ഓസ്ട്രേലിയയിൽ സുരക്ഷ ശക്തമാക്കുന്നു: നവീകരിച്ച NFID പ്രവർത്തനമാരംഭിച്ചു
ഓസ്ട്രേലിയൻ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപാലകരുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി സുപ്രധാന ചുവടുവെപ്പുമായി ആൽബനീസീ ലേബർ സർക്കാർ. രാജ്യത്തെ തോക്കുകളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി നവീകരിച്ച ‘നാഷണൽ ഫയർആം ഐഡന്റിഫിക്കേഷൻ ഡാറ്റാബേസ്’ (NFID) ഇന്ന് മുതൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ നാഷണൽ ഫയർആംസ് രജിസ്റ്റർ (NFR) പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പുതിയ ഡാറ്റാബേസ് അവതരിപ്പിച്ചിരിക്കുന്നത്.
വിവരങ്ങൾ കൂടുതൽ കൃത്യം: തോക്കുകളുടെ നിർമ്മാതാക്കൾ (make), മോഡൽ, കാലിബർ, കപ്പാസിറ്റി എന്നിവ രാജ്യത്തുടനീളം ഒരേ മാനദണ്ഡത്തിൽ കൃത്യമായി തിരിച്ചറിയാൻ ഈ സംവിധാനം സഹായിക്കും.
19,000-ത്തിലധികം പുതിയ ടെംപ്ലേറ്റുകൾ: തോക്കുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമായി 19,000-ത്തിലധികം ഫയർആംസ് ടെംപ്ലേറ്റുകൾ പുതിയ ദേശീയ മാനദണ്ഡങ്ങൾക്കനുസരിച്ച് ഡാറ്റാബേസിൽ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
നവീകരിച്ച പോർട്ടലുകൾ: പൊതുജനങ്ങൾക്കും പോലീസിനുമായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പോർട്ടലുകൾ കൂടുതൽ ലളിതമാക്കി. വിവരങ്ങൾ എളുപ്പത്തിൽ തിരയാനും (search functionality) നാവിഗേറ്റ് ചെയ്യാനുമുള്ള സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പബ്ലിക് പോർട്ടൽ: നിയമവിധേയമായി തോക്കുകൾ കൈവശം വെക്കുന്നവർക്കും തോക്ക് ഡീലർമാർക്കും സുതാര്യവും കൃത്യവുമായ വിവരങ്ങൾ ലഭ്യമാക്കാൻ ഇത് സഹായിക്കും.
പൊലീസ് പോർട്ടൽ: തോക്കുകളുടെ രജിസ്ട്രേഷൻ, ഇറക്കുമതി, ഉടമസ്ഥാവകാശ കൈമാറ്റം, വ്യത്യസ്ത സംസ്ഥാന അതിർത്തികൾ കടന്നുള്ള നീക്കങ്ങൾ എന്നിവ കൃത്യമായി നിരീക്ഷിക്കാനും രേഖപ്പെടുത്താനും നിയമപാലകർക്ക് ഈ പോർട്ടൽ വലിയ സഹായമാകും.
നിയമങ്ങളിൽ മാറ്റമില്ല
പുതിയ ഡാറ്റാബേസ് നിലവിൽ വന്നതുവഴി നിലവിലുള്ള നിയമങ്ങളിലോ പോളിസികളിലോ ആക്സസ് പെർമിഷനുകളിലോ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. അതിനാൽ ഉപയോക്താക്കൾ ഇതിനായി പ്രത്യേകം നടപടികൾ ഒന്നും തന്നെ സ്വീകരിക്കേണ്ടതില്ല.
ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ പോലീസിന് കരുത്തേകും: മന്ത്രി ടോണി ബർക്ക്
ഈ പുതിയ അപ്ഡേറ്റ് രാജ്യത്തെ തോക്കുകളുടെ വിവരശേഖരണം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് പറഞ്ഞു. “പൊലീസിനും മറ്റ് റെഗുലേറ്ററി അതോറിറ്റികൾക്കും അവരുടെ ജോലി കൂടുതൽ കാര്യക്ഷമമായി ചെയ്യാൻ തോക്കുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അത്യാവശ്യമാണ്. നിലവിലുള്ള നിയമങ്ങൾ മാറ്റാതെ തന്നെ, നാഷണൽ ഫയർആംസ് രജിസ്റ്ററിന്റെ അടിത്തറ ശക്തമാക്കാൻ ഈ അപ്ഡേറ്റിലൂടെ സാധിച്ചു. തോക്കുകൾ ഉപയോഗിച്ചുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ തടയാനും സമൂഹത്തിന് മികച്ച സുരക്ഷ നൽകാനും ആവശ്യമായ കൃത്യമായ വിവരങ്ങൾ ഇതിലൂടെ പോലീസിന് ലഭിക്കും,” അദ്ദേഹം വ്യക്തമാക്കി.
ഭാവി പദ്ധതികൾ
2026-ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന നാഷണൽ ഫയർആംസ് രജിസ്റ്റർ (NFR) പദ്ധതിയുടെ ആദ്യത്തെ വലിയ നാഴികക്കല്ലാണിത്. വരും നാളുകളിൽ ലൈസൻസ് – പെർമിറ്റ് വെരിഫിക്കേഷൻ, അതിർത്തികൾ കടന്നുള്ള തോക്കുകളുടെ നീക്കം നിരീക്ഷിക്കൽ തുടങ്ങിയ കൂടുതൽ സംവിധാനങ്ങൾ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് നടപ്പിലാക്കാനും ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ തോക്കുകളുടെ പൂർണ്ണമായ വിവരങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.