെന്ന് ലേബർ പാർട്ടി ആരോപിച്ചപ്പോൾ, കുടിയേറ്റ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് കോളിഷൻ സ്വീകരിച്ചത്.

വൺ നേഷൻ്റെ നയങ്ങൾക്കെതിരെ രൂക്ഷവിമർശനം

പ്രസ്സ് ക്ലബിൽ പോളിൻ ഹാൻസൺ നടത്തിയ പ്രഖ്യാപനങ്ങളെ പരിസ്ഥിതി-ജലവിഭവ വകുപ്പ് മന്ത്രി മറെ വാട്ട് (Murray Watt) നിശിതമായി വിമർശിച്ചു. സമൂഹത്തിൽ വിഭജനവും അരാജകത്വവും സൃഷ്ടിക്കാനാണ് വൺ നേഷൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനും, അവരെ എളുപ്പത്തിൽ പിരിച്ചുവിടാൻ തൊഴിലുടമകളെ സഹായിക്കുന്നതുമാണ് അവരുടെ നയങ്ങൾ. ഇതിനുപുറമെ, ആരോഗ്യമേഖലയിലെ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നത് സാധാരണക്കാർക്ക് ഡോക്ടർമാരെ കാണുന്നതിനുള്ള ചെലവ് വർദ്ധിപ്പിക്കും. വിലക്കയറ്റത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ, ഹാൻസൻ്റെ പദ്ധതികൾ ഓസ്ട്രേലിയക്കാരുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എബിസി (ABC) പോലെയുള്ള മാധ്യമങ്ങളെയും കുടിയേറ്റക്കാരെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ രാജ്യത്തെ പിന്നോട്ട് നയിക്കുമെന്നും വാട്ട് മുന്നറിയിപ്പ് നൽകി.

കുടിയേറ്റ നയങ്ങളിൽ ഉറച്ചുനിന്ന് കോളിഷൻ

അതെസമയം, നാഷണൽസ് സെനറ്റർ ബ്രിഡ്ജറ്റ് മക്കെൻസി (Bridget McKenzie) കുടിയേറ്റ നിയന്ത്രണങ്ങളെ അനുകൂലിച്ചാണ് സംസാരിച്ചത്. ഓസ്ട്രേലിയയുടെ സുരക്ഷ മുൻനിർത്തി വിദ്വേഷ പ്രഭാഷകരെ നാടുകടത്തണമെന്നും, കുടിയേറ്റ നിരക്ക് കുറയ്ക്കണമെന്നുമുള്ള കോളിഷൻ്റെ നയങ്ങളെയാണ് പോളിൻ ഹാൻസൺ പിന്തുണയ്ക്കുന്നതെന്ന് അവർ വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനുമുള്ള നയങ്ങളാണ് ഓസ്ട്രേലിയക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ, ലേബർ പാർട്ടി ഇത് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും മക്കെൻസി കുറ്റപ്പെടുത്തി. എന്നിരുന്നാലും, മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് പ്രതികരിക്കുന്ന ഹാൻസൻ്റെ ശൈലി ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ലെന്ന് അവർ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കങ്ങൾ

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ലിബറൽ-നാഷണൽ-വൺ നേഷൻ സഖ്യം രൂപപ്പെട്ടാൽ അത് രാജ്യത്തിന് വലിയ ഭീഷണിയാകുമെന്ന് മറെ വാട്ട് പറഞ്ഞു. ജീവതച്ചെലവ് കുറയ്ക്കാനും വേതനം വർദ്ധിപ്പിക്കാനുമുള്ള സർക്കാരിൻ്റെ ശ്രമങ്ങളെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ വാർത്തകൾ എത്തിക്കാൻ എബിസി പോലുള്ള പൊതുമാധ്യമങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചർച്ചകൾ അവസാനിച്ചത്.

പോളിംഗിലെ മുന്നേറ്റവും പ്രവാസികളുടെ ആശങ്കയും

ജൂൺ 8 മുതൽ 13 വരെ നടന്ന ഏറ്റവും പുതിയ പോളിംഗ് റിപ്പോർട്ടുകൾ പ്രകാരം, വൺ നേഷൻ 29% വോട്ടുമായി ലേബർ പാർട്ടിയെയും (28%), കോളിഷനെയും (20%) മറികടന്ന് ഒന്നാം സ്ഥാനത്താണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആൻ്റണി ആൽബനീസിനെക്കാൾ (29%) കൂടുതൽ പേർ പിന്തുണയ്ക്കുന്നത് പോളിൻ ഹാൻസനെയാണ് (33%). വരും തിരഞ്ഞെടുപ്പുകളിൽ ഈ മുന്നേറ്റം കോളിഷനുമായുള്ള സഖ്യത്തിന് വഴിവെക്കുമോ എന്ന ചർച്ചകളും സജീവമാണ്.

ഈ രാഷ്ട്രീയ മാറ്റങ്ങൾ മലയാളി സമൂഹം ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്കിടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടിയേറ്റം കുറയ്ക്കാനുള്ള വൺ നേഷൻ്റെ നയങ്ങൾ പ്രാബല്യത്തിൽ വന്നാൽ, അത് Skilled തൊഴിലാളികൾക്കും വിദേശ വിദ്യാർത്ഥികൾക്കും വലിയ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW