ഒരാൾ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിലൂടെ കൈമാറുന്നതായി വിവരം ; പ്രതിക്ക് 15 വർഷം തടവ് ജാഗ്രതരാവണം ഓസ്ട്രേലിയൻ മലയാളി സമൂഹവും
ബ്രിസ്ബേൻ: ഓസ്ട്രേലിയൻ മലയാളി സമൂഹമടക്കം രാജ്യത്തെ മുഴുവൻ മാതാപിതാക്കൾക്കും വലിയൊരു മുന്നറിയിപ്പായി മാറുകയാണ് ക്വീൻസ്ലൻഡിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത. കുട്ടികൾക്കെതിരായ ഗുരുതരമായ ലൈംഗികാതിക്രമങ്ങൾ നടത്തിയ കേസുകളിൽ നോർത്ത് ലേക്ക്സ് സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരന് ബ്രിസ്ബേൻ സുപ്രീം കോടതി 15 വർഷത്തെ കഠിനതടവ് വിധിച്ചു. ഈ മാസം 1-നായിരുന്നു കോടതി ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. ശിക്ഷിക്കപ്പെട്ട വ്യക്തി കുറഞ്ഞത് ഏഴ് വർഷവും ആറുമാസവും ജയിലിൽ കഴിയണമെന്ന് കോടതി കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
എഫ്.ബി.ഐ നൽകിയ വിവരം; എ.എഫ്.പിയുടെ മിന്നൽ പരിശോധന
ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരാൾ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിലൂടെ കൈമാറുന്നതായി അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ (FBI) യാണ് ഓസ്ട്രേലിയൻ സെന്റർ ടു കൗണ്ടർ ചൈൽഡ് എക്സ്പ്ലോയിറ്റേഷന് (ACCCE) ആദ്യം വിവരം നൽകിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് (AFP) നടത്തിയ രഹസ്യാന്വേഷണത്തിലാണ് 2024 ജൂണിൽ പ്രതിയെ നോർത്ത് ലേക്ക്സിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. എ.എഫ്.പിയും ക്വീൻസ്ലൻഡ് പോലീസ് ടാസ്ക്ഫോഴ്സ് ആർഗോസും (Taskforce Argos) സംയുക്തമായാണ് അറസ്റ്റും റെയ്ഡും നടത്തിയത്.
ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
പ്രതിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതി തത്സമയം (live stream) സംപ്രേക്ഷണം ചെയ്തതായും, ഇവ എൻക്രിപ്റ്റഡ് പ്ലാറ്റ്ഫോമുകൾ വഴി സമാന ചിന്താഗതിയുള്ള മറ്റ് കുറ്റവാളികളുമായി പങ്കുവെച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
കോടതിയിൽ കുറ്റം സമ്മതിച്ച് പ്രതി
കോമൺവെൽത്ത് ക്രിമിനൽ കോഡും ക്വീൻസ്ലൻഡ് ക്രിമിനൽ കോഡും അനുസരിച്ച് ചുമത്തപ്പെട്ട ഏഴ് വ്യത്യസ്ത കുറ്റകൃത്യങ്ങൾ പ്രതി കോടതിയിൽ സമ്മതിച്ചു. ഇതിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെച്ചതും, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകൾ വഴി അവ പ്രചരിപ്പിച്ചതും, 16 വയസ്സിന് താഴെയുള്ള കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയതും ഉൾപ്പെടുന്നു. ഈ ഏഴ് കുറ്റങ്ങൾക്കുമായി ആകെ 48 വർഷത്തെ തടവാണ് വിധിച്ചതെങ്കിലും, ഇവയെല്ലാം ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ (served concurrently) മൊത്തം ശിക്ഷാ കാലാവധി 15 വർഷമായി നിജപ്പെടുത്തുകയായിരുന്നു. ഇതിനുപുറമെ, ഇയാൾക്കെതിരെ ക്വീൻസ്ലൻഡ് പൊലീസ് ചുമത്തിയിട്ടുള്ള ഗാർഹിക പീഡന കേസുകൾ കോടതിയുടെ പരിഗണനയിലുണ്ട്.
ഓൺലൈൻ സുരക്ഷ: പൊലീസിന്റെ മുന്നറിയിപ്പുകൾ
കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ നിയമപാലകർ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് എ.എഫ്.പി കമാൻഡർ ജോആൻ കാമറൂൺ വ്യക്തമാക്കി. “ഞങ്ങളുടെ കണ്ടെത്തൽ സംവിധാനങ്ങൾ വളരെ ആധുനികമാണ്. ഓൺലൈനിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയോ പങ്കുവെക്കുകയോ ചെയ്താൽ നിങ്ങൾ പിടിക്കപ്പെടുക തന്നെ ചെയ്യും,” അവർ മുന്നറിയിപ്പ് നൽകി. എ.എഫ്.പിയുടെയും മറ്റ് ഏജൻസികളുടെയും സംയുക്തമായ പ്രവർത്തനത്തിന്റെ വിജയമാണ് ഈ വിധിയെന്ന് ക്വീൻസ്ലൻഡ് പോലീസ് ഡിറ്റക്ടീവ് ആക്ടിങ് ഇൻസ്പെക്ടർ ലെസ് ലൂക്കാസ് കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയൻ മലയാളി സമൂഹത്തിന്റെ ശ്രദ്ധയ്ക്ക്:
ഓൺലൈൻ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് കുട്ടികളെയും മാതാപിതാക്കളെയും ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽചൂണ്ടുന്നത്. നമ്മുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് മാതാപിതാക്കൾക്ക് കൂടുതൽ അറിയാൻ എ.എഫ്.പി നേതൃത്വം നൽകുന്ന ThinkUKnow വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
കുട്ടികൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചോ ഓൺലൈൻ ചൂഷണങ്ങളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ അത് ACCCE-യെ അറിയിക്കുക.
ഏതെങ്കിലും കുട്ടി അപകടത്തിലാണെന്ന് തോന്നുകയോ, അതിക്രമം നേരിട്ട് കാണുകയോ ചെയ്താൽ അടിയന്തരമായി 000 എന്ന നമ്പറിൽ പോലീസിനെ വിളിക്കുക.
News by
Sajin Thiruvallam
News Editor

News Editor