പോളിൻ ഹാൻസൻ്റെ പുതിയ വിസ നയം; അന്താരാഷ്ട്ര വിദ്യാർത്ഥികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വരുമോ?
ഓസ്‌ട്രേലിയയിലെ വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ലക്ഷ്യമിട്ടുള്ള pauline hanson international student visa നയപ്രഖ്യാപനം രാജ്യത്ത് ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികൾ പുതിയ വിസയ്‌ക്കോ കോഴ്‌സിനോ അപേക്ഷിക്കുന്നതിന് മുമ്പ് സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന വൺ നേഷൻ നേതാവ് പോളിൻ ഹാൻസൻ്റെ (Pauline Hanson) നിർദ്ദേശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇത് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്നതിനൊപ്പം ഓസ്ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്.
‘കോഴ്‌സ് ഹോപ്പിംഗ്’ തടയാൻ കർശന നിയന്ത്രണങ്ങൾ
വലിയ ഫീസ് ഈടാക്കുന്ന യൂണിവേഴ്സിറ്റി കോഴ്സുകളിൽ ചേർന്ന ശേഷം, ജോലിക്കായി മാത്രം കുറഞ്ഞ ഫീസുള്ള വൊക്കേഷണൽ കോഴ്സുകളിലേക്ക് (VET) മാറുന്ന പ്രവണതയായ ‘കോഴ്സ് ഹോപ്പിംഗ്’ (course-hopping) അവസാനിപ്പിക്കാനാണ് ഹാൻസൻ പ്രധാനമായും ലക്ഷ്യമിടുന്നത്. പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് നിലവിൽ ലഭിക്കുന്ന ബ്രിഡ്ജിംഗ് വിസകൾ (Bridging Visas) റദ്ദാക്കണമെന്നും, വിസ അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അഡ്മിനിസ്ട്രേറ്റീവ് റിവ്യൂ ട്രൈബ്യൂണലിൽ (ART) അപ്പീൽ നൽകാനുള്ള അവസരം പരിമിതപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
വ്യാജ അഭയാർത്ഥി ക്ലെയിമുകൾ ഉന്നയിച്ച് വിസ നീട്ടിയെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ഹാൻസൻ വ്യക്തമാക്കി. ഓസ്‌ട്രേലിയക്കാരുടെ തൊഴിലും പാർപ്പിടവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നയമെന്നാണ് വൺ നേഷൻ്റെ വിശദീകരണം.
തൊഴിൽ മേഖലയിൽ കടുത്ത പ്രതിസന്ധിക്ക് സാധ്യത
ഹാൻസൻ്റെ നയം നടപ്പിലായാൽ രാജ്യത്തെ വാടക വീടുകളുടെ ക്ഷാമത്തിന് നേരിയ പരിഹാരമാകുമെങ്കിലും, റെസ്റ്റോറന്റുകൾ, കഫേകൾ, ഊബർ, റീട്ടെയിൽ തുടങ്ങിയ മേഖലകളിൽ കടുത്ത ജീവനക്കാരുടെ ക്ഷാമത്തിന് കാരണമാകുമെന്ന് ഉന്നത വിദ്യാഭ്യാസ നയ വിദഗ്ധനായ പ്രൊഫസർ ആൻഡ്രൂ നോർട്ടൺ (Professor Andrew Norton) മുന്നറിയിപ്പ് നൽകി. ‘ദി നൈറ്റ്‌ലി’ പത്രത്തിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ 48 മണിക്കൂർ വരെയും അവധിക്കാലത്ത് മുഴുവൻ സമയവും ജോലി ചെയ്യാൻ അനുമതിയുണ്ട്. ഈ തൊഴിലാളികളെ ആശ്രയിക്കുന്ന ബിസിനസുകളെ ഹാൻസൻ്റെ നയം ദോഷകരമായി ബാധിക്കും. കോവിഡ് കാലത്ത് വിദേശ വിദ്യാർത്ഥികളുടെ കുറവ് മൂലം രാജ്യത്തെ സേവന മേഖലകൾ നേരിട്ട സമാനമായ പ്രതിസന്ധി ഇത് വീണ്ടും സൃഷ്ടിക്കുമെന്നാണ് പ്രധാന ആശങ്ക. കൂടാതെ, യാഥാർത്ഥമായി കോഴ്‌സ് മാറ്റാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെയും ഈ നിയമം പ്രതികൂലമായി ബാധിക്കും.
നടപടികൾ കടുപ്പിച്ച് ആൽബനീസീ സർക്കാരും
അതേസമയം, നിലവിലെ ആൽബനീസീ സർക്കാരും (Albanese Government) വിദ്യാർത്ഥി വിസ നിയമങ്ങളിൽ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. വ്യാജ ഏജൻസികളെ തടയുന്നതിൻ്റെ ഭാഗമായി, സ്വകാര്യ വിഇടി (VET) പ്രൊവൈഡർമാർക്ക് പുതിയ രജിസ്ട്രേഷൻ നൽകുന്നത് 2027 മെയ് 19 വരെ സർക്കാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യ, നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളിൽ ഇതിനകം തന്നെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
News by
Sajin Thiruvallam
News Editor

News Editor