ഓസ്ട്രേലിയയിൽ ഫലസ്തീൻ വിരുദ്ധത രൂക്ഷം; അടിയന്തര നടപടി വേണമെന്ന് ആവശ്യം
ഓസ്‌ട്രേലിയയിൽ ഫലസ്തീൻ വിരുദ്ധ വംശീയത (anti-Palestinian racism) ആശങ്കാജനകമാംവിധം വർദ്ധിച്ചുവരുന്നതായി പുതിയ റിപ്പോർട്ട്. ഓസ്‌ട്രേലിയ ഫലസ്തീൻ അഡ്വക്കസി നെറ്റ്‌വർക്ക് (APAN) പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തെ വിവിധ മേഖലകളിൽ വർദ്ധിച്ചുവരുന്ന വിവേചനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
2023 ഒക്ടോബർ മുതൽ തൊഴിലിടങ്ങൾ, മാധ്യമങ്ങൾ, സ്‌കൂളുകൾ, സർവകലാശാലകൾ, ആരോഗ്യ മേഖല, പൊതു സ്ഥാപനങ്ങൾ തുടങ്ങിയ വിവിധ ഇടങ്ങളിൽ ഫലസ്തീൻ ജനതയ്‌ക്കെതിരായ വംശീയത വലിയ തോതിൽ വർദ്ധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിയമനിർമ്മാണങ്ങളിലും നയരൂപീകരണങ്ങളിലും വരെ ഇത്തരം വംശീയതയുടെ സ്വാധീനമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ സാഹചര്യത്തിൽ ആന്റണി അൽബനീസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സെനറ്റർ ലിഡിയ തോർപ്പ് ആവശ്യപ്പെട്ടു. രാജ്യത്ത് എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാൻ ‘നാഷണൽ ആന്റി-റേസിസം ഫ്രെയിംവർക്ക്’ (National Anti-Racism Framework) പൂർണ്ണമായും നടപ്പിലാക്കണമെന്നും അവർ അഭ്യർത്ഥിച്ചു. ഫലസ്തീൻ ജനതയെയും ഗാസയിലെ വംശഹത്യക്കെതിരെ സംസാരിക്കുന്നവരെയും നിശബ്ദരാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തുടനീളം പ്രതിഷേധ നിയമങ്ങൾ കർശനമാക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ഇത് പൂർണ്ണമായും ജനാധിപത്യ വിരുദ്ധമാണെന്നും വംശഹത്യയിലുള്ള ഭരണകൂടത്തിന്റെ പങ്കാളിത്തമാണെന്നും ലിഡിയ തോർപ്പ് കൂട്ടിച്ചേർത്തു.
സർക്കാർ ആന്റി-സെമിറ്റിസത്തിൽ (anti-semitism) മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മറ്റ് വിഭാഗങ്ങൾ നേരിടുന്ന വിവേചനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും, ഇത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പാണെന്നും അവർ വിമർശിച്ചു. സ്വന്തം സ്വത്വവും സംസ്കാരവും പ്രകടിപ്പിക്കുന്നതിന്റെ പേരിൽ ആരും വേട്ടയാടപ്പെടാൻ പാടില്ല. ഒരു അബൊറിജിനൽ വനിത എന്ന നിലയിൽ ഇത്തരം വംശീയത നേരിടുന്നതിന്റെ വേദന തനിക്ക് മനസ്സിലാകുമെന്നും, ഭരണകൂടം ഇത്തരം വിഷയങ്ങളിൽ പുലർത്തുന്ന മൗനം ഭയാനകമാണെന്നും ലിഡിയ തോർപ്പ് വ്യക്തമാക്കി.
News by
Sajin Thiruvallam
News Editor

News Editor