വിക്ടോറിയയ്ക്ക് കരുത്തായി കേന്ദ്ര-സംസ്ഥാന സഹകരണം: മെൽബണിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയും പ്രീമിയറും

Photo : File photo
മെൽബൺ: ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാരും വിക്ടോറിയൻ സംസ്ഥാന സർക്കാരും തമ്മിലുള്ള സഹകരണം മുൻപെങ്ങുമില്ലാത്ത വിധം ശക്തമായെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഇന്ന് മെൽബണിൽ നടന്ന മന്ത്രിതല യോഗത്തിൽ വിക്ടോറിയൻ പ്രീമിയർ ജസീന്ത അലനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും ഭാവി പദ്ധതികളും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു.

ആരോഗ്യമേഖലയിലെ വൻ നിക്ഷേപം:
ദേശീയ ആരോഗ്യ പരിഷ്കരണ കരാറിന്റെ (National Health Reform Agreement) ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപമാണ് ആരോഗ്യമേഖലയിൽ നടപ്പാക്കുന്നത്. ഇതിനുപുറമെ, മെഡികെയർ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ബൾക്ക് ബില്ലിംഗ് ഇൻസെന്റീവ്’ മൂന്നിരട്ടിയാക്കിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സാധാരണക്കാർക്ക് ആശ്വാസമേകുന്നതിനായി പിബിഎസ് (PBS) മരുന്നുകളുടെ വില പൊതുവിഭാഗത്തിന് 25 ഡോളറായും, കൺസെഷൻ കാർഡ് ഉടമകൾക്ക് 7.70 ഡോളറായും നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പുതിയ ‘അർജന്റ് കെയർ ക്ലിനിക്കുകൾ’ (Urgent Care Clinics) ആരംഭിച്ചതും, വിക്ടോറിയൻ സർക്കാർ നടപ്പിലാക്കുന്ന സൗജന്യ വിർച്വൽ എമർജൻസി ഡിപ്പാർട്ട്‌മെന്റുകളും ഫാർമസികൾ വഴിയുള്ള ചികിത്സാ സൗകര്യങ്ങളും ജനങ്ങളുടെ സമയവും പണവും ലാഭിക്കാൻ സഹായിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി.

വിദ്യാഭ്യാസത്തിന് മുൻഗണന:
ഓസ്‌ട്രേലിയയിൽ പൊതുവിദ്യാലയങ്ങൾക്ക് പൂർണ്ണവും ന്യായവുമായ ഫണ്ടിംഗ് (Full and Fair Funding) ഉറപ്പാക്കുന്ന കരാറിൽ ഒപ്പുവെച്ച ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് വിക്ടോറിയ എന്ന് പ്രധാനമന്ത്രി ആൽബനീസ് പറഞ്ഞു. ഇതിനായുള്ള ഫണ്ട് വിതരണം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. സൗജന്യ ടേഫ് (Free TAFE) ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ വിദ്യാഭ്യാസ മേഖലയിൽ തുല്യലക്ഷ്യങ്ങളോടെയാണ് ഇരു സർക്കാരുകളും മുന്നോട്ടുപോകുന്നതെന്ന് പ്രീമിയർ ജസീന്ത അലൻ വ്യക്തമാക്കി.

വിക്ടോറിയയുടെ വികസന കുതിപ്പ്:
കഴിഞ്ഞ കാലങ്ങളിൽ ഫെഡറൽ ബജറ്റിന്റെ 8 ശതമാനം മാത്രം ലഭിച്ചിരുന്ന വിക്ടോറിയയ്ക്ക്, ആൽബനീസ് സർക്കാരിന്റെ വരവോടെർ അർഹമായ പരിഗണന ലഭിക്കുന്നുണ്ടെന്ന് പ്രീമിയർ ജസീന്ത അലൻ പറഞ്ഞു. മെൽബൺ നഗരം രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറിക്കൊണ്ടിരിക്കെ, അതിനെ പിന്തുണയ്ക്കുന്ന വൻകിട പദ്ധതികളാണ് നടപ്പിലാക്കുന്നത്. എയർപോർട്ട് റെയിൽ, നോർത്ത് ഈസ്റ്റ് ലിങ്ക്, സബർബൻ റെയിൽ ലൂപ്പ് തുടങ്ങിയ വമ്പൻ ഗതാഗത പദ്ധതികൾക്ക് കാൻബറയിൽ നിന്ന് ലഭിക്കുന്ന പിന്തുണ വിക്ടോറിയൻ ജനതയ്ക്ക് വലിയ ആശ്വാസമാണ്.
ജീവിതച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ സാമ്പത്തിക ബാധ്യതയും സമയനഷ്ടവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു സർക്കാരുകളും പ്രവർത്തിക്കുന്നതെന്നും, വിക്ടോറിയയെ കേൾക്കുന്ന, പിന്തുണയ്ക്കുന്ന ഒരു ഭരണകൂടമാണ് ഇപ്പോൾ കേന്ദ്രത്തിലുള്ളതെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.
