ട്രാക്ടറുകൾക്കുള്ളിൽ കോടികളുടെ കൊക്കെയ്ൻ; പിടികൂടിയത് 50 കിലോയിലധികം മയക്കുമരുന്ന്

admin ഏപ്രിൽ 12, 2026
ട്രാക്ടറുകൾക്കുള്ളിൽ കോടികളുടെ കൊക്കെയ്ൻ; പിടികൂടിയത് 50 കിലോയിലധികം മയക്കുമരുന്ന്

ഓസ്‌ട്രേലിയൻ ഈസ്റ്റ് കോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. കാർഷികാവശ്യങ്ങൾക്കുള്ള ട്രാക്ടറുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 50 കിലോയിലധികം കൊക്കെയ്ൻ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (ABF) പിടികൂടി. രണ്ട് വ്യത്യസ്ത കൺസൈൻമെൻ്റുകളിലായി എത്തിയ യന്ത്രങ്ങളിലാണ് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.

ഈ മാസം 6-ന് തിങ്കളാഴ്ച ബ്രിസ്ബേനിലാണ് ആദ്യത്തെ പരിശോധന നടന്നത്. മാരിടൈം ഓപ്പറേഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിൽ, ന്യൂ സൗത്ത് വെയിൽസിലെ പോർട്ട് കെംബ്ലയിലേക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയിരുന്ന ഒരു പച്ച ട്രാക്ടറിനുള്ളിൽ നിന്ന് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ 19 ബ്ലോക്കുകൾ കണ്ടെടുത്തു. പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചു. മൊത്തം 22.25 കിലോ കൊക്കെയ്ൻ ആണ് ഇവിടെ നിന്ന് പിടികൂടിയത്. ഇതിന് ഏകദേശം 7.1 ദശലക്ഷം ഡോളർ (7.1 million AUD) വിലവരുമെന്നാണ് കണക്കാക്കുന്നത്.

ഇതിന്റെ തുടർച്ചയായി, പോർട്ട് കെംബ്ലയിൽ വെച്ച് മാരിടൈം ഓപ്പറേഷൻസ് ഉദ്യോഗസ്ഥർ മറ്റൊരു കപ്പലിലും പരിശോധന നടത്തി. മെൽബണിലേക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയിരുന്ന ഒരു മഞ്ഞ ട്രാക്ടറിനുള്ളിൽ നിന്ന് മറ്റൊരു ഡഫിൾ ബാഗ് കൂടി കണ്ടെത്തി. ഇതിലും കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 30 കിലോ മയക്കുമരുന്നാണ് ഈ ബാഗിലുണ്ടായിരുന്നത്.

സംഭവത്തിൽ മയക്കുമരുന്ന് ശേഖരം പൂർണ്ണമായി പിടിച്ചെടുക്കുകയും, ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

നിയമപരമായ വ്യാപാര മാർഗ്ഗങ്ങളിലൂടെ മയക്കുമരുന്ന് കടത്താനുള്ള ക്രിമിനൽ സംഘങ്ങളുടെ ശ്രമങ്ങൾ തടയുന്നതിൽ തങ്ങൾ എപ്പോഴും ജാഗരൂകരാണെന്ന് എബിഎഫ് (ABF) മാരിടൈം ഓപ്പറേഷൻസ് ക്വീൻസ്‌ലാൻഡ് സൂപ്രണ്ട് ജിം ലേ വ്യക്തമാക്കി. “അതിർത്തിയിൽ പിടിക്കപ്പെടാതിരിക്കാൻ ഹെവി മെഷിനറികൾ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള തന്ത്രങ്ങളാണ് ക്രിമിനൽ സംഘങ്ങൾ പ്രയോഗിക്കുന്നത്. എന്നാൽ ഞങ്ങളുടെ ഉദ്യോഗസ്ഥർ ഈ തന്ത്രങ്ങളെക്കുറിച്ച് ബോധവാന്മാരാണ്, ഇത്തരം ശ്രമങ്ങൾ ഞങ്ങൾ തുടർന്നും പരാജയപ്പെടുത്തും,” സൂപ്രണ്ട് ജിം ലേ പറഞ്ഞു. തങ്ങളുടെ ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യവും പ്രൊഫഷണലിസവുമാണ് ഈ കണ്ടെത്തലിലൂടെ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയയുടെ അതിർത്തി സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് വിവരമുള്ളവർ 1800 333 000 എന്ന നമ്പറിലോ, ബോർഡർ വാച്ച് (Border Watch) ഓൺലൈൻ പോർട്ടൽ വഴിയോ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

Photos : ABF


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW