വീട് മുഴുവൻ കഞ്ചാവ് കൃഷി; 43-കാരൻ അറസ്റ്റിൽ
സാലിസ്ബറി ഈസ്റ്റ്: ഒരു വീട് മുഴുവനായി കഞ്ചാവ് കൃഷിക്കായി മാറ്റിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ സൗത്ത് ഓസ്ട്രേലിയ പൊലീസിന്റെ പിടിയിലായി. സാലിസ്ബറി ഈസ്റ്റിലെ ഒരു വീട്ടിൽ കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് 3:30 ഓടെ നോർത്തേൺ ഡിസ്ട്രിക്റ്റ് പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്.
വീടിന്റെ എല്ലാ ഭാഗങ്ങളും ഹൈഡ്രോപോണിക് രീതിയിലുള്ള കഞ്ചാവ് കൃഷിക്കായി രൂപമാറ്റം വരുത്തിയ നിലയിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിശദമായ പരിശോധനയിൽ ആകെ 193 കഞ്ചാവ് ചെടികളും കൃഷിക്കായി ഉപയോഗിച്ചിരുന്ന നൂതന ഹൈഡ്രോപോണിക് ഉപകരണങ്ങളും പൊലീസ് ഇവിടെ നിന്നും പിടിച്ചെടുത്തു.

Photo : SA Police
ഇത്രയും വലിയ കൃഷിക്കായി വൈദ്യുതി മീറ്റർ ബൈപ്പാസ് ചെയ്ത് അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.എ പവർ നെറ്റ്‌വർക്ക്സ് (SA Power Networks) ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും, വൈദ്യുതി മോഷണം സ്ഥിരീകരിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഈ വീട്ടിൽ താമസിച്ചിരുന്ന 43 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ നിരോധിത സസ്യങ്ങൾ കൃഷി ചെയ്യുക, നിരോധിത ഉപകരണങ്ങൾ കൈവശം വെക്കുക, വൈദ്യുതി മോഷ്ടിക്കുക എന്നീ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിക്ക് ജാമ്യം നിഷേധിച്ച പൊലീസ്, ഇയാളെ ഇന്ന് എലിസബത്ത് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അറിയിച്ചു.
News by
Sajin Thiruvallam
News Editor

News Editor