സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അമിത ഫീസിന് കടിഞ്ഞാണിടാൻ സർക്കാർ; ഫീസ് വിവരങ്ങൾ ഇനി പരസ്യമാക്കും
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അമിത ഫീസ് നിയന്ത്രിക്കാനും ചികിത്സാ രംഗത്ത് സുതാര്യത ഉറപ്പുവരുത്താനും കർശന നടപടികളുമായി ഫെഡറൽ സർക്കാർ. ഉയർന്ന ചികിത്സാച്ചെലവ് ഭയന്ന് പലരും വിദഗ്ധ ചികിത്സ തേടാൻ മടിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലർ വ്യക്തമാക്കി. എബിസി അഡ്‌ലെയ്ഡ് റേഡിയോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ ആദ്യ ഭരണകാലത്ത് ജനറൽ പ്രാക്ടീഷണർമാരുടെ (GP) ബൾക്ക് ബില്ലിംഗ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് മുൻഗണന നൽകിയത്. അത് വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞു. സർക്കാരിന്റെ രണ്ടാം ഊഴത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഫീസ് നിരക്കുകൾ നിയന്ത്രിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഫീസ് വിവരങ്ങൾ സർക്കാർ പ്രസിദ്ധീകരിക്കും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഫീസ് വിവരങ്ങൾ നിർബന്ധമായും പ്രസിദ്ധീകരിക്കുന്നതിനുള്ള പുതിയ നിയമനിർമ്മാണം പാർലമെന്റിൽ പുരോഗമിക്കുകയാണ്. മുൻ സർക്കാർ ഇതിനായി ‘മെഡിക്കൽ കോസ്റ്റ് ഫൈൻഡർ’ എന്നൊരു വെബ്സൈറ്റ് ആരംഭിച്ചിരുന്നെങ്കിലും അത് പരാജയമായിരുന്നു. രാജ്യത്തെ പതിനായിരക്കണക്കിന് വരുന്ന സ്പെഷ്യലിസ്റ്റുകളിൽ കേവലം വിരലിലെണ്ണാവുന്നവർ (കുറച്ച് ഡസൻ ഡോക്ടർമാർ മാത്രം) മാത്രമാണ് തങ്ങളുടെ ഫീസ് വിവരങ്ങൾ അതിൽ നൽകിയത്. ഈ പരാജയം ഉൾക്കൊണ്ടാണ് പുതിയ മാറ്റങ്ങൾ സർക്കാർ കൊണ്ടുവരുന്നത്. ഇനിമുതൽ സർക്കാർ തന്നെ എല്ലാ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും ഫീസ് വിവരങ്ങൾ ശേഖരിച്ച് ജനങ്ങൾക്ക് കാണാൻ സാധിക്കുന്ന രീതിയിൽ ഓൺലൈനായി പ്രസിദ്ധീകരിക്കും.
രോഗികൾക്ക് ഡോക്ടറെ സ്വയം തിരഞ്ഞെടുക്കാം ഒരേ ചികിത്സയ്ക്ക് തന്നെ പല ഡോക്ടർമാരും വളരെ വ്യത്യസ്തമായ നിരക്കുകളാണ് നിലവിൽ ഈടാക്കുന്നത്. ഇതിനൊരു മാറ്റം കൊണ്ടുവരാൻ ഫീസ് നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിനുപുറമെ, ജനറൽ പ്രാക്ടീഷണർമാർ നൽകുന്ന റഫറലുകളിൽ മാറ്റം വരുത്തി ‘ഓപ്പൺ റഫറൽ’ (Open Referral) സംവിധാനം നടപ്പിലാക്കാനും ആലോചിക്കുന്നുണ്ട്. ഇതുവഴി, റഫറൽ ലഭിക്കുന്ന രോഗികൾക്ക് വെബ്സൈറ്റ് വഴി ഫീസ് വിവരങ്ങൾ പരിശോധിച്ച ശേഷം, തങ്ങൾക്ക് താങ്ങാനാവുന്ന ഫീസ് ഈടാക്കുന്ന സ്പെഷ്യലിസ്റ്റിനെ സ്വയം തിരഞ്ഞെടുക്കാൻ സാധിക്കും.
മെഡികെയർ റിബേറ്റ് റദ്ദാക്കുമോ? അമിതമായ രീതിയിൽ ഫീസ് ഈടാക്കുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ മെഡികെയർ റിബേറ്റ് (Medicare rebate) റദ്ദാക്കണമെന്ന ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശം തള്ളിക്കളയുന്നില്ലെന്നും മന്ത്രി മാർക്ക് ബട്ട്‌ലർ സൂചിപ്പിച്ചു. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എങ്കിലും, ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനുള്ള എല്ലാ വഴികളും സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
News by
Sajin Thiruvallam
News Editor

News Editor