പെനി വോങ്ങിന്റെ നിർണ്ണായക നീക്കം; ഭീകരർക്ക് പൂട്ടുവീഴും
കാൻബറ: ഭീകരവാദ പ്രവർത്തനങ്ങൾക്കും തീവ്രവാദത്തിനുമെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA), സംഘടനയുടെ മൂന്ന് മുതിർന്ന നേതാക്കൾ എന്നിവർക്ക് ഓസ്‌ട്രേലിയൻ സർക്കാർ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. പാകിസ്ഥാനിലുടനീളം സാധാരണക്കാർക്കും വിദേശ പൗരന്മാർക്കും ഭരണകൂടത്തിനും നേരെ ബിഎൽഎ നടത്തിവരുന്ന അതിക്രൂരമായ ഭീകരാക്രമണങ്ങളെ തുടർന്നാണ് വിദേശകാര്യമന്ത്രി പെനി വോങ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
ഭീകരവാദത്തോടുള്ള ഓസ്‌ട്രേലിയയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഭീകരർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം തടയുന്നതിലൂടെ അവരുടെ പ്രവർത്തനങ്ങൾ, റിക്രൂട്ട്‌മെന്റ്, ആശയപ്രചാരണം എന്നിവ ദുർബലപ്പെടുത്താൻ സാധിക്കും. അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് സുരക്ഷാ ഭീഷണികളെ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
ഉപരോധം ഏർപ്പെടുത്തിയ വ്യക്തികളുമായോ സംഘടനയുമായോ ഏതെങ്കിലും തരത്തിലുള്ള ആസ്തി ഇടപാടുകൾ നടത്തുന്നത് ഓസ്‌ട്രേലിയൻ നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും 10 വർഷം വരെ തടവുശിക്ഷയും ലഭിക്കും. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും മുൻനിർത്തി നടപ്പിലാക്കിയ ഈ നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിദേശകാര്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.